മകന്‍റെ കല്യാണം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി……. മകനെയും ഭാര്യയെയും മുറിയിലാക്കി വാതിലടച്ചു……. അകത്തെ മുറിയില്‍ മകളും ഭര്‍ത്താവും കുഞ്ഞും ഉറങ്ങാന്‍ കിടക്കുന്നു…….
രാത്രി ഏറേ വൈകിയിരിക്കുന്നു…. രുഗ്മിണി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. ജനാലയിലൂടെ നിലാവ് മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ട്…… കാമുകിയെ ഒളിഞ്ഞു നോക്കുന്ന കാമുകനെ പോലെ….. ഒടുവില്‍ ഒരു തീരുമാനത്തിലെത്തിയപോലെ ടേബിള്‍ ലാംപ് ഓണ്‍ ചെയ്തു പേപ്പറു പേനയും എടുത്തു എഴുതാന്‍ ഇരുന്നു……

ഒരു കാലത്ത് കഥയും കവിതയും മാത്രം വിരിഞ്ഞു ഇറങ്ങിയിരുന്ന തന്റെ കൈവിരലുകള്‍ വര്‍ഷങ്ങളായി കണക്കു കൂട്ടാന്‍ മാത്രമായിരുന്നു എഴുതിയിരുന്നത്…….
ഒട്ടും വികാരക്ഷോഭമില്ലാതെ ഒരോ വാക്കുകളും പേപ്പറില്‍ പകര്‍ത്തുമ്പോള്‍ അവരുടെ മുഖം തെളിഞ്ഞൂ തന്നെയിരുന്നു……
” എന്‍റെ പ്രിയപ്പെട്ട മക്കള്‍ വായിച്ചറിയുവാന്‍ അമ്മ എഴുതുന്നത്…..
നിങ്ങളോടുള്ള എന്‍റെ കടമകള്‍ എല്ലാം പൂര്‍ത്തിയായി….. ഒരമ്മ മക്കള്‍ക്കു നല്‍കേണ്ട സ്നേഹവും വാത്സല്യവും എല്ലാം പകര്‍ന്നു തന്നാണ് നിങ്ങളെ ഞാന്‍ വളര്‍ത്തിയത്…..എന്‍റെ ഈ ത്യാഗത്തിന് പിന്നില്‍ കാണാമറയത്ത് ഒരാളുടെ സ്നേഹകരുതല്‍ ഉണ്ടായിരുന്നു…… എന്‍റെ കടമകള്‍ പൂര്‍ത്തിയാകുമ്പോള്‍ അയാളിലേക്ക് മടങ്ങാം എന്നുള്ള ഒരുവാക്കിന്‍റെ ഉറപ്പില്‍ ഇരുപത് വര്‍ഷമായി എനിക്കായ് കാത്തിരിക്കുന്ന സുധിയേട്ടന്‍…….

നിങ്ങളുടെ ജീവിതത്തില്‍ അമ്മ ഇനിയൊരു ബാധ്യതയാണ്…..അങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാകാതെ തന്നെ അമ്മ പോകുകയാണ്……. സുധിയേട്ടന്‍ എന്നെ കാത്തിരിക്കും എന്ന ഉറപ്പോടെയാണ് പോകുന്നത്….ഇല്ലെങ്കിലും പരിഭവമില്ല….. ഒരു തിരിച്ചു വരവുണ്ടാകില്ല…… പ്രസവിച്ചാല്‍ മാത്രമല്ല അമ്മയാകുന്നത് എന്ന് എന്‍റെ മക്കള്‍ എനിക്കു തെളിയിച്ചു തന്നു….. വീടും വസ്തുവും രണ്ടുപേരുടെയും പേര്‍ക്ക് എഴുതി വെച്ച പ്രമാണം അലമാരയില്‍ ഇരിപ്പുണ്ട്……എന്റെ പിന്നാലെ വരാതെ ഇരിക്കുന്നതാണ് മക്കള്‍ അമ്മയോട് ചെയ്യുന്ന നന്മ…….
സ്നേഹത്തോടെ
അമ്മ….”
പേപ്പര്‍ നാലായി മടക്കി ടേബിളിന് പുറത്തു വെച്ചു ഒപ്പം അലമാരയുടെ താക്കോലും……. പിന്നെയും സമയം അധികം കിടക്കുന്നു ….

അവര്‍ പഴയ ഒരു ബാഗ് എടുത്തു അത്യാവശ്യം വേണ്ട തുണികളും പഴയ ഒരു ഡയറിയും എടുത്തു ബാഗില്‍ നിറച്ചു…….. അലമാരിയുടെ സൈഡില്‍ ഇരുന്ന പേഴ്സില്‍ നിന്നും കുറച്ചു കാശ് എടുത്തു പേഴ്സ് പഴയസ്ഥാനത്ത് വെച്ചു…….. വീണ്ടും മുറിയിലൂടെ വെറുതെ നടന്നൂ….ജനാല തുറന്നു ചുറ്റും കണ്ണോടിച്ചു … നാല്‍പത് വര്‍ഷത്തെ തന്റെ കാഴ്ചകള്‍ ഇന്നു കൂടിയെ യുള്ളു……… മൊബൈല്‍ എടുത്തു ….. പഴയ സിം മാറ്റി…നേരത്തെ കരുതിയിരുന്ന സിം എടുത്തു ഇട്ടു…..
എല്ലാം എടുത്തു വെച്ചു എന്നു ഒരിക്കല്‍ കൂടി ഉറപ്പു വരുത്തി………

സമയം നാല് ആയി…രുഗ്മിണി വേഗം ബാത്ത്റൂമിലേക്ക് പോയി….വേഗത്തില്‍ പ്രഭാതകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി…..പൂജാമുറിയിലേക്ക് പോയി…….. വിളക്ക് കൊളുത്തി വേഗം മുറിയിലെത്തി…. ബാഗ് എടുത്തു ….എഴുത്ത് ഒരിക്കല്‍ കൂടി വായിച്ചു ഉറപ്പു വരുത്തി….. പതിയെ മുന്നിലത്തെ വാതില്‍ തുറന്നു പുറത്തിറങ്ങി…….
വാതില്‍ ശബ്ദം കേള്‍ക്കാതെ ചേര്‍ത്തടച്ചു…… മുറ്റത്തേക്കിറങ്ങി….. തെക്കേ തൊടിയിലെത്തി രണ്ടുമിനിറ്റു നിന്നു….തന്റെ പ്രിയപ്പെട്ടവര്‍ ഇവിടെയാണ് ഉറങ്ങുന്നത്…..അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും….മറ്റാര്‍ക്കു തന്നെ മനസ്സിലായില്ലെങ്കിലും അവര്‍ക്ക് മനസ്സിലാകും…….. ചെറിയ ഒരു കാറ്റ് തലോടി പോയി…… മൗനമായി യാത്ര പറഞ്ഞു ഗേറ്റു കടക്കുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കി…….വെറുതെ……. നാല്‍പത് വര്‍ഷത്തെ തന്റെ സുഖവും സന്തോഷവും സ്വപ്നങ്ങളും കണ്ണീരും ശ്വാസ്വോച്ഛ്വാസങ്ങളും ഒരു പോലെ ഏറ്റു വാങ്ങിയ വീട്……
കൂടുതല്‍ നേരം നില്‍ക്കാന്‍ തോന്നീല…..ടാറിട്ട റോഡിലൂടെ ആഞ്ഞു നടന്നൂ……. പതി നഞ്ച് മിനിറ്റു നടന്നാല്‍ ബസ്റ്റോപ്പിലെത്താം….. കവലയിലെക്ക് പോകുന്നവര്‍ കാണും മുന്‍പ് അവിടെ എത്തണം….. അഞ്ചുമണിക്ക് ഒരു ബസുണ്ട്….അതില്‍ കയറി പറ്റണം…..സാരിയുടെ തലപ്പെടുത്ത് തലയില്‍ ഇട്ടു…..

മംഗലത്തെ രുഗ്മിണി കൊച്ചു നാടു വിട്ടു പോകുന്നു എന്ന് കവലയില്‍ ഇന്നേ സംസാരത്തിന് ഇട കൊടുക്കേണ്ടല്ലൊ…… വര്‍ഷങ്ങളായി നടന്നോ ബസിനോ എവിടെയും പോകാറില്ല…..എല്ലാത്തി നും ആദിത്യന്‍ കാറില്‍ കൊണ്ടുപോകും…..
ചിന്തിച്ചു ചിന്തിച്ചു ബസ്റ്റോപ്പില്‍ എത്തി…..അതിരാവിലെ ആയതുകൊണ്ട് യാത്രക്കാരായി കാത്തിരിപ്പു കേന്ദ്രത്തില്‍ രുഗ്മിണി മാത്രമേ ഉണ്ടായിരുന്നുള്ളു ….
അധികം വൈകാതേ ബസ് വന്നു….. എല്ലാ വരില്‍ നിന്നും രക്ഷപെടാന്‍ എന്നപോലെ തിടുക്കത്തില്‍ ബസില്‍ കയറി …ബസിലും ആള് കുറവായിരുന്നു…..ഒഴിഞ്ഞു കിടന്ന ഒരു സീറ്റില്‍ സ്ഥാനം പിടിച്ചു….. ബാഗ് തുറന്നു കാശ് എടുത്തു….. ..
” ഒരു പത്തനംതിട്ട ”
പത്തനംതിട്ടയ്ക്ക് നേരിട്ട് പോകുന്ന ബസാണ് നാലു മണിക്കൂര്‍ യാത്രയുണ്ട്……
ബസ് രാവിലത്തെ തണുപ്പിലുടെ പാഞ്ഞു പോയികൊണ്ടിരുന്നു……. രാവിലെ റോഡില്‍ തിരക്ക് കുറവാണ്…… കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരിക്കല്‍ പോയിട്ടുണ്ട് …… ബാഗില്‍ നിന്നും ഡയറി എടുത്തു…… അതിന്‍റെ അവസാന പേജ് മെല്ലെ തുറന്നൂ…..
”നിന്റെ കടമകളാണെല്ലോ നിന്റെ സന്തോഷം….ആ കടമകള്‍ അവസാനിപ്പിക്കുന്ന ദിവസം നീ വരുന്നതും നോക്കി ഞാനുണ്ടാകും……. എന്‍റെ വീട്ടില്‍……അതിന് കാലം എത്രയായാലും…..”’

ഈ ഒരു വാക്കായിരുന്നു ഇരുപത് വര്‍ഷത്തെ ഊര്‍ജ്ജം…ലക്ഷ്യ സ്ഥാനത്ത് എത്താനുള്ള വാശി….ഇപ്പോള്‍ കടമകള്‍ എല്ലാം തീര്‍ത്തു….. കാത്തിരിക്കുന്നുണ്ടാകുമോ…..
ഇരുപത് വര്‍ഷം ഒരു രീതിയ്ക്കും ബന്ധപെട്ടിട്ടില്ല….േവിവരങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല…..അറിയാന്‍ ശ്രമിച്ചിട്ടുമില്ല……….
എന്തായാലും പോകുക….ഒരു നോക്കു കാണുക…..
ഡയറി ഭദ്രമായി ബാഗില്‍ വെച്ചു…സീറ്റിലേക്ക് ചാഞ്ഞു…….
പതിനെട്ട് വയസ് ഉള്ളപ്പോഴാണ് സുധിയേട്ടനെ ആദ്യമായി കാണുന്നത്…. ഡിഗ്രിക്ക് പഠിക്കുന്ന സമയം താന്‍ പോകുന്ന ബസിലെ സ്ഥിരം യാത്രക്കാരനായിരുന്നു ആദ്യം….പലപ്പോഴും കണ്ണുകള്‍ തമ്മിലിടഞ്ഞു…….പിന്നെ മനസ്സും…..ഒരിക്കലും പിരിയില്ലെന്നുള്ള , വാക്കു വാങ്ങിയത് താനായിരുന്നു…….പക്ഷേ പിരിഞ്ഞതും താനാണ്……

ബാങ്കിലെ അക്കൗണ്ടന്‍റായി ജോലി നോക്കിയിരുന്ന സുധിയേട്ടന്‍ തന്നെ നേരില്‍ വന്നു പെണ്ണു ചോദിച്ചതാണ്…….പ്രണയിച്ചു എന്നതൊഴിച്ചാല്‍ എന്തുകൊണ്ടും ഞങ്ങളുടെ കുടുംബത്തിന് ചേരുന്ന ബന്ധമായിരുന്നതിനാല്‍ അച്ഛന് നൂറൂവട്ടം സമ്മതമായിരുന്നു…… കല്യാണം ഉടനെ നടത്താമെന്നു തീരുമാനിക്കുമ്പോഴും പിജി ചെയ്തിട്ടു മതി എന്നു താനാണ് വാശി പിടിച്ചത്……._
അതിന് സുധിയേട്ടനോട് പറഞ്ഞ ന്യായം പ്രണയിച്ചു നടക്കുന്ന സുഖം കല്യാണം കഴിഞ്ഞാല്‍ കിട്ടില്ലെന്നായിരുന്നു….എന്നും തന്റെ വാശിക്ക് സമ്മതം തന്നിരുന്ന സുധിയേട്ടന്‍ ഇതും സമ്മതിച്ചു ….. ലൈസന്‍സ് കിട്ടിയതിനാല്‍ ആരെയു പേടിക്കാതെ , സ്വന്തം എന്നു കരുതി തന്നെ പ്രണയിച്ചു…..
സന്തോഷത്തിന്‍റെ നാളുകളിലേക്ക് നഷ്ടങ്ങളുടെ കണക്കുകള്‍ വന്നപ്പോഴാണ് ജീവിതം താളം തെറ്റിയത്….. ചേച്ചീയും ചേട്ടനും മക്കളും ദുബായില്‍ നിന്നും വെക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു…..എക്സ് പ്രവാസിയായ അച്ഛന് വെക്കേഷന്‍ എന്നും ആഘോഷത്തിന്‍റെ നാളുകളായിരുന്നു…….
അങ്ങനെയാണ് അവരെല്ലാം കൂടി ഗുരുവായൂര്‍ പോയത്…. പരീക്ഷയായത് കൊണ്ടു പോകാന്‍ പറ്റാത്ത സങ്കടം ഉണ്ടായിരുന്നെങ്കിലും അടുത്ത ട്രിപ്പിന് അവരോടൊപ്പം അടിച്ചു പൊളിക്കാം എന്ന സന്തോഷത്തോടെയാണ് ചെറിയച്ഛന്‍റെ വീട്ടിലേക്ക് പോയത്…….

അടുത്ത ദിവസം മടങ്ങിയെത്തുമെന്നാണ് അറിയിച്ചിരുന്നത്….
പിറ്റേദിവസം അവസാന ദിന പരീക്ഷയുടെ വിഷമങ്ങള്‍ പറഞ്ഞു തീര്‍ത്തു ക്യാംപസിനോട് വിടപറഞ്ഞൂ വീട്ടിലെത്തുമ്പോള്‍ ബന്ധുക്കള്‍ എല്ലാം എത്തിയിരുന്നു….േ അടുത്തു വന്ന ചെറിയച്ഛന്‍ തന്നെ ചേര്‍ത്തു നിര്‍ത്തി അ്ച്ഛനും അമ്മയ്ക്കും ചെറിയ ഒരു ആക്സിഡന്‍റ് എന്നു പറഞ്ഞപ്പോള്‍ കാര്യമുള്ളതായീ തോന്നിയില്ല…. എന്നാല്‍ പിറ്റേന്ന് മൂന്നു ആംബുലന്‍സില്‍ അച്ഛനെയും അമ്മയെയും ചേട്ടനെയും എത്തിച്ചപ്പോള്‍ ഒന്നും പറയുവാനാകാതെ കരയുവാന്‍ പോലും കഴിയാതെ താനിരുന്നൂ…..
എല്ലാത്തിനും ചെറിയച്ഛനൊപ്പം സുധിയേട്ടനും നിന്നു…. ചേച്ചി പിന്നെയും മൂന്നുമാസം കൂടീ കിടന്നു…..ഒടുവില്‍ ചേച്ചിയും പോകുമ്പോള്‍ ” എന്‍റെ മക്കളെ നീ നോക്കിക്കോണേ മോളേ …” എന്ന യാചന മാത്രമായി മനസ്സിലും കാതുകളിലും………
അന്നു ആദിത്യന് പത്തും ശില്‍പമോള്‍ക്ക് അഞ്ചും വയസ്സാണ്….അങ്ങനെ ഇരുപത്തൊന്നാംവയസ്സില്‍ താനൊരു അമ്മയായി……ചിറ്റ എന്ന വിളി തിരുത്തി അമ്മയെന്നാക്കിയതും താന്‍ തന്നെയായിരുന്നു….അവര്‍ക്ക് ഒരു കുറവും ഉണ്ടാകാതെയിരിക്കാന്‍…..

ആക്സിഡന്‍റില്‍ ചെറിയ പരിക്കു പറ്റിയ അവരെയും കൊണ്ട് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ഒരിക്കല്‍ സു ധിയേട്ടന്‍ തന്നെ തേടി എത്തിയിരുന്നൂ …..
കുട്ടികളെയും തന്നെയും ജീവിതത്തിലേക്ക് ക്ഷണിക്കാന്‍…..എന്നാല്‍ അവരെ ഒരിക്കലും സ്വന്തം മക്കളായി കാണാന്‍ കഴിയില്ലെന്നും തനിക്ക് അവരെ സംരക്ഷിച്ചേ പറ്റു എന്നും സുധിയേട്ടന്‍ മറ്റൊരു വിവാഹം കഴിക്കണമെന്നും പറഞ്ഞപ്പോള്‍ തിരിഞ്ഞു നടന്ന അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ നിന്നും ഊര്‍ന്ന കണ്ണുനീര് കുറച്ചൊന്നുമല്ല തന്നെ ചുട്ടു പൊള്ളിച്ചത്……എന്നിട്ടും ഉറച്ചു നിന്നു…..
സുധിയേട്ടന്റെ ഭാര്യയായി ജീവിക്കാന്‍ തനിക്കൊരു താലിയുടെ ആവശ്യം ഇല്ലായിരുന്നു…… കൂട്ടുകാരി മീരയുടെ കൈയ്യില്‍ ഡയറി കൊടുത്തിട്ട് ട്രാന്‍സ്ഫര്‍ വാങ്ങി സുധിയേട്ടന്‍ പോയി…..എവിടേയ്ക്കോ………
കാലം തന്നില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്….തന്നെ തിരിച്ചറിയുമോ…….
പത്തുമണിയോടെ പത്തനംതിട്ട എത്തി…. ബസ് താമസിച്ചിരുന്നു……….
വിശപ്പ് തോന്നിയില്ലെങ്കിലും ഒരു ചായ കുടിച്ചു പുനലൂര്‍ ബസില്‍ കയറി…..അവിടെ നിന്നും ഓട്ടോയ്ക്ക് പോകാനുള്ള ദൂരമേയുള്ളു……. ഉച്ചയോടെ പുനലൂരെത്തി…..
ഒരു ഹോട്ടലില്‍ കയറി ഊണു കഴിച്ചെന്നു വരുത്തി……. ആകാംക്ഷ കൊണ്ട് വിശപ്പ് എവിടെയോ നഷ്ടപ്പെട്ടു പോയിരുന്നൂ…….

ഒരു ഓട്ടോ വിളിച്ചു പഴയ അഡ്രസ് പറയുമ്പോഴം ആളെ കണ്ടെത്താന്‍ പറ്റുമോ എന്ന് ഉറപ്പില്ലായിരുന്നു……
വഴികള്‍ എല്ലാം മാറിയിരിക്കുന്നു…..ഗ്രാമപ്രദേശം ആയിരുന്നിട്ട് പോലും വലിയ വലിയ കെട്ടികങ്ങള്‍ നിറഞ്ഞിരിക്കുന്നു……. കവലകള്‍ ചെറിയ ടൗണുകളെ ഓര്‍മ്മിപ്പിച്ചു…….
ഒരുപാട് കറങ്ങി ഒടുവില്‍ ബാങ്കിലെ അക്കൗണ്ടന്‍റ് സുധീന്ദ്രന്റെ വീട് കണ്ടെത്തുമ്പോഴേക്കും നാലുമണി ആയിരുന്നു…..
ഗേറ്റു തുറന്നു അകത്തേക്ക് കയറുമ്പോള്‍ തന്നെ കണ്ടു മുറ്റത്തിരുന്നു കളിക്കൂന്ന രണ്ടു കുട്ടികളെ….. എട്ടു വയസു തോന്നുന്ന ഒരു ആണ്‍കുട്ടിയും നാലു വയസുള്ള പെണ്‍കുട്ടിയും….
” ആരാ…. ”
ആണ്‍കുട്ടി അടുത്തു വന്നു ചോദിച്ചു…..
”സുധീന്ദ്രന്‍ സാറിനെ ഒന്നു കാണാന്‍ വന്നതാണ്….അദ്ദേഹത്തിന്‍റെ വീടല്ലേ ഇത്…”
വിറച്ചു വിറച്ചാണ് ചോദിച്ചത്…..

” അച്ഛന്‍ അകത്തുണ്ട്…ഞാന്‍ വിളിക്കാം…ആന്‍റി ഇരിക്ക് …” ഇതും പറഞ്ഞു ചക്കി വന്നേ എന്നും പറഞ്ഞു പെണ്‍കുട്ടിയുടേ കൈ പിടിച്ചു അകത്തേക്ക് പോയി…..
ഒരൂ നിമിഷം സ്തംഭിച്ചു പോയെങ്കിലും യാഥാര്‍ത്ഥ്യം ആദ്യം ഉള്‍കൊള്ളാന്‍ മനസ്സു മടിച്ചു….. തിരിച്ചു നടന്നാലോ എന്നു ആലോചിച്ചു….ഇരുപത് വര്‍ഷം മുന്‍പുള്ള വാക്ക് വിശ്വസിച്ച തന്റെ ഭാഗത്തല്ലേ തെറ്റെന്നൂ സമാധാനിച്ചു…. വന്ന സ്ഥിതിക്ക് കണ്ടു മടങ്ങാം എന്നു തീരുമാനിച്ചു….
”ആരാ…”
വര്‍ഷങ്ങള്‍ക്കു ശേഷം ആ ശബ്ദം കാതില്‍ വീണപ്പോള്‍ മനസ്സ് ഒന്നു കുതിച്ചു ചാടി…. ” അരുത് …. സുധിയേട്ടന്‍ വിവാഹിതനായ ഒരു വ്യക്തിയാണ്….. പഴയ ഒരു സുഹൃത്തിനെ കാണുന്ന ലാഘവത്തോടെയേ അദ്ദേഹത്തിനെ നേരിടാവു….”
മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു മെല്ലെ തിരിഞ്ഞു……
കാലം വലിയ മാറ്റങ്ങള്‍ സുധിയേട്ടനില്‍ വരുത്തിയിട്ടില്ല…കുറച്ചു തടിച്ചു…..മീശ കുറച്ചു കട്ടി കൂടി….മുഖത്ത് ഗൗരവം കൂടിയിട്ടുണ്ട്….ഒരു കണ്ണടയും അധികത്തില്‍ വന്നിട്ടുണ്ട്…”

ഒരു നിമിഷം നോക്കി നിന്നു…
” അമ്മൂ…നീ ഇവിടെ…?”
”അപ്പോള്‍ സുധിയേട്ടന്‍ എന്നെ മറന്നിട്ടില്ല…അല്ലേ…. ഞാന്‍ വെറുതെ സുധിയേട്ടനെ ഒന്നു കാണാന്‍ വന്നതാണ്….ഏതു ബാങ്കിലാണ് വര്‍ക്ക് ചെയ്യുന്നത് എന്നറിയില്ല…അറിഞ്ഞിരുന്നെങ്കില്‍ വീട്ടിലേക്ക് വരില്ലായിരുന്നു ….”
വീടിനകത്തേക്ക് നോക്കിയാണ് അവള്‍ പറഞ്ഞത്….
ആദ്യത്തെ അമ്പരപ്പ് മാറിയപ്പോള്‍ അവളോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു അയാള്‍ അകത്തേക്ക് തിരിഞ്ഞു. പറഞ്ഞൂ…
”കുടിക്കാന്‍ എടുക്കണേ…”
” മക്കള്‍ എവിടെ …അവര്‍ സുഖമായി ഇരിക്കുന്നോ…..”
അവളുടെ മുഖത്തോട്ടു നോക്കി ചോദിച്ചു….

അവളുടെ കണ്ണുകള്‍ അപ്പോഴും അകത്തേക്കായിരുന്നു…..സുധിയുടെ ഭാര്യയെ കാണുവാന്‍ …… തന്നെക്കാള്‍ സുന്ദരിയായിരിക്കുമോ……എന്തൊക്കെയോ ചിന്തകള്‍….നഷ്ടബോധം….സ്വയം ആശ്വസിപ്പിക്കല്‍….
”താനെന്താ സ്വപ്നം കാണുകയാണോ…”
വീണ്ടും സുധിയുടെ സ്വരം….
” എന്താ സുധിയേട്ടന്‍ ചോദിച്ചത്…. മക്കളോ…..അവര്‍ സുഖമായി ഇരിക്കുന്നു…… ഞാന്‍ വെറുതെ സുധിയേട്ടനെ കണ്ടു പോകാന്‍ എത്തിയതാണ്….”
ഒരു ശ്വാസത്തില്‍ പറഞ്ഞു താഴേക്ക് നോക്കിയിരുന്നു…..
അകത്തു നിന്നും ചായയുമായി സുധിയുടെ അമ്മ വന്നു …..
രുഗ്മിണിയെ കണ്ടു ഒരു നിമിഷം നോക്കി നിന്നു….
”അമ്മയ്ക്ക് മനസ്സിലായില്ലേ….. അമ്മു ആണ്…”
അവരൂടെ കണ്ണുകള്‍ ഒരു നിമിഷം നിറഞ്ഞൊഴുകി…. ” മോള്‍ക്ക് സുഖമാണോ….”
വാല്‍സല്യത്തോടെ തിരക്കി…. ” അതേ അമ്മേ…. ”

ചായ വാങ്ങി കുടിച്ചു…..ഗ്ലാസ് തിരികെ നല്‍കി…അമ്മ അകത്തേക്ക് മടങ്ങി……
അകത്തേക്ക് ഒന്നു കൂടീ നോക്കി നിരാശയോടെ അവള്‍ സുധിയോട് പറഞ്ഞു….
”എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ…. കാണണമെന്നേ ഉണ്ടായിരുന്നുള്ളു.. …”
” ഇത്രയും വര്‍ഷം കഴിഞ്ഞു കണ്ടിട്ടും എന്നോട് ഒന്നും ചോദിക്കാനില്ലേ അമ്മൂ…”
ആ ചോദ്യത്തില്‍ അടക്കുവാനാകാത്ത സങ്കടം ഉണ്ടായിരുന്നു…
” ഞാനെന്ത് ചോദിക്കാന്‍
സുധിയേട്ടന്‍ കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നതില്‍ സന്തോഷം……”
വാക്കുകളില്‍ അറിയെ പോലും ഒരുകുത്തു വരാതെ ഇരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു………..

” ഒറ്റ മകനായിരുന്നതിനാല്‍ അമ്മയുടെ കണ്ണീരിന് മുന്നില്‍ വിവാഹം എന്ന കടമ്പ കടക്കേണ്ടി വന്നു…..അപ്പോഴും നിന്നെ കോണ്‍ടാക്ട് ചെയ്യാന്‍ മാക്സിമം ശ്രമിച്ചിരുന്നു……. നീ എപ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നല്ലോ….. നിന്നിലേക്കുള്ള വഴികള്‍ നീ തന്നെ അടച്ചു……
പരസ്പരം ചേരാത്ത കണ്ണികള്‍ വിളക്കി ചേര്‍ത്തപോലെ …. പത്തു വര്‍ഷത്തെ ദാമ്പത്യം….. ഒടുവില്‍ പൊരുത്ത കേടുകള്‍ ഏറ്റു പറഞ്ഞു യമുന പോയപ്പോള്‍ ഞാന്‍ ഒന്നേ ആവശ്യപെട്ടുള്ളൂ….എന്‍റെ മക്കളെ….
അവളുടെ അച്ഛന്‍റെ എതിര്‍പ്പില്‍ പൊലിഞ്ഞു പോയ ജീവിതം വീണ്ടും ഏറ്റുപിടിക്കുന്നതിനിടയില്‍ എന്‍റെ മക്കള്‍ ഒരു ബാധ്യതയായതിനാല്‍ സന്തോഷത്തോടെ അവള്‍ സമ്മതിച്ചു……….
ഇപ്പോള്‍ മൂന്നൂ വര്‍ഷമായി ….വല്ലപ്പോഴും അമ്മ വന്നു നില്‍ക്കും….മറ്റൊരു വിവാഹത്തിന് കുറേ നിര്‍ബന്ധിച്ചു………
ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥയാണ്…….”
പറഞ്ഞൂ നിര്‍ത്തി പ്രതീക്ഷയോടെ രുഗ്മിണിയെ നോക്കി…..
സുധിയുടെ വാക്കുകള്‍ കേട്ടു സന്തോഷിക്കണോ സങ്കടപെടണോ എന്നറിയാതെ ഒന്നു നിന്നു….

യാത്ര ചോദിക്കുന്നത് പോലെ ഒന്നു നോക്കിയിട്ട് മുറ്റത്തേക്ക് ഇറങ്ങി……
” അമ്മൂ…. ഈ അവസാന നിമിഷമെങ്കിലും നിനക്ക് എന്നോടൊപ്പം വരണമെന്നില്ലേ….. നിന്റെ കടമകള്‍ അവസാനിച്ചില്ലേ…….. അല്ലെങ്കില്‍ ഒരിക്കലും നീ എന്നെ തേടി വരില്ലെന്നു എനിക്കറിയാം…..ഇനിയെങ്കിലും നമ്മള്‍ സ്വപ്നം കണ്ട ജീവിതം ജീവിച്ചു തുടങ്ങേണ്ടേ…..എന്‍റെ ഭാര്യയായി എന്‍റെ മക്കളുടെ അമ്മയായി നിനക്ക് കഴിയാന്‍ പറ്റില്ലേ അമ്മൂ….”
യാചനയായിരുന്നു സുധിയുടെ വാക്കുകളില്‍ നിറഞ്ഞിരുന്നത്….
മുറ്റത്തു നിന്നും ഓടി സുധിയുടെ നെഞ്ചി ലേക്ക് വീഴവെ പൊഴിഞ്ഞ കണ്ണുനീര്‍ അയാളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളായിരുന്നു……സമ്മതമായിരുന്നു….േ
ഒരിക്കല്‍ നിലച്ചു പോയ ഒരു നദിയുടെ പ്രവാഹമായിരുന്നു…….
വാതിലോളം എത്തിയ സുധിയുടെ അമ്മ സന്തോഷത്തോടെ ആ കാഴ്ച നോക്കി നിന്നൂ…..
✍✍✍✍

By ivayana

Leave a Reply

Your email address will not be published. Required fields are marked *