രചന : ജിബിൽ പെരേര ✍
കവിയുടെ കവിതകൾക്ക്
വായനക്കാർ
ആവേശപൂർവ്വം
കമന്റുകളിട്ടുകൊണ്ടേയിരുന്നു.
‘അതിജീവനത്തിന്റെ അക്ഷരക്കാഴ്ചകളെ’-
ന്നൊരാൾ കമന്റിട്ടപ്പോൾ
കവി
റേഷൻകടയിൽ ക്യുവിലായിരുന്നു.
‘കവിത ചിന്തനീയ’മെന്ന നിരൂപണത്തിൽ
ജപ്തിനോട്ടീസും കയ്യിലേന്തി
ബാങ്ക് മാനേജരുടെ മുറിയിൽ
ഇനിയെന്തെന്ന ചിന്തയിൽ
കവിയിരുന്നു..
‘വീർപ്പുമുട്ടിക്കുന്ന നൊമ്പരങ്ങളെ’ന്നതിൽ
വെന്റിലേറ്ററിൽ കിടക്കുന്ന
അമ്മയുടെ ചാരത്തു
കവി വിതുമ്പിനിൽക്കുകയാരുന്നു …
‘ജീവിതത്തിന്റെ മനോഹരകാഴ്‍ചകളെ’ന്ന
കമന്റ് വായിച്ച്
ഡിവോഴ്സിന്റെ രണ്ടാം വാർഷികം
വിസ്കിയിൽ കണ്ണീരൊഴിച്ചു
ടെറസിലിരുന്നു ഘോഷിച്ചൂ ,കവി…
വിറയാർന്ന വിരലിനാൽ
പേനയേന്താൻ
ഉഴറുന്ന നേരത്താണ്
‘ശക്തമായ വരികളെ’ന്നാരോ കമന്റിട്ടത്.
പ്രണയം തിരയുന്ന വരികളിൽ
ബാറിലെ ഇരുട്ടിൽ
തന്നെത്തന്നെ
തേടിനടന്നൂ, കവി…
ജീവിതമരണഗർത്തത്തിൽ,
ചെന്നിനായകം ചാലിച്ച കഞ്ഞി
കീറപ്പായിലിരുന്ന്
മോന്തുമ്പോളാണ്,
‘ഈശ്വരൻ തൊട്ടനുഗ്രഹിച്ച ജന്മ’മെന്ന്
ഒരു ആരാധിക കമന്റിട്ടത്.
‘സൗഹൃദം തുളുമ്പുന്ന വരികളിൽ’
ഉറ്റസ്നേഹിതൻ കൊടുത്ത കള്ളക്കേസിൽ
കവി ജയിലിലായിരുന്നു.
പിന്നെയും പിന്നെയും
കമന്റുകൾ നിരവധിയുണ്ടായിരുന്നു.
അതൊന്നും വായിക്കാതെ
‘മഷി തീർന്നതിനാൽ
മാഷ് എഴുത്തു നിർത്തുകയാണെ’-
ന്നൊരു മറുകമന്റിട്ടു
കവി കടല് കാണാൻ പോയി.