രചന : അൻസാരി ബഷീർ ✍
നാട്ടുമാവമ്മേ നാട്ടുമാവമ്മേ
കാറ്റിൻെറ കൈ പിടിച്ചൂഞ്ഞാലാടൂ
മൂത്തുപഴുത്തൊരീ മാങ്കനിയൊക്കെയും
കാട്ടിക്കൊതിപ്പിയ്ക്കാതിട്ടുതായോ – – – –
കാറ്റേ കാറ്റേ, മാമ്പഴക്കൊമ്പിനെ
ഏത്തമിടീക്കാനൊന്നോടി വായോ
ഞെട്ടറ്റു വീഴുന്ന മാമ്പഴച്ചുണ്ടുകൾ
പൊട്ടിച്ചുറുഞ്ചാൻ തിടുക്കമായി
അയ്യോ കാറ്റേ മേലേച്ചില്ലയിൽ
കിയ്യോ എന്ന കരച്ചിൽ കേൾപ്പൂ
പച്ചിലക്കൊമ്പിലെ കൊച്ചു കിളിക്കൂട്ടിൽ
പക്ഷിയ്ക്ക് കുഞ്ഞ് വിരിഞ്ഞതാകാം
മുട്ടപ്പുറംതോട് പൊട്ടിച്ച കുഞ്ഞുങ്ങൾ
വെട്ടം നുണഞ്ഞു പഠിയ്ക്കയാകാം
കെട്ട് പൊട്ടിച്ചു വന്നെത്തുന്ന കാറ്റൊന്നു
തട്ടിയാൽ കൂടു തകർന്നു പോകാം
അയ്യോ കാറ്റേ, പിന്തിരിഞ്ഞീടുക
വയ്യാ, കിളിക്കൂടുടഞ്ഞു കാണാൻ !
മാമ്പഴംവേണ്ട, മധുരവുംവേണ്ട,
മാനവനാകട്ടതിന്നു മുമ്പേ – – – –
കുഞ്ഞിച്ചിറകുകൾ മുറ്റി, പറവകൾ
പൊങ്ങിപ്പറക്കുന്ന കാലംവരും!
അന്നെൻെറ നീട്ടിയ കൈകളിൽ മാമ്പഴ-
കൊമ്പും കുലുക്കിക്കൊണ്ടെത്തൂ കാറ്റേ- – – –
– –
