നീയെന്ന
പുഴയിലേയ്ക്കൊരു
പാലമായിയെൻ
സ്നേഹം നിവേദിച്ചു തന്നു
നീഹാര ബിന്ദുവായ്
ജീവിതം കുളിരുവാൻ
കാലത്തിൻ കുറുകേ
നടന്നു
കാലങ്ങളോളം
വഴിതിരയുന്നു ഞാൻ
സ്‌നേഹമേ മോഹങ്ങൾപേറി…
ജീവന്റെയിതളുകൾ
കൊഴിയുന്നു നിത്യവും
തിരികേവരാത്തൊരാ
സ്മരണ പുൽകി
ജാലകകാഴ്ചകൾ
പുതുമയിൽ മേയുന്നു
കരുണയുടെ
കാവൽ വിളക്കുമേന്തി…
ചിരിക്കുന്നു ചായം
പടർത്തിനാം
സ്‌നേഹത്തിൻ
കനലുകൾ വാടാതെ
സൗഹൃദത്തിൽ…
ചിതലരിക്കുന്നു
ചിലരുടെ ചിന്തയിൽ
നടനങ്ങൾ മാത്രമായ്
പാരിടത്തിൽ…
പടരുന്നു മൗനം
നിറഞ്ഞൊരു മൂകത
ശൂന്യമായ് ഇനിയുള്ള
ദൂരമെല്ലാം
കാലമേ കറങ്ങിയ
വഴികളിലൂടെ ഞാൻ
തേടുന്നു ഇത്തിരി
സ്‌നേഹ സ്പർശം…
✍️

മുസ്തഫ കോട്ടക്കാൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *