ഋതുപ്പകർച്ചകൾ പോലെ,
ആഴ്ചയിൽ
ഒരുവട്ടം
ആടയാഭരണങ്ങളണിഞ്ഞ്,
വസന്തം പോലെ
അവർ വരുന്നു.
ശീതീകരിച്ച
സ്വീകരണമുറിയിലെ
ദീർഘചതുരമേശക്ക് മേൽ
വർണ്ണപ്പൂക്കളണിഞ്ഞ്
മേശവിരി,
വിരിക്ക് മേൽ
സൺമൈക്ക,
അതിന് മേൽ
ഫ്ളവർ വേസ്,
ചുറ്റും കൂടിയിരുന്ന്
മൗനം ധ്യാനിക്കുന്ന
വെൽവെറ്റ് കസേരകളും.
കടന്ന് വരുന്ന
വസന്തത്തിന്
ആതിഥ്യമരുളി അവളും,
കസേരകളും.
ചമയങ്ങളുടെ ധാരാളിത്തത്തിൽ
അവർ അമർന്നിരുന്ന്
പരസ്പരം നോക്കി
ചിരിച്ചും
കുശലം പറഞ്ഞും,
ശീതളപാനീയങ്ങൾ
മോന്തിയും, ഭക്ഷിച്ചും ‘
അങ്ങനെ…..
ഒരു കൃത്രിമവസന്തം
അവളുടെ
പൂമ്പാറ്റയാകാനുള്ള
സ്വപ്നത്തിന്റെ
നാളത്തെ
ഊതിക്കെടുത്തുന്നതായി
വേദനയോടെ
അവളറിയുന്നു.
അവരുടെ പൊങ്ങച്ചങ്ങളുടെ
ചെളിവെള്ളപ്പാച്ചിലിൽ
അവൾക്ക്
മനം പുരട്ടുന്നു.
പാദസരം കിലുക്കിയൊഴുകുന്ന
ഒരു തെളിനീരരുവിയെ
അവൾ കൺമുന്നിലേക്ക്
ആവാഹിച്ച്
വരുത്തുന്നു.
ഒരു കൈക്കുമ്പിളിൽ
വെള്ളവുമായി
മുഖത്തോടടുപ്പിച്ച
നാളുകളെ ആരോ
അവൾക്ക് മുന്നിൽ
ആനയിക്കുന്നത് പോലെ.
അവരുടെ
പൊള്ളയായ
നർമ്മങ്ങളും,
പൊട്ടിച്ചിരികളും
അവളിൽ ജനിപ്പിക്കുന്ന
വിരസത മറച്ച്
അവരുടെ തമാശകൾ
ആസ്വദിക്കുന്നതായി
അവൾ അഭിനയിക്കുന്നു.
കലാലയ ജീവിതത്തിലെ
നല്ല നാളുകൾക്ക് ചുറ്റും
അവൾ
പ്രദക്ഷിണം വെയ്ക്കുന്നു.
അവൾക്ക് അതിഥികളോട്
തുറന്ന് പറയണമെന്നുണ്ട്: ”നിങ്ങളെനിക്ക് വെറും
കടലാസ് പൂക്കളുടെ
വസന്തം മാത്രമാണ്.
നിങ്ങളോടൊത്തുള്ള
നിമിഷങ്ങൾ
എന്നെ മടുപ്പിക്കുന്നു.”
ബന്ധിപ്പിക്കപ്പെട്ട നാവ്
അവളെ
അതിനനുവദിക്കില്ലെന്ന്
അവളറിയുന്നു.
അങ്ങ്
വിദൂരതയിൽ നിന്ന്
രണ്ട് കത്തുന്ന
ചുവന്ന ബൾബുകൾ
പോലുളള കണ്ണുകൾ
അവളെ
തുറിച്ച് നോക്കുന്നത്
അവൾക്ക് കാണാം.
ഒരു റിമോട്ട് കൺട്രോൾ…..
അല്ലെങ്കിൽ
ഈ ഞാനും
ഈ മഹാനഗരത്തിൽ
ഒരു കടലാസ് വസന്തം
മാത്രമല്ലേ…?
അവരിലൊരുവൾ….?.

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *