സൈക്യാട്രിസ്റ്റിൻ്റെ വീടിൻ്റെ വശത്തുള്ള കൺസൾട്ടിംഗ്
റൂമിന് വെളിയിൽ ഇരുവശത്തുമായി കിടന്നിരുന്ന കസാരകളിൽ അപ്പോൾ അഞ്ചാറുപേർ ഇരുന്നിരുന്നു. യാതൊരുവിധ ലക്ഷണങ്ങളും പ്രകടമാകാതെ തോന്നിയതുകൊണ്ടാകണം അവരിൽ പലരും എന്നെയും ഭാര്യയേയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.

” മുന്നിലെ ചെയറിലുള്ള നോട്ടുബുക്കിൽ നിങ്ങളുടെ പേരും വിലാസവും ഫോൺ നമ്പരും എഴുതി ഒപ്പിട്ടോളൂ. അതിലെ ക്രമം അനുസരിച്ചേ വിളിക്കൂ”
അവസ്ഥയെ സമനിലയിൽ നിർത്തി കൊണ്ട് സംസാരിക്കാനും പർവ്വതീകരിക്കാനും കഴിയുന്ന ചില വാക്കുകളുണ്ട്. അതിലൊന്നാണ് ‘ഭ്രാന്ത്’!
നോട്ടുബുക്കിൽ എഴുതേണ്ടതെല്ലാം എഴുതി ഒപ്പിട്ട് കസാരയിൽ വന്നിരുന്നു.
“എത്രയാ?”ഭാര്യയുടെ ആകാംക്ഷ!

“13. അത് കറക്റ്റാ. സാധാരണ ജീവിതത്തിൽ നിന്നുള്ള ഒറ്റിക്കൊടുക്കലാണല്ലോ ഭ്രാന്ത്!?”
അതോടെ അവിടെ ഇരുന്നിരുന്നവരിൽ ചിലർ മാത്രം എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ബാക്കിയുള്ളവർ രോഗികളാവണം.
മയക്കുമരുന്നും ലഹരി സാധനങ്ങളും ഉപയോഗിച്ച് സമനില നഷ്ടപ്പെടുന്നവരെ നേരെ ഡി-അഡിക്ഷൻ സെൻ്ററുകളിലേക്ക് എത്തിക്കുന്നതു കൊണ്ട് ഇത്തരത്തിലുള്ള കൗൺസിലിംഗ് സെൻ്ററുകളിൽ ഇപ്പോൾ തിരക്ക് കുറവാണ്.
ഭാര്യയുടെ നിർബ്ബന്ധ ബുദ്ധിയാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്.
കഴിഞ്ഞ ദിവസം ഒരു യാത്ര കഴിഞ്ഞു തിരിച്ചുവരുന്ന വഴിക്കാണ് അയൽവാസി പോളിയുടെ ആക്രി കടയിൽ വെറുതെ കയറിയത്. കാണുമ്പൊഴെല്ലാം സ്നേഹം പുതുക്കിക്കൊണ്ടിരിക്കുന്ന സത്യ കൃസ്ത്യാനി.

“ഇനി പോണില്ലേ?”
“പോണം. അല്ലാതിവിടെ എന്തു ചെയ്യാനാ?”
” ഇതുപോലെന്തെങ്കിലും മുഷിഞ്ഞ ജോലി ചെയ്യുന്ന
സാധാരണക്കാരന് പത്തു പൈസയുണ്ടാക്കാം. ഗൾഫീന്നിത്തിരി പൈസയുമായി വരും, നേരെ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങും. എല്ലാർക്കും യൂസഫലിയാകണം. കയ്യിലുള്ളത് ചോർന്ന് തീരുമ്പൊ വീണ്ടും പൂജ്യത്തിന്ന് തുടങ്ങാൻ ഒരു തിരിച്ചു പോക്ക്. ഭൂരിഭാഗം ഗൾഫുകാരും ആവർത്തിച്ചുകൊണ്ടിരിക്കണത്
അതാണ്.”
പോളി അല്ലെങ്കിലും അങ്ങനെയാണ്. പരാജയപ്പെടുന്ന പലരും അയാളുടെ നിരീക്ഷണത്തിലുണ്ടാവും.

ചുറ്റും വീക്ഷിച്ചു സംസാരിച്ചുകൊണ്ടിരുന്നതിന്നിടയ്ക്കാണ്, ആക്രിക്കൂട്ടങ്ങൾക്കിടയിൽ മെറ്റലിൻ്റെ ഒരു ചെറു പിക്കപ്പ് വാൻ ശ്രദ്ധയിൽപ്പെട്ടത്. അത് സ്വന്തമാക്കണമെന്നു തോന്നി.
ഒരു വടിയെടുത്ത് ആക്രിക്കൂട്ടത്തിൽ നിന്ന് അത് തോണ്ടി പുറത്തേക്കിട്ടു. വല്ലാതെ അഴുക്കും, പലയിടത്തും തുരുമ്പും ബാധിച്ചിരുന്നെങ്കിലും വല്ലാത്തൊരാകർഷണം തോന്നി.
“പോള്യേ… ഈ വണ്ടി എനിക്കു വേണം.”

“തനിയ്ക്കെന്തിനാടോ ഈ തുരുമ്പ് പിടിച്ചത്? പേരക്കുട്ട്യോള് വന്നിട്ടുണ്ടോ..? നല്ല കളിപ്പാട്ടങ്ങള് അപ്പുറത്ത് മാറ്റി ഇട്ടിട്ടുണ്ടാവും. താൻ വാ…” അയാൾ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു.
” വേണ്ട. വേണ്ട. എനിയ്ക്കിതു തന്നെ മതി.”
“ഇതെന്തൊരു പ്രാന്താടോ?”
ഞാനൊന്നു ചിരിച്ചു. എന്നെപ്പോലുള്ളവർ ചേരുന്ന ഒരു കൂട്ടത്തിൻ്റെ പ്രതീകാത്മക ഭാവം സ്ഫുരിക്കുന്ന കലാരൂപം സൃഷ്ടിക്കുക എളുപ്പമല്ല. യാദൃശ്ചികമായി കാഴ്ചയിൽപ്പെട്ട
ഈ കൊച്ചു പിക്കപ്പ് വാനിന്, തന്നെ പ്രതിനിധീകരിക്കാൻ നൂറു ശതമാനവും ആയിട്ടുണ്ട്.

” ഇതിനെത്രയാ തരേണ്ടത്?” ഒന്നും വാങ്ങിക്കില്ലാന്ന് അറിയാം. പക്ഷെ, അധികാരത്തോടെ എടുക്കുന്നത് ശെരിയല്ലല്ലോ?
“തനിയ്ക്കെന്തിൻ്റെ പ്രാന്താ…” അയാൾ അപ്പൊഴും ചിരിച്ചു.
“രണ്ടു കിലോ പച്ചിരുമ്പു കൊണ്ടു വന്നാ കൊടുക്കാൻ കാശില്ലത്ത ഒരവസ്ഥയുണ്ടായിരുന്ന കാലം എനിക്കുണ്ടായിരുന്നു. അന്ന് ഓടി വന്നിരുന്നത് തൻ്റെ ഉമ്മറത്തേക്കാ… പോളി ഒന്നും മറന്നിട്ടില്ലടോ…”
അവിടുന്നെടുത്ത ആ പിക്കപ്പ് വാൻ അഴുക്ക് കളഞ്ഞ് ഷോകേസിൽ വെക്കുന്നതു കണ്ട് ഭാര്യ ദേഷ്യപ്പെട്ടു. അവൾക്കത് ഒട്ടും സ്വീകാര്യമായിട്ടില്ല.
” ഇതിവിടെ ഒരു കാഴ്ചവസ്തുവായി ഇരിക്കട്ടെ. എടുത്തു മാറ്റരുത്.” പതിവില്ലാത്ത കടുത്ത നിർദ്ദേശമായിരുന്നു അത്.
അവൾ അമ്പരന്നു!

തുടർന്നുള്ള രാത്രികളിൽ ഉറക്കത്തിൽ ഞാൻ അവ്യക്തമായി സംസാരിച്ചുകൊണ്ടിരുന്നത് മൊബൈലിൽ റെക്കോർഡ് ചെയ്ത് എന്നെ കേൾപ്പിച്ചു.
” നട്ടപ്പാതിരക്ക് ഏതവളോടാ…?”
അവളോട് തർക്കിച്ച് സത്യസന്ധത തെളിയിപ്പിച്ചിട്ട് ഒന്നും കിട്ടാനില്ല. അതു കൊണ്ടു പതിവുപോലെ നിശ്ശബ്ദനായി.
ഉറക്കത്തിലെ സംസാരവും ബഹളവും കൂടിക്കൂടി വന്നതുകൊണ്ട് ഒടുവിൽ അവൾ തന്നെ കണ്ടെത്തിയ പരിഹാരമാണ് ഒരു സെക്യാട്രിസ്റ്റിനെ കാണിക്കുക എന്നത്.
ചെറിയ ഭ്രാന്തു തുടങ്ങിയെന്നു എനിയ്ക്കും തോന്നിത്തുടങ്ങിയിരുന്നു.
“നമ്പർ 13”
ഒരു മെയിൽ അറ്റൻററാണ് നമ്പർ വിളിച്ചത്.

ഞങ്ങൾ മുറിയിലേക്കു കടന്നു. ഞാൻ വെറുതെയാണ് ഈ ഭാരം ചുമക്കുന്നത് എന്ന ഭാവത്തോടെ
കണ്ണടഫ്രെയിമിനു മുകളിലൂടെ ഞങ്ങൾ രണ്ടു പേരെയും മാറി മാറി നോക്കി.
“ഇരിയ്ക്കൂ..”
പിന്നീട് –
ഒരു കുറ്റാന്വേഷകൻ്റെ സൂക്ഷ്മ പാടവത്തോടെ രണ്ടു പേരോടും മാറി മാറി കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ഒടുവിൽ എന്നോടു മാത്രമായി ചോദ്യങ്ങൾ. അത്രത്തോളം എത്തിയപ്പോൾ
ഞാൻ എൻ്റെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്ന് ആ പഴയ പിക്കപ്പ് വാൻ എടുത്ത് ഡോക്ടറുടെ മേശപ്പുറത്തു വെച്ചു. പിന്നെ തുടങ്ങി.
“ഇതു ഞാനാണ്…” ഡോക്ടറും എൻ്റെ ഭാര്യയും എന്നെ പകച്ചു നോക്കി.

“കാലങ്ങളായി, ഭാരം ചുമക്കുക എന്നതു മാത്രമാണ് എൻ്റെ ദൗത്യം. ഡോക്ടറിതു കണ്ടോ? ഇതിൽ തേയ്മാനം സംഭവിക്കാവുന്ന ഭാഗങ്ങൾക്കെല്ലാം അതു സംഭവിച്ചിരിക്കുന്നു. ഇതിൻ്റെ തനിമയാർന്ന നിറം നഷ്ടപ്പെട്ടിരിക്കുന്നു. ഇത് തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്. ശ്രദ്ധിക്കാൻ ആളുണ്ടെങ്കിൽ കൃത്രിമമായ തനിമയോടെയെങ്കിലും കുറച്ചു കാലം കൂടെ നിലനിൽക്കുമായിരുന്നു. പകരം
ആക്രിക്കൂട്ടത്തിൽ അനാഥമാകുക എന്നതിനർത്ഥം
ഉപേക്ഷിക്കപ്പെട്ടു എന്നതല്ലേ?

മനസ്സിൽ ഉറഞ്ഞുകൂടിപ്പോയ സങ്കടങ്ങളാണ് ഡോക്ടറേ ഞാൻ ഉറക്കത്തിൽ വിളിച്ചുകൂവി കരയുന്നത്. അത് ഇവൾക്കു കൂടി ബോദ്ധ്യമായിക്കൊള്ളട്ടേയെന്നു
കരുതിയാണ് ഇവിടെ വന്നത്. ഇനിയെന്നെ വെറുതെ വിടണമെങ്കിൽ അങ്ങനെയാവാം. അല്ലെങ്കിൽ, എൻ്റെ ഓർമ്മകളുടെ ഞരമ്പുകളെ തളർത്തി ഉറക്കിക്കിടത്താം….!

ഹംസ കൂട്ടുങ്ങൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *