രചന : സതി സുധാകരൻ പൊന്നുരുന്നി.✍️
കണിക്കൊന്നയല്ലഞാൻ
കരുനെച്ചിയല്ല ഞാൻ
ഇടവഴിയിൽ പൂത്തു നില്ക്കണ
ശീമക്കൊന്നയാണ് ഞാൻ
കാക്ക വന്നു കൂടുവയ്ക്കും
എന്റെ ചില്ലയിൽ
കുയിലു വന്നു പാട്ടുപാടുമീ
മരക്കൊമ്പിൽ
കാറ്റുവന്നു കഥ പറയും
തളിർമലരോട് അപ്പോൾ
പൂത്തുലഞ്ഞാടുമെന്റെ സുന്ദരിപ്പൂക്കൾ.
കാട്ടുപൂവാണെന്നു ചൊല്ലും മാനവരെല്ലാം
പൂജക്കെന്നെ വേണ്ടയെന്നു ചൊല്ലിപ്പോയിടും!
ആരുമില്ലെങ്കിലെന്താ,
ഞാൻ വളർന്നിടും പൂത്തുലയും, പൂവിരിയും
എൻ മരക്കൊമ്പിൽ
കാണികളെ നോക്കി നിന്ന് ഞാൻ ചിരിച്ചീടുo
നോട്ടമൊന്നു തന്നിടാതെ അവർ നടന്നീടും.
