രചന : ശുഭ തിലകരാജ് ✍
ആ ശലഭ കാലം
എത്ര മനോഹരമായിരുന്നു..?
നിനക്കൊപ്പം
ഭാരമില്ലാതെ പറന്നും,
ഭംഗിയുള്ള കാഴ്ചകൾ കണ്ടും
നാം മുഖത്തോട് മുഖം നോക്കി യിരുന്ന കാലം.
ആകാശത്തിനും ഭൂമിക്കും
ഇടയിലുള്ളതെല്ലാം ചർച്ച ചെയ്ത് പണ്ഡിതരായി നാം.
മുന്നറിയിപ്പില്ലാതെ ആർത്തു
പെയ്ത മഴയിൽ നനഞ്ഞവർ.
ചിരിച്ചു ശ്വാസം മുട്ടിയ
തമാശകളെത്രയോ..
തമ്മിൽ പിരിയാൻ
നീ കണ്ടെത്തുന്ന,
കാരണങ്ങളൊന്നും
കാരണങ്ങളേയല്ലെന്ന് തിരിച്ചറിയുമ്പോൾ.
അഴിച്ചു വയ്ക്കട്ടെ..
ഞാനെന്റെ ശലഭച്ചിറകുകൾ.
എന്നേക്കുമായ് പൊലിഞ്ഞു പോകട്ടെയെൻ ഭാസുര സങ്കൽപ്പങ്ങൾ.