രചന : സുനിൽ തിരുവല്ല. ✍
ആകാശം മണ്ണിലേക്കൊരു
ചിരിയെറിഞ്ഞു.
മണ്ണ് സന്തോഷിച്ചു,
മണ്ണിൽ പൊന്നു വിളഞ്ഞു,
കർഷകന്റെ കയ്യിൽ
വെളിച്ചമെന്നപോലെ.
വിയർപ്പിന്റെ തുള്ളികൾ നീരുറവായി,
നാട്ടിൻപുറം പച്ചയായി .
കർഷക ഹൃദയത്തിൽ
പ്രതീക്ഷ തൻ കിരണ പ്രവാഹം !
എങ്കിലോ. ലാഭത്തിൻ കൊമ്പ്
വളർന്നതോ ഇടനിലക്കാരിൽ .
അവർ ആഘോഷിച്ചു.
വിതച്ചവനും, കൊയ്തവനും
അല്പ ലാഭം!
വിയർപ്പിന്റെ കൂലി പോലും
കിട്ടാതെ പാവം കർഷകർ.
അവർ തൻ ഭവനങ്ങളിൽ
കടങ്ങളുടെ അവശേഷിപ്പ് ,
മൂകമാം രാപ്പകലുകൾ !
വിത്ത് നട്ട കൈകൾ ഒഴിഞ്ഞു,
പതിരായിപ്പോയി സ്വപ്നങ്ങളെല്ലാം.
നദിയായി ഒഴുകിയ വിയർപ്പിൽ
അവന്റെ ഒഴിഞ്ഞ പാത്രം !
അവന്റെ കൈകൾ മണ്ണിൽ മുങ്ങി,
എന്നാൽ മണ്ണിന്റെ കനകം
അവനെന്നുമന്യം !
അവന്റെ ശ്വാസം കാറ്റിൽ കലർന്നു,
കാറ്റോ, അവനെ കണ്ടതേയില്ല..
എന്നിട്ടും, കർഷകൻ
വയലിൽ നിൽക്കുന്നു,
പ്രതീക്ഷയോടെ,
എല്ലുമുറിയെ പണിയെടുക്കാൻ !
അവന്റെ കണ്ണുകളിൽ
ഒരു പുതിയ ഉഷസ്സ്,
ഒരു പുതിയ വിളവിന്റെ സ്വപ്നം
എന്നുമെന്നും !