രചന : അരുൺ പുനലൂർ ✍
യുവ തലമുറയെ വയലൻസിലേക്ക് തള്ളി വിടുന്നത് ചില സിനിമകളാണ് എന്ന് പലയിടത്തും ചർച്ച കണ്ടു…
കുട്ടികളെ അത്തരം സിനിമകളും സ്വാധീനിക്കുന്നുണ്ടാവും അത് നിഷേധിക്കുന്നില്ല…
നമ്മളും വളർന്നു വന്ന വഴിയിൽ പലതരം സിനിമകൾ കണ്ടിട്ടുണ്ട്…
പക്ഷെ സിനിമ വെറും സിനിമയാണെന്നും യഥാർഥ്യവുമായി ബന്ധമില്ലാത്തത് അങ്ങനെ തന്നെ കാണണമെന്നും അതിൽ കാണുന്നതെല്ലാം അനുകരിക്കാനുള്ളതല്ലെന്നുമുള്ള തിരിച്ചറിവ് ഉണ്ടായിരുന്നത് കൊണ്ട് സിനിമ കണ്ടു ആസ്വദിച്ചു അതു അവിടെ വിട്ടു…
പക്ഷെ ഇപ്പോഴുള്ള കുട്ടികൾ അതിനപ്പുറത്തു സിനിമകളിലെ വയലൻസ് കണ്ടു പഠിക്കുന്നുണ്ട് എന്ന് പറയുമ്പോ അതു അപകടമാണ്…
എന്നാൽ അതിനേക്കാൾ അപകടമായ ഒന്ന് കൊച്ചു കുട്ടിയായിരിക്കുമ്പോഴേ നമ്മൾ അറിഞ്ഞു കൊണ്ട് അവരുടെ കൈയ്യിലേക്ക് വച്ചു കൊടുക്കുന്നുണ്ട് മൊബൈൽ…
കൊച്ചു കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാനും അൽപനേരം അടങ്ങിയിരിക്കാനും ഭക്ഷണം കൊടുക്കാനുമൊക്കെ ഒരു താൽകാലിക ആശ്വാസം എന്ന നിലയിലാണ് മാതാപിതാക്കൾ ഇതിനെ ഉപയോഗിക്കുന്നത്..
പക്ഷെ മുട്ടിലിഴയുന്ന പ്രായത്തിലെ ഇപ്പോഴത്തെ കുഞ്ഞുങ്ങളുടെ കൈയ്യിൽ ഇരിക്കുന്നത് മൊബൈലാണ്…
അത് വച്ചു കളിച്ചു ശീലിക്കുന്ന കുഞ്ഞുങ്ങൾ തിരികെ വാങ്ങാൻ നോക്കിയാൽ കരച്ചിൽ തുടങ്ങും..
കരയാതിരിക്കാൻ പിന്നേം കൊടുക്കും…
ഒടുക്കം കൊച്ചിന് ഇതില്ലാതെ പറ്റത്തില്ല എന്നാ അവസ്ഥ വരും…
ആദ്യമാദ്യം കാർട്ടൂൺ…
പോകെ പോകെ ചെറിയ ഗെയ്മുകൾ…
പിന്നെ ഈ പ്രായത്തിൽ കാണാൻ കൊള്ളാവുന്നതും കൊള്ളാത്തതുമൊക്കെ കാണും…
വളരും തോറും കളിക്കുന്ന ഗെയ്മുകളുടെ സ്വഭാവം മാറും..
അക്രമ സ്വഭാവമുള്ള ഗെയ് മുകളിലേക്ക് പെട്ടന്ന് ആകൃഷ്ടരാവുന്ന കുട്ടികൾ തോക്ക് വച്ചു വെടിവച്ചു ചോര തേറുപ്പിക്കുന്നതിൽ ഹരം കണ്ടെത്തുന്നു…
ഓരോരുത്തരെയായി കൊന്നൊടുക്കി ഗെയ്മിന്റെ അടുത്ത ലെവലുകളിലേക്ക് എത്താൻ വാശിയോടെ കളിക്കുന്നു…
ഇതിനിടയിൽ അത് നിർത്താൻ നോക്കിയാൽ പിള്ളേർ വയലന്റാവും മൊബൈൽ വാങ്ങാൻ വരുന്നവരെ ഉപദ്രവിക്കും തെറി പറയും എന്തും ചെയ്യും…
കുറച്ചു നാൾ മുൻപൊരു ഫങ്ക്ഷൻ നടക്കുമ്പോൾ പെട്ടെന്ന് സ്റ്റേജിന് ഇടത് ഭാഗത്തു ബഹളം…
അഞ്ചോ ആറോ വയസ് തോന്നിക്കുന്ന ഒരു പയ്യൻ വലിയ വായിൽ കരഞ്ഞു കൊണ്ട് തറയിൽ കിടന്നുരുളുന്നു…
അടുത്തേക്ക് ചെന്നവരെയെല്ലാം തെറി പറയുന്നു…
തറയിൽ നിന്ന് എടുക്കാൻ ചെന്ന തള്ളയുടെ കരണക്കുറ്റിക്കു അടിക്കുന്നു സമാധാനിപ്പിക്കാൻ ചെന്നവരെയൊക്കെ പ്രായഭേദമില്ലാതെ വായിൽ വന്നതെല്ലാം വിളിക്കുന്നു…
ഗെയിം കളിച്ചുകൊണ്ടിരുന്ന അവന്റെ കൈയ്യിൽ നിന്നും തള്ള മൊബൈൽ പിടിച്ചു വാങ്ങി അതിന്റെ ആഫ്റ്റർ എഫക്റ്റാണ് ഈ കാണുന്നത്…
അക്രമമെന്ന് പറഞ്ഞാ സഹിക്കുന്നതിനും അപ്പുറം…
ഞാനാ അമ്മയുടെ മുഖത്തേക്ക് നോക്കി…
എല്ലാവരും കണ്ടതിന്റെ നാണക്കേടിൽ അവരുടെ കണ്ണ് നിറഞ്ഞിരിക്കുന്നു…
കൂടെയുണ്ടായിരുന്ന അപ്പൂപ്പനും അമ്മൂമ്മയും തല കുനിച്ചിരിക്കുന്നു…
ഒടുവിൽ ഗതികേട്ട് തള്ള മൊബൈൽ കൊടുത്തപ്പോ അവൻ തട്ടിപ്പറിച്ചു കൊണ്ട് ഓടി വേറൊരു കസേരയിൽ പോയിരുന്നു വീണ്ടും കളി തുടങ്ങി…
തറയിൽ കിടന്നുരുണ്ട് അഴുക്കു പിടിച്ച കുപ്പയാവുമൊക്കെയിട്ട് ആരുടേയും മുഖത്തേക്ക് നോക്കാതെ ചുറ്റുമുള്ളവരോടൊക്കെ വാശിയും വൈരാഗ്യവും നിറച്ച മുഖവുമായി അവന്റെയാ ഇരുപ്പ് എന്നേ ഭയപ്പെടുത്തി…
ഈ രീതിയിൽ ഇവൻ വളർന്നു വന്നാൽ എന്താകും അവസ്ഥ എന്നോർത്തിട്ട്…
എനിക്ക് വേണ്ടപ്പെട്ട കുഞ്ഞുങ്ങൾ ചിലരിലും ഇത്രയും കഠിനമല്ലെങ്കിലും ഗെയിമിനോട് അഡിക്ഷൻ ഉള്ള പിള്ളേരുണ്ട്…
ആര് പറഞ്ഞാലും കേൾക്കില്ല…
നമ്മള് വിരട്ടിയാൽ പുല്ല് വില..
പേടിയെന്ന് പറയുന്നത് ഏഴയലത്ത് കൂടി പോയിട്ടില്ല…
എന്ത് ചെയ്യാൻ പറ്റും…
വലിച്ചിട്ടു തല്ലാൻ കൈ തരിക്കും പക്ഷെ അതു അവനിൽ വൈരാഗ്യം കൂട്ടുമെന്ന് അറിയാവുന്നതു കൊണ്ട് മിണ്ടാതെ പോകും…
ഇതൊക്കെയാണ് ഇപ്പൊ വളർന്നു വരുന്ന പിള്ളേരുടെ മാനസികാവസ്ഥ…
അക്രമ വാസനയാണ് ജന്മനാ മുന്നിൽ നിൽക്കുന്നത്…
ലോകത്ത് ഒന്നിനെയും പേടിയില്ല…
അച്ഛനമ്മമാരോടോ സഹോദരങ്ങളോടോ ബന്ധുക്കളോടോ ആരോടും യാതൊരു മമതയുമില്ല…
സ്വാർത്ഥത മാത്രമാണ് കൂടെയുള്ളത്…
എനിക്ക് കിട്ടാത്തത് എന്തും നശിപ്പിക്കണം..
എതിര് പറയുന്നവരെ അവസാനിപ്പിക്കണം…
ഇതൊക്കെ എവിടുന്നാ തുടങ്ങിയത്…
അൽപ്പം പിറകോട്ടെന്ന് ചിന്തിച്ചു നോക്കിയാൽ നമ്മൾ ചൂണ്ടിയ വിരലിന്റെയറ്റത്ത് നിൽക്കുന്നത് നമ്മൾ തന്നെയാണെന്ന തിരിച്ചറിവ് ആസ്വസ്ഥരാക്കിയേക്കാം…
പക്ഷെ സത്യം അങ്ങനെകൂടിയാണ്…
അതു മനസ്സിലാക്കാതെ മറ്റു പലയിടത്തേക്കും പഴി ചാരി നമ്മുടെ പിടലിക്ക് നിന്ന് ഈ ഉത്തരവാദിത്വം എടുത്തു കളയാനാണ് എല്ലാവർക്കും വ്യഗ്രത..
അതിനു നമ്മൾ മറ്റുള്ളവരെ കുറ്റം പറയും..
തിരിച്ചറിയണം ആദ്യം ദുർഗന്ധം വമിക്കുന്നത് നമ്മുടെ മലത്തിൽ നിന്ന് തന്നെയാണ്…
