നാടിന്റെ ഭംഗി വേറെ തന്നെയാണല്ലേ അച്ഛമ്മേ…
അതേ..മോളെ,
നഗരത്തിലെ ഫ്ലാറ്റ് ജീവിതം ബോറാണെന്ന് ഇപ്പോഴാ തോന്നുന്നത് …നിനക്ക് മടുത്തുവോ കുട്ടീ.
‘ഞാൻ അവർ വിശേഷം പറയുന്ന മുറിയിലേക്ക് നടന്നു . ജോലിചെയ്യുന്ന വീട്ടിലെ കുട്ടിയാണ് മീര,അവളുടെ കിളികൊഞ്ചലുപോലുള്ള ശബ്ദം എന്നെയും എൻറെ ഇരുപതുകളെ ഓർമിപ്പിക്കുന്നു.

സുഗന്ധത്താലുള്ള പുകയിട്ട് അവളുടെ മുടിയിഴകൾ വൃത്തിയാക്കുന്ന തിരക്കിലാണ് മീരയുടെ അച്ഛമ്മ.ആദ്യമായി ദാവണിയിട്ട് നിറയെ മുത്തുകൾ ഉള്ള കൊലുസുകൾ അണിഞ്ഞ്കൈ നിറയെ കരിവളയും നീളമുള്ള മുടിയിൽ മുല്ലപ്പൂവും ചൂടി .മീര തറവാട്ടിലെ ദേവിയെ പോലെ അണിഞ്ഞൊരുങ്ങി .അവളുടെ മിഴികളിലെ കൃഷ്ണമണി തെളിഞ്ഞ ജലാശയത്തിൽ നീന്തി തുടിക്കുന്ന പരൽ മീനിനെ പോലെ മിഴികളിൽ അവൾ കരിമഷിയാൽ നല്ല ചിത്രം വരച്ചിട്ടുണ്ട്.ഒരു ചെറിയ കല്ലുപതിച്ച ഒരു മൂക്കുത്തിയും അവളെ ഏറെ ഭംഗിയാക്കിയിരിക്കുന്നു.
പെണ്ണവളെ കണ്ടാൽ കണ്ണ് എടുക്കാതെ നോക്കി പോകും..അറിയാതെ ഞാനും പറഞ്ഞു പോയി.
എന്തൊരു ചന്തം!

ഗീതേച്ചി ….കുട്ടിക്കിത്തിരി ഉപ്പും മുളകും ഉഴിഞ്ഞിടണം.എന്റെ വാക്കുകൾ കേട്ടപാടെ അവൾ അതിശയത്തോടെ എന്നോട് ചോദിച്ചു.
എന്തിനാ… ദേവകി കുട്ടിയെ കാണാൻ നല്ല ചന്തം.ആരുടെയും കണ്ണേറ് വേണ്ട മുന്നേക്കൂട്ടി പറഞ്ഞൂന്നേയുള്ളൂ. അടുക്കളപ്പുറത്ത് അടുപ്പിലെ തീ ആളിക്കത്തി എരിഞ്ഞടങ്ങിയ തീക്കനലിൽ തേൻവരിക്കയുടെ ചക്ക വരട്ടി ഏകദേശം വരണ്ട് കിട്ടാറായ സന്തോഷത്തിലായി ഞാൻ…
ചൂടേറ്റ് എന്റെ കൈയിലെതൊലിപ്പുറം ഒന്നുകൂടി ചുളുങ്ങി.
ഗീതേച്ചി അടുക്കളയിലേക്ക് എത്തി നോക്കി എന്തായി ദേവകി… പാകായോ ചക്കവരട്ടി.
ചക്ക വരട്ടി വരണ്ട് പാകായി വരുന്നു ഞാൻ പറഞ്ഞു.ഇതൂടി കഴിഞ്ഞാൽ പ്രത്യേകം വിഭവങ്ങൾ ഒക്കെ ഉണ്ട്.

ജോലി ഇനിയും ബാക്കിയുണ്ടെന്നു പറഞ്ഞവർ പോയി.മീര അവളെന്റെ അടുത്തു വന്നു… അവളുടെ മുഖം കണ്ടിട്ട് ഒന്ന് രണ്ട് വട്ടം ഞാൻ കണ്ണുമാറ്റാതെ നോക്കി.എൻറെ മുഖവും നിറവും രൂപവും അവളെ നോക്കി നാണിച്ചു മാറി നിന്നു.
ഗീതേച്ചി വിളിക്കുന്നപോലെയാ ആ കുട്ടി എന്നെ വിളിക്കുന്നത് …ദേവകിന്ന് കൈയ്യിൽ നിന്നും ചട്ടുകം വാങ്ങി അവൾ ചക്കവരട്ടി ഒന്ന് ഇളക്കി നോക്കി….
സമ്മതിക്കണം അനങ്ങുന്ന പോലുമില്ലല്ലോ ദേവകി…ചക്കവരട്ടി.അവൾ പറഞ്ഞു.എൻറെ കണ്ണുകൾ അവളുടെ കൈകളിലെ പച്ചയും ചുവപ്പും കലർന്ന കുപ്പിവളകളിലേക്ക് പോയി.

പതിയെ ഞാനാ കുപ്പിവളകളെ ഒന്ന് തൊട്ടുനോക്കി.ഓർമ്മകളിലേയ്ക്കു ഒരു വേരോട്ടം നടത്തി.. ഇരുപതുകളിലെ എൻറെ യൗവ്വനത്തിലേക്ക് ഞാനും തിരികെ നടന്നു .
അന്നെനിക്ക് കരിവളകളോടാണ് ഏറെ ഇഷ്ടം .
കണ്ണുകളിൽ നിറമുള്ള സ്വപ്നങ്ങളുടെ മഷിക്കൂട്ട് ചാർത്തിയിരുന്നു.അന്ന് ഞാനും സുന്ദരിയായിരുന്നു മോഹങ്ങളുടെ രാമഴ നനഞ്ഞ് മുഖം തിളങ്ങിയിരുന്നു. ഒറ്റക്കല്ലുള്ള കുഞ്ഞു കല്ല് പതിച്ച മൂക്കുത്തി.അതുതന്നെയാണ് എന്നെ സുന്ദരിയാക്കിയത്..എന്റേത് പ്രണയ വിവാഹമായിരുന്നു..ചിലർക്കൊക്കെ കിട്ടുന്ന ഭാഗ്യം പോലെ പ്രണയിച്ച ആളെത്തന്നെ ഞാനും കല്യാണം കഴിച്ചു…

കല്ലുവെച്ച മൂക്കുത്തിയാണ് നിന്നെ സുന്ദരിയാക്കുന്നതെന്ന എൻറെ
പ്രിയപ്പെട്ടവന്റെ വാക്കുകൾ ഇന്ന് കണ്ണു നനയിക്കുന്നു..ജീവിതമെന്ന കാലചക്രം എന്നെ ഇന്ന് മറ്റൊരു അടുക്കളയിലെ വിലയിടുന്ന അടുക്കളക്കാരിയാക്കി.ഭർത്താവിന്റെ അകാലമരണം ഇഴഞ്ഞുനീങ്ങുന്ന പ്രായത്തിലുള്ള കുഞ്ഞിൻറെ വിശപ്പ് .ഇതൊക്കെ ജീവിതം കഠിനമാണെന്നുള്ള പാഠങ്ങൾ തന്നെയായിരുന്നു.നൂറായിരം നോവുകളിൽ നിന്നും ഒരു അതിജീവന ചിന്ത മനസ്സിൽ ജനിപ്പിച്ചു..മറന്നുപോയ സന്തോഷത്തിന്റെ നാളുകളിൽ നിന്നും.. ചില്ലു കണ്ണാടിയെ…എന്നിലെ യൗവ്വനത്തെ ….ഞാൻ അണിഞ്ഞ കരിവളകളെ.. എന്നിലെ സൗന്ദര്യമൊ ക്കെ എന്നിൽനിന്നും അകന്നു പോയിരുന്നു
കെട്ടിയോന്റെ ഇല്ലായ്മയിൽ മൂക്കുത്തി പോലും വിറ്റുഭക്ഷിക്കേണ്ടിവന്നു.മൂക്കുത്തിയുടെ അവശേഷിപ്പായി ഒരു അടയാളം മാത്രം ബാക്കിയായി മീരയിലൂടെ കുറച്ചുനേരം അടുപ്പിന്റെ തീക്കനലിൽ നിന്നും എന്നെ സുന്ദരമാം ലോകത്ത് ഒരിക്കൽ കൂടി അവൾ കൊണ്ടുപോയി .ഇന്ന് ജോലിക്കുള്ള ശമ്പളം കിട്ടുന്ന ദിവസമാണ് .കണക്ക് കൂട്ടലുകളിൽ നിന്നും ഒരു രൂപ പോലും മാറ്റിവയ്ക്കാൻ ഇല്ല.

ഞാനെന്ന ദേവകി മനസ്സാൽ ഒരു ഉരുക്കു വനിതയായി..മനസ്സിനെ പോലെ തന്നെ ശരീരവും ആകെ മുരടിച്ചു പോയി.എങ്കിലും തളർത്താതെ ഒരു പ്രതീക്ഷയുടെ സ്വപ്നമെന്നോണം മകൻറെ വാക്കുകൾ എന്നെ ജീവിത മോഹങ്ങളുടെ കൊട്ടാര കെട്ടുകളിൽ എത്തിക്കുന്നു .
മോന് അറിവായി തുടങ്ങിയ കാലം മുതൽ എൻറെ മൂക്കുത്തി വിരമിക്കലിന്റെ അടയാളപ്പെടുത്തലുകൾ അവൻ സ്പർശിച്ചുകൊണ്ട് പറയും അവൻ പഠിച്ചു വലിയ ജോലിക്കാരനാകുമ്പോൾ ആദ്യ ശമ്പളത്തിൽ ഞങ്ങൾക്കായി ജീവിക്കുന്ന അമ്മയ്ക്കായി ഒരു കല്ലുവെച്ച മൂക്കുത്തി വാങ്ങി തരുമെന്ന്.നേരം സന്ധ്യയോട് അടുത്തുടങ്ങി ശമ്പളവും വാങ്ങി വീട്ടിലേക്ക് പോകും വഴി വഴിയോരത്തെ ചെറിയ സ്വർണ്ണ കടയിലേക്ക്എൻറെ ശ്രദ്ധ നീങ്ങി.

മീര അവൾ അണിഞ്ഞ മൂക്കുത്തി എന്നെ അധികമായി മോഹിപ്പിച്ചുവോ ഞാൻ സ്വയം ചോദിച്ചു.ചില ചിലവുകൾ അടുത്തമാസത്തേക്ക് മാറ്റിവെച്ച്
ഒരു മൂക്കുത്തി വാങ്ങിയാലോ എന്ന മോഹം ഉള്ളിൽ കുടിയേറി കടക്കാരന്റെ വിലപറയൽ
മൂക്കുത്തി മോഹത്തെ കുഴിച്ചുമൂടി.
അടുത്ത മാസം വരാമെന്ന് നല്ലൊരു കള്ളം
പറഞ്ഞു ഞാൻ അവിടെ നിന്നുമിറങ്ങി
പതിയെ പറഞ്ഞു മനസ്സിലാക്കി സ്വന്തം മനസ്സിനെ..ആ നിമിഷങ്ങളിൽ വിധിയെ പഴിക്കാതെ ഞാൻ ശപഥം ചെയ്തു…
ഇനി ഞാൻ ഒരു മൂക്കുത്തി അണിയുമെങ്കിൽ അതെന്റെ മകന്റെ ആദ്യ
ശമ്പളത്തുകയിൽ നിന്നും ആകട്ടെ …അന്ന് ഞാൻ ഉപേക്ഷിച്ച …ചില്ലു കണ്ണാടിയിൽ നക്ഷത്ര മൂക്കുത്തി അണിഞ്ഞ് ഒരിക്കൽ കൂടി …എന്റെ ഇരുപതുകളുടെ സൗന്ദര്യത്തെ വീണ്ടെടുക്കും.

എന്നിലെ
പൈങ്കിളി പെണ്ണിനെ നോക്കി സന്തോഷിക്കും…
കാലം ചിലർക്കെങ്കിലും ജീവനുള്ള പ്രതീക്ഷകളും ചേർത്തുവച്ച ഇഷ്ടങ്ങളുംവീണ്ടും അതേ ലോകത്തെ കൺമുമ്പിൽ സൃഷ്ടിക്കാതിരിക്കില്ല….ജീവിതം ചിലർക്കൊക്കെ അങ്ങനെയാണെഡോ സ്വന്തം മനസിനോട് മിണ്ടി യും പറഞ്ഞും ഞാൻ നടന്നു.
✍️

ശാന്തിസുന്ദർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *