രചന : റിഷു✍
മഴ പെയ്തു തണുത്ത ഒരു രാത്രിയിൽ ആണ് അവൻ… അവന്റെ അമ്മയുടെ ഒരു ഫോട്ടോ നെഞ്ചോടു ചേർത്ത് വിങ്ങി വിങ്ങി കരഞ്ഞത്…….
ഒരു പതിനൊന്നുവയസ്സുകാരന് അതിനപ്പുറം ഒന്നും ചെയ്യുവാൻ ഇല്ലായിരുന്നു..
അഞ്ചു വയസ്സുള്ളപ്പോയാണ്
അവർ അവനെ വിട്ടു പോയത്…..
“അമ്മേ……
അമ്മയില്ലാത്തപ്പോ
ഞാൻ ഒറ്റയ്ക്ക് ആണ്..
ആ ഒറ്റപ്പെടൽ
സഹിക്കാൻ പറ്റുന്നില്ലമ്മേ….”
ശബ്ദം ഇടറി അവൻ പറഞ്ഞു.
അച്ഛൻ….!
‘അച്ഛൻ വല്ലാതെ മാറി..’
“ഇപ്പോഴത്തെ
അമ്മയെ എനിക്കു ഇഷ്ടാണ്….
പക്ഷെ അമ്മയോളം….!
അമ്മയോളം വരില്ലമ്മേ
ഒരു രണ്ടാനമ്മയും….”
അവൻ വല്ലാതെ വിക്കുകയും വിയർക്കുകയും ചെയ്തു….
അവൻ ഫോട്ടോയിലെ
ആ ചിരിക്കുന്ന മുഖത്തേക്ക് നോക്കി…..
അപ്പോളവന്റെ കുഞ്ഞ് ഹൃദയം
വല്ലാതെ നൊമ്പരപെടുകയും
ഒരു കുഞ്ഞ് മിന്നൽ പിണർ
ഇടനെഞ്ചിൽ കൊത്തിവലിക്കുകയും ചെയ്തു..
അവൻ കണ്ണുകൾ ഇറുക്കി അടച്ചു
ആ ഫോട്ടോയിൽ ഒരു ഉമ്മ കൊടുത്തു.. എന്നിട്ട് പറഞ്ഞു..
“അമ്മ പോയതിൽ പിന്നെ
ഞാൻ ഇങ്ങനെ ആണമ്മേ….. അടുക്കളക്കപ്പുറത്തുള്ള
ഈ ചെറിയ മുറിയിൽ ആണമ്മേ
ഞാൻ കിടക്കുന്നത്…
ഇടിമിന്നലിന്റെ ശബ്ദം കേൾക്കുന്ന രാത്രിയിൽ ഒന്നും ഞാൻ ഉറങ്ങാറില്ല..
മഴ ആർത്തലച്ചു പെയ്യുമ്പോളൊക്കെ
ഞാൻ ആ മൂലയ്ക്ക് പുതപ്പ് തല വഴി മൂടി കണ്ണടച്ചിരിക്കുമമ്മേ..
എന്റെ കമ്പിളിപുതപ്പ് നാറുന്നുണ്ട് എന്ന് പറഞ്ഞു ചെറിയമ്മ ഇന്നലെ ഒരുപാട് ചീത്ത പറഞ്ഞു.. പക്ഷെ എന്റെ കുഞ്ഞികൈകൾ അത് താങ്ങി കഴുകി പിഴിഞ്ഞെടുക്കാൻ പറ്റുന്നില്ലമ്മേ..
പക്ഷെ എനിക്ക് സങ്കടം ആയത്
അതൊന്നും അല്ലമ്മേ..
ദേവൂട്ടിയുടെ അടുത്ത് ഞാൻ പോയപ്പോ.. എന്റെ മോളെ തൊടണ്ട എന്ന് പറഞ്ഞമ്മേ..
ഞാൻ ഉപദ്രവിക്കും പോലും..
‘ന്റെ അച്ഛന്റെ കുഞ്ഞല്ലേ അമ്മേ അവൾ..
അവൾ എന്റെ
അനിയത്തിയല്ലേ അമ്മേ..
എനിക്ക് അറിവായില്ലേ അമ്മേ..
ഞാൻ അവളെ
എന്ത് ഉപദ്രവിക്കാൻ ആണമ്മേ..”
അവൻ ഇരു കൈകളും
മുഖത്ത് പൊത്തി ആരും കേൾക്കാതെ ഹൃദയം പൊട്ടുമാറു കരഞ്ഞു..
അവന്റെ കുഞ്ഞികണ്ണുകൾ കുറച്ചു കൂടി ചെറുതാവുകയും ചെറിയ ഒരു ചുവപ്പ് പടരുകയും ചെയ്തു..
മുഖം കൈകൾ കൊണ്ട് തുടച്ചു
അമ്മയുടെ ഫോട്ടോയിലേക്ക്
ഒന്ന് കൂടി അവൻ നോക്കി..
എന്നിട്ട് പറഞ്ഞു..
“ഒരുപാട് ഒന്നും അവർ എന്നെ സ്നേഹിക്കണ്ടമ്മേ……
രാവിലെ എണീക്കാൻ ഒന്ന് വിളിച്ചുണർത്തിയാൽ മതി….
കുളിച്ചു വരുമ്പോൾ
ഒന്ന് തലതോർത്തി തന്നാൽ മതി…
സ്കൂളിൽ പോയി വരുമ്പോൾ
വരാന്തയിൽ ഒന്ന് കാത്തു നിന്നാൽ മതി..
ഒരല്പം താമസിച്ചാൽ
ഒന്ന് സ്നേഹത്തോടെ വഴക്ക് പറഞ്ഞാൽ മതി…
ഒരു പനി വന്നാൽ നെറ്റിയിൽ തൊട്ടൊന്നു നോക്കിയാൽ മതി..
ഉറങ്ങികഴിയുമ്പോൾ ഞാൻ അറിയാതെ
ഒരു പുതപ്പ് മേലെ ഇട്ടൊന്നു തന്നാൽ മതി..
ഞാൻ ഉറങ്ങി എന്ന് വിചാരിച്ചു നെറ്റിയിൽ ഒരു ചെറിയ ഉമ്മ തന്നാൽ മതി..
ഇത്രയും മതിയമ്മേ…
ഇതിനപ്പുറം ഒന്നും ഒന്നും വേണ്ടമ്മേ..”
അവൻ നിയന്ത്രണം വിട്ടത് പോലെ
ഒരല്പം ഉച്ചത്തിൽ കരഞ്ഞു പോയി….
അവന്റ തൊണ്ട വേദനിക്കുകയും
ഇരു കവിൾ തടങ്ങൾ വീങ്ങി വരുകയും ചെയ്തു….
“സഹിക്കാൻ പറ്റാതെ വന്നത് എന്ത് കണ്ടിട്ടാണന്നു അറിയാമോ അമ്മേ..
അമ്മ ഉടുത്ത സാരി എല്ലാം ഇന്നെടുത്തു ചെറിയമ്മ കത്തിച്ചു …… “
“എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലമ്മേ..
കതവ് ചാരി ഭിത്തിയുടെ മൂലയ്ക്ക്
മുഖം അമർത്തി ഞാൻ ഒരുപാട് ഒരുപാട് കരഞ്ഞു..”
ഞാൻ ഒരുപാട് ഒരുപാട് ഒറ്റയ്ക്കാവുമ്പോൾ..
അമ്മേടെ സാരിയും.. കുപ്പി വളയും…. കണ്മഷിയും ഈ ഫോട്ടോയും ഞാൻ ഇടയ്ക്ക് എടുത്തു നോക്കും..
ഉമ്മ വെക്കും..
മണപ്പിക്കും.. “
അവൻ അത് പറഞ്ഞ ശേഷം ആർത്തിയോടെ ഫോട്ടോ നെഞ്ചിലേക്ക് അമർത്തി വെക്കുകയും..
എന്നിട്ട് ഒന്നുകൂടി ഉയർത്തി
തുര തുരാ ചുംബിക്കുകയും ചെയ്തു…
കണ്ണീരിന്റെ നനവ് പറ്റിയ ഫോട്ടോയിൽ
ഒന്ന് കൂടി നോക്കി അവൻ പറഞ്ഞു..
“അമ്മേ……
അമ്മേടെ മടിയിൽ
കിടക്കാൻ തോന്നുന്നുണ്ടമ്മേ..
ഒരു നൂറു നൂറു ഉമ്മ തരാൻ തോന്നുന്നുണ്ടമ്മേ..
വയറിൽ ചുറ്റി വരിഞ്ഞു
കിടക്കാൻ തോന്നുന്നുണ്ടമ്മേ..
സാരിത്തുമ്പിൽ പുതച്ചു
കിടക്കാൻ തോന്നുന്നുണ്ടമ്മേ..
വെളിച്ചണ്ണയും ഉപ്പും കൂട്ടികുഴച്ച
ചൂട് ചോറ് ഉരുള ആക്കി അമ്മ തരുന്നത് തിന്നാൻ തോന്നുന്നുണ്ടമ്മേ..
അമ്മ പറയുന്ന വഴക്ക് കേട്ടു നിൽക്കാൻ തോന്നുന്നുണ്ടമ്മേ..
അതിനും അപ്പുറം…….അമ്മേ….എന്ന് വിളിക്കാൻ ഒത്തിരി കൊതി തോന്നുന്നുണ്ടമ്മേ..
പിന്നാമ്പുറത്തെ ജനലിനപ്പുറം
തെക്കേ പറമ്പിലെ തെങ്ങിൻതോപ്പിനു മുകളിൽ അങ്ങ് ദൂരെ നീലാകാശത്ത് പുഞ്ചിരിച്ചു നിൽക്കുന്ന നക്ഷത്രകൂട്ടത്തിലേക്ക്
അവനൊന്ന് നോക്കി…
അവിടെ..
ഒരു കുഞ്ഞുനക്ഷത്രം
അപ്പോഴും അവനെത്തന്നേ നോക്കി നിൽപുണ്ടായിരുന്നു…..❤
