രചന : ഷാഹിദ പ്രേമുഖൻ ✍
കൂട്ടുകാരെ,
ഇന്നു രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണല്ലൊ കുട്ടികളിൽ, പ്രത്യേകിച്ച് കൗമാരക്കാരായ വിദ്യാർത്ഥികളിൽ വളർന്നു വരുന്ന അക്രമവാസനകളും അതുമൂലം സമൂഹം അനുഭവിക്കേണ്ടി വരുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളും! നാട്ടിലെവിടെയും നിർല്ലോഭം ലഭിക്കുന്ന ലഹരി മരുന്നുകളും യാതൊരുവിധ സെൻസറിങ്ങുമില്ലാതെ, തെറിവാക്കുകളിലൂടെ തിരക്കഥകൾ നിർമ്മിച്ച് തീയേറ്ററുകളിലൂടെയും Smart Phone കളിലൂടെയും കുട്ടികളിൽ എത്തിച്ചേരുന്ന അശ്ലീല സിനിമകളും അവരുടെ ഇളം മനസ്സുകളിൽ നിറയ്ക്കുന്ന പൈശാചികതകൾ സാമൂഹിക ജീവിതത്തെ എത്രത്തോളം ദുരിത പൂർണ്ണമാക്കുന്നുവെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്! യാതൊരു പ്രകോപനവും കൂടാതെ സഹപാഠികളെ ക്രൂരമായി കൊലചെയ്യുന്ന കുട്ടിക്കുറ്റവാളികളെ വെറും കൗൺസലിംഗിലൂടെ നന്നാക്കിയെടുക്കാമെന്ന അധികാരികളുടെ വങ്കത്തരമോർത്തു സഹതപിക്കാനല്ലാതെ എന്തു ചെയ്യാൻ?!
രണ്ടു മാസത്തിനിടെ 63 കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വാർത്തകളാണ്ഈ കൊച്ചു കേരളത്തിൻ്റെ ഹൃദയത്തെ കീറിമുറിച്ചു കടന്നുപോയതെന്നോർക്കുമ്പോൾ നമ്മുടെനാടു നേരിട്ടു കൊണ്ടിരിക്കുന്ന അവസ്ഥ എത്രത്തോളം ഭീകരവും ഭയാനകവുമാണെന്നോർക്കണം!ഏതാനും വർഷങ്ങളായി കേരളത്തിൻ്റെ സാമൂഹ്യാന്തരീക്ഷത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന അപകടകരമായ മാറ്റങ്ങൾ യുവാക്കളുടെ മനസ്സുകളിലേൽപ്പിക്കുന്ന ആഘാതങ്ങളുടെ പ്രതിഫലനങ്ങളാണ് ഇന്ന് കലാലയങ്ങളിലുൾപ്പെടെ സംഭവിച്ചു കൊണ്ടിരിക്കുന്ന നിഷ്ടൂരമായ കൊലപാതകങ്ങളെന്നു നാം തിരിച്ചറിയണം!സംഘർഷാത്മകമായഈ സാഹചര്യത്തിൽ സ്കൂൾ -കോളേജുതലത്തിലുള്ള വിദ്യാർത്ഥികളുടെ മാനസിക നിലയിൽ കാതലായ മാറ്റങ്ങൾ വരുത്തി അവരിൽ ആശാവഹമായ തരത്തിൽ ആത്മവിശ്വാസം വളർത്തിയെടുക്കേണ്ടത് സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്തമാണ്’ !!
അതിനു വേണ്ടി വിദ്യാഭ്യാസ മേഖലയിൽ ചില പരിഷ്കാരങ്ങൾക്കു കൂടി രാജ്യം പ്രാമുഖ്യം കൊടുത്തിരുന്നെങ്കിൽ വിദ്യാഭ്യാസ രംഗത്ത് വലിയൊരു വിപ്ലവത്തിന് അത് തുടക്കം കുറിച്ചേനെ. പാഠ്യവിഷയങ്ങളോടൊപ്പം കുട്ടികളിലെ വ്യത്യസ്ഥങ്ങളായ അഭിരുചികളെ കണ്ടെത്തി വേണ്ട ത്രപരിശീലനം കൊടുക്കുകയാണെങ്കിൽ അത് അവരിലെ കുറ്റവാസനകളെ തമസ്കരിക്കാനും സഹപാഠികളെ സമഭാവനയോടെ കാണാനും ലഹരിമരുന്നുകളോടുള്ള ആസക്തി കുറയ്ക്കാനും സർവ്വോപരി അദ്ധ്യാപകരെയും അച്ഛനമ്മമാരെയും ബഹുമാനിയ്ക്കാനും സഹായിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല!
ഇന്ന് സംസ്ഥാനങ്ങൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും വിദ്യാർത്ഥികൾക്കിടയിലെ കലാപാന്തരീക്ഷത്തിൻ്റെയും പശ്ചാത്തലത്തിൽ രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിന് സ്കൂളുകളെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് പുതിയൊരുപാഠ്യപദ്ധതിയ്ക്ക് രൂപം കൊടുക്കാൻ സർക്കാരുകൾക്ക് ആലോചിക്കാവുന്നതാണ്! കുട്ടികളിൽ ആദർശബോധവും അർപ്പണ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും സർവ്വോപരി രാജ്യ സ്നേഹവും വളർത്തിയെടുക്കാൻ ഇത് നല്ലൊരവസരമാണ്!
സമീപകാലത്തു നടത്തിയ ഒരു ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് ഇൻഡ്യയിലെ ജനസംഖ്യയിൽ മൂന്നിൽ രണ്ടു ഭാഗവും 35 വയസ്സിന് താഴെയുള്ള യുവാക്കളും കുട്ടികളുമാണത്രേ !.. ലോകത്ത് മറ്റൊരു രാജ്യത്തും ഇത്രയേറെ യുവജനങ്ങളില്ലയെന്നതും ശ്രദ്ധേയമാണ്!!
സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ കുട്ടികളെ പ്രകൃതിസ്നേഹവും പരിസര ശു ദ്ധീകരണവും മാലിന്യനിർമ്മാർജ്ജനവും നടപ്പിൽ വരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പഠിപ്പിക്കുന്നതോടൊപ്പം അണുകുടുംബങ്ങളിൽ ഒറ്റപ്പെട്ടുവളരുന്ന കുട്ടികളുടെ അന്ത:ക്ഷോഭങ്ങളെ അപഗ്രഥിക്കാനും ആവശ്യമെന്നു കണ്ടാൽ മാതാപിതാക്കളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള കൗൺസലിങ്ങിലൂടെ അവരുടെ മനോനില തകരാതിരിക്കാനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ തയ്യാറായിരിക്കണം!
കേരളത്തിൽ മാത്രം ആയിരക്കണക്കിനു സ്കൂളുകളും 45 ലക്ഷത്തിലധികം വിദ്യാർത്ഥികളുമുണ്ട്! ഓരോ സ്കൂളിന്റെ യും ചുറ്റളവിൽ വരുന്ന പ്രദേശത്തിന്റെ ശുചീകരണവും പരിപാലനവും സൗന്ദര്യവൽക്കരണവും അതാതു സ്കൂളുകളിലെ കുട്ടികളെ ഏൽപിക്കണം ! ദിവസവും ഓരോ പീരിയഡ് അതിനായി മാറ്റിവയ്ക്കാവുന്നതാണ് ! കുട്ടികളുടെ കലാബോധവും ഭാവനയും അനുസരിച്ച് മരങ്ങളും പൂച്ചെടികളും നട്ടും തദ്ദേശീയ സ്ഥാപനങ്ങളുടെ സഹായത്തോടെ നല്ല നടപ്പാതകൾ നിർമ്മിച്ചും ഗ്രാമങ്ങളെ ഉദ്യാനസമാനങ്ങളാക്കി മാറ്റിയെടുക്കാം!! മറ്റുള്ള കലാകായിക വിഷയങ്ങളിൽ സമർത്ഥരായ കുട്ടികൾക്കു കൊടുക്കുന്ന പോലെയുള്ള ഗ്രേസ് മാർക്കുകൾ, ഇത്തരം ഗ്രാമീണ സൗന്ദര്യവൽക്കരണ പദ്ധതിയിൽ മുന്നിൽ നിൽക്കുന്നമിടുക്കരായ കുട്ടികൾക്കും നൽകിയാൽ അതവരിലെ കലാബോധത്തെ കൂടുതൽ വളർത്തുകയും രാഷ്ട്രത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത വളർത്താൻ സഹായിക്കുകയും ചെയ്യും!
മാത്രമല്ല, ഈ പ്രക്രിയകളിലൂടെ അവരിലുള്ള നൈസർഗ്ഗികമായ കഴിവുകളെ കണ്ടെത്തി വികസിപ്പിച്ചെടുത്താൽ, ആരോഗ്യം, സാമൂഹ്യ സേവനം, വിദ്യാഭ്യാസം, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ . മേഖലകളിലൊക്കെ നിർണ്ണായകമായ സംഭാവനകൾ നൽകാൻ അവർ ക്ക് സാധിക്കും! അതുവഴി സർക്കാരിന്റെ വിവിധങ്ങളായ സംരംഭക പദ്ധതികളിലേക്കും യുവാക്കളെ ആകർഷിക്കാം..യുവാക്കളുടെയിടയിൽ ലഹരി മരുന്നുകളുടെ ഉപയോഗം കൂടി വരുന്നതിന്റെ ഒരു പ്രധാന കാരണം , അവർക്ക്ഒഴിവു സമയങ്ങൾ ചെലവഴിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതുംഅവരിലെ സർഗ്ഗവാസനകളെ ഉണർത്താൻ പര്യാപ്തമായ തരത്തിലുള്ള പ്രോത്സാഹനങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നു ലഭിക്കാത്തതുമാണ്!
എന്നാൽ,ലോകമെമ്പാടുമായി ഇന്ത്യൻ യുവാക്കളുടെ ബുദ്ധിക്കു വിലപറഞ്ഞിരിക്കുന്ന ആഗോള തൊഴിൽ വിപണിയിലെ ആകർഷണീയ ഉൽപന്നമായി അവനെ മാറ്റിയെടുത്താൽ , പുതിയ പ്രതിസന്ധിയിൽ തകർന്നിരിക്കുന്ന ഇൻഡ്യൻ സമ്പൽ വ്യവസ്ഥയ്ക്ക് അത് വലിയൊരു മുതൽ കൂട്ടുമായിരിക്കും!
ചെറുപ്പത്തിലേ കുട്ടികളിൽ വേരൂന്നാൻ സാദ്ധ്യതയുള്ള അക്രമവാസനയിൽ നിന്നും സാമൂഹ്യനിഷേധത്തിൽ നിന്നും അകറ്റി ഗ്രാമ സൗന്ദര്യത്തിന്റെ പരിശുദ്ധ പഥങ്ങളിലൂടെ രാഷ്ട്രപുരോഗതിയുടെ പരമോന്നത തലങ്ങളിലേക്ക് അവരെഎത്തിക്കാൻ ഇതൊരു നല്ല മാർഗ്ഗമാണ്!
ഭരണ-പ്രതിപക്ഷകക്ഷികൾ, തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി പരസ്പരം പോരടിക്കാതെ ,കുട്ടികളിലെ ക്രിയാത്മകതയെ ആരോഗ്യപരമായ മേഖലകളിലേക്കു തിരിച്ചുവിടാൻ കൂട്ടായി പരിശ്രമിക്കണം! നിയമങ്ങൾ നിർമ്മിച്ചു വച്ചാൽ പോരാ; വേണ്ടിടത്തു വേണ്ട രീതിയിൽ പ്രയോഗിക്കാനുള്ള ആർജ്ജവമാണ് ഒരു നല്ല ഭരണാധികാരിക്കുവേണ്ടത്! അതില്ലാ ത്തതാണ് ഇന്നു നമ്മുടെ നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി!
വളർന്നു വരുന്ന തലമുറയെ ഓർത്തെങ്കിലും അധികാര കേന്ദ്രങ്ങൾ ഉണർന്നു പ്രവർത്തിക്കട്ടെ!🙏
