മഞ്ജരിയിൽ
മൃദുലപദാവലി കോർത്തു
ശ്രീകൃഷ്ണകർണ്ണാമൃതം പാടി ചെറുശ്ശേരി…..
യമുനാപുളിന വസന്തങ്ങളിൽ
കാവ്യനിർത്ധരി
പൂപൂത്ത വർണ്ണവസന്തമായ്
നിരന്നുലാവുകയായ്
അവിടൊരു ഗോപകുമാരകൻ
ആഴി നേർവർണ്ണനവൻ
നറുപുഞ്ചിരിയാൽ തീർക്കയായ്
മറ്റൊരു സ്വർഗ്ഗാരാമം
മുളവേണു അധരത്തെ
തഴുകുമാറമർത്തിയവൻ
അഞ്ചാതെ കോലുന്നു
യദുകുലകാംബോജി…..
പ്രണയിനി രാധാഹൃദയ തന്ത്രികളിൽ
ആ കുഴലോശവിരിയിച്ച രാഗമേത്
കല്യാണിയോ ‘…. ശ്രീരാഗമോ ?
ഇവനെൻ മെയ്യിലൊന്നു തരസാ
തലോടുകിൽ നന്നെന്ന്
ചിന്തിച്ചു മരുവും കായാവിൻ മനതാരിൽ
ഉയിരിട്ടുയരുന്ന രാഗം
ബിലഹരിയോ ഹിന്ദോളമോ ?
ഒരു കാളീയ ഗർവ്വം തന്നിൽ
നഞ്ചു കലർത്തിടുകിലെന്ത്
ഇന്നും താൻ കാത്തിരിപ്പതൊരു
ലോലമാം കൃഷ്ണസ്പർശം കാമിച്ചഹോ
എന്നു പറയാതെ പറയും
യമുനാ ഹൃദന്തത്തിൽ
അനിർവചനീയത കോർത്തത്
ബൃന്ദാവൻസാരംഗയോ?
വിപദിവിപരീതമാകവേ
വേർപ്പെട്ടകന്നുപോയ
ഒരുപൂവിൻ ഇതളുകളാം
രാധാമാധവ ജൻമങ്ങൾ
പിരിഞ്ഞകലവേ
കലുഷിതയായ പ്രകൃതി
പാടി വിടചൊല്ലിയ രാഗം
മധ്യമാവതിയോ….മുഖാരിയോ?
രാഗങ്ങളേതാകിലെന്ത്
വിരഹമതേ പ്രതിപാദ്യം
വിരഹംകൊള്ളുവോർക്കറിയാം
പിന്നിയകലുന്ന ഹൃദയനൊമ്പരങ്ങൾ
നോവു പിടയുന്ന വിരഹമേ
നിൻ വ്യഥ തീർക്കാൻ
നിയതി തഴുകി തലോടട്ടെ
നിങ്ങൾക്കുമേൽ
മയനൂലിഴപാറ്റികുളിരു കോരും
മേഘമൽഹാറിൻ സാന്ത്വനം.

സ്നേഹചന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *