രചന : അഡ്വ: അനൂപ് കുറ്റൂർ✍
അച്ഛനുമമ്മയ്ക്കുമരുമയാമോമന
അന്യഗൃഹത്തിലേക്കാനയിക്കാൻ
അപായമേറിയ കല്യാണം കാരണം
അപവാദത്താലവളെരിഞ്ഞീടുന്നു.
അന്യർക്കിടയിലനുകമ്പയില്ലാതവൾ
അടുക്കളക്കാരിയായിയകത്തളത്തിൽ
അധിപനാമാണിനുയിഷ്ടമാകുന്നതു
അറിഞ്ഞവളേകേണമടിമയായിട്ടെന്നും.
അമ്മായിയമ്മയ്ക്കവളാജ്ഞാനുവർത്തി
അവസരത്തിനൊത്തെന്നാലാക്ഷേപിക്കും
അപരാധമേതിലുമൊന്നുമില്ലെങ്കിലും
അവളെന്തുചെയ്തീടീലുംകുറ്റമെന്നായി.
ആഗ്രഹമെല്ലാമുള്ളിലൊതുക്കേണം
ആട്ടും തുപ്പുമാണാകിലും ശിഷ്ടമായി
ആരംഭം തൊട്ടേ അവൾ വലതുകാലാൽ
അപശകുനമായിത്തീരുന്ന വേളിഗൃഹം.
ആട്ടിപ്പായിക്കേണമെന്നെന്നുമുള്ളിലായി
ആവർത്തിക്കുന്നുണ്ടെന്നുമെല്ലാവരും
ആണിനടിയിലേ ചവിട്ടു കല്ലായിയവൾ
അഭിപ്രായമില്ലാതെ ഊമയേപ്പോലെന്നും.
അറിവില്ലാത്തോളെന്നുമേ മണ്ടിയായി
അറിയാതൊരിക്കലെതിർത്തുപ്പോയാൽ
അനുശാസനത്തിനായിരമധികാരികൾ
അരുതെന്നോതാനായിയവളുടെയമ്മയും.
ആദ്യാനുഭവം തൊട്ടേ കണവനുള്ളിൽ
അഴിഞ്ഞാട്ടക്കാരിയോയെന്ന തോന്നൽ
ആരുടെയെങ്കിലും കൂടെ കിടന്നോന്ന്
ആരുമറിയാതവനെന്നുമാവർത്തിക്കും.
അവിഹിതത്തിനുവയസ്സനായാലും മതി
അവസരമൊത്തൊന്നുതഴുകീടുവാൻ
ആരുമറിയാത്തൊരാ കാണാമറയത്തും
അഴിഞ്ഞാടുവാനവളൊരുക്കമെന്നും.
അടിയും തൊഴിയുമലോഹ്യവുമേറുന്നു
അശനിയോടെയുള്ളമേഘധ്വനിപ്പോലെ
അടിമയേപ്പോലവൾ നിന്നില്ലെങ്കിലോ
അഭിസാരിണിയെന്നോതാനാളനേകം.
അവളോകളങ്കിത ; ആളിനപമാനമായി
അറപ്പോടെയവളെ അകറ്റി നിർത്തേണം
അനാദരവാലെപ്പഴിപ്പരത്താനായേവരും
അശ്ലീലക്കാരിയെന്നല്ലാമാക്ഷേപിക്കും.
ആഹാരവുമില്ല; ഉടുത്തൊരുങ്ങാനാവില്ല
അങ്ങാടിയിലേക്കൊന്നും പോകാനുമാവില്ല
അകത്തളത്തിലൊതുങ്ങുവാനായാജ്ഞ
അധികപ്പറ്റാകുന്നോരിരകളായീടുന്നന്ത്യം.
അമ്മയുമരുമകളുമൊറ്റയായിടുമ്പോൾ
ആരുമവരേയൊന്നാസ്വദിച്ചീടാനായി
അന്തിക്കെത്തിയാവാതിലിലൊന്നു മുട്ടി
അറുമാദിക്കാനായിട്ടുള്ളിലാശയാലെ.
അരുമകളന്ത്യത്തിൽഓതുന്നു അമ്മേ ;
അവസാനിപ്പിക്കേണമെല്ലാമൊടുങ്ങട്ടെ
ആദ്യമൊരുങ്ങില്ലൊരു അമ്മയെന്നാൽ
അന്ത്യത്തിലവരെന്തിനുമൊരുക്കമായി.
അതിരുകടക്കുമ്പോ ഒരുമ്പിട്ടിറങ്ങുന്നു
അതിവേഗതീവണ്ടിക്കടയായീടുവാൻ
അവരെല്ലാമിഞ്ചിഞ്ചായി ചത്തെന്നാലും
ആർക്കുമുണ്ടാകില്ലൊരു ചേദമെന്നായി.
ആർക്കുമിനിയവർ ഭാരമാകില്ലെന്നും
അന്യരോടൊത്തിനി ജീവിതം വേണ്ടെന്നും
അവരാത്മഹത്യയാലറുതിയായാലാരും
അവർക്കായി കരയാനായിയില്ലയെന്നും.
