രചന : മേരിക്കുഞ്ഞ്✍
തൊട്ടയൽമതിലിന്റെ –
യങ്ങേതലയ്ക്കലെ
പ്രിയമുള്ള വീട്ടിൽ നി-
ന്നുയരുന്നുണ്ടലമുറ !
മറിയാമ്മച്ചേടത്തി വീണു !
തുടയെല്ലു പൊട്ടി ….
സത്യനന്തിക്കാട്
ചിത്രത്തിലെ
ഫെയ്ം
കൊച്ചു ത്രേസ്യാക്കൊച്ചിൻ
നേരുള്ള ചെയ്തിയും
നെറിവുള്ള ഭാവവും
പാലപ്പത്തിൻനിറ-
ച്ചന്തവുമുള്ളൊരാൾ…..
തറവാട്ടകങ്ങളിൽ
കത്തുന്നപൊൻവിള –
ക്കായപൊന്നമ്മ!
എങ്ങനെ
ആശ്വസിപ്പിക്കേണ്ടു
പൊൻമക്കളെ പ്രിയമരുമക്കളെ ,
പേരക്കിടാങ്ങളെ…
ഓർത്തോർത്തു നോക്കീട്ടും കൂട്ടിക്കിഴിച്ചു
പെരുക്കി
ഹരിച്ചിട്ടു
മൊട്ടേറെവാക്കിട്ടു
ചെപ്പിൽ കുലുക്കി –
പരതി യെടുത്തിട്ടും
കിട്ടിയില്ലുചിതമാം
സാന്ത്വന വാക്കുകൾ.
നന്മകൾ കിനിയുന്ന
മൊഴി വേണ്ടതല്ലയോ
ഒന്നുമേ തെളിയുന്ന –
തേയില്ല ബുദ്ധിയിൽ …
മുഷിഞ്ഞു നനഞ്ഞോരു –
ടയാട മാറ്റാതെ –
യോടിയെത്തിവാതിൽ
മണിയടിച്ചില്ലതിൻ
മുമ്പതാ കടലിലെ
തിരമാലകൾപോലെ
മൂർച്ച ശ്ശകാര-
മിരമ്പുന്നു ;
താഴെ
വീണു ചിതറുന്നു…..
വെറുപ്പുകൾ ഊതുന്നു
ശാപസീത് ക്കാരം
ഒട്ടുമിടതടവില്ലാതുറക്കെ !
അന്ധിച്ചു നിന്നു പോയ് !
” തള്ളയ്ക്കു വീഴുവാൻ
കണ്ടോരു നേരം …!! എന്റീശോ…
പള്ളിയിൽ കെട്ടു –
തീരുന്നതിൻ മുമ്പ –
ങ്ങെത്തേണ്ടതല്ലേ…..”
“കഷ്ടം മഹാ കഷ്ടം;
മെനക്കെടുത്താതെ
മനുഷ്യരെ യിങ്ങനെ…..
കട്ടിലൊഴിഞ്ഞു പൊയ് –
ക്കൂടെൻ്റെതള്ളേ “
നാട്ടു പ്രമാണി മഹാമാന്യ – പുത്രൻ്റെ
കരുതലിൻ ഭാഷണം !
“ചത്തു പോമെങ്കിൽ
ചടങ്ങുകളറാക്കാം. “
കൂട്ടത്തിലിളയോ –
ന്റിളിഞ്ഞോരു ഫലിതം.
“അപ്പനേൽപ്പിച്ചൊരു
സമ്പാദ്യമിതുവരെ
പങ്കിടാതാർത്തി
പെരുത്തോരു
ഡാകിനി “
അരുമയാംകൊച്ചു –
മോന്റെമ്മ
മരുമകൾ
കാത്തു നില്ക്കേണ്ടയി –
കൊട്ടാര വാതില്ക്കൽ …..
തുറന്നാലബദ്ധമാം .
തിരിഞ്ഞോടി ശീഘ്രം
പുറപ്പെട്ടിടത്തെത്തി
നിന്നുകിതച്ചു
സ്വയമൊന്നു
മിഴിതാഴ്ത്തി
നോക്കവേ
ചേക്കക്ക്
തിരക്കിയിട്ടെത്തുന്ന
തള്ളത്തരം ഇതാ…
നിനവിലും
തനുവിലും
പുഞ്ചിരിതൂവിയുലഞ്ഞു
നില്ക്കുന്നു !
ഒരു തള്ളക്കനമുണ്ട്
കാലിടുപ്പെല്ലിൽ
തട്ടീട്ടും മുട്ടീട്ടും
നോക്കി വെറുങ്ങനെ ….
സ്നേഹമോടെ-
യൊന്നുഴിഞ്ഞു
പെരും തുട
ഇല്ല കുഴപ്പമെന്നാകിലും,
കുത്തി മൊബൈലിൽ
“പ്രിയ സൗഹൃദങ്ങളേ
സൂക്ഷിച്ചു തന്നെ നടക്കണം കേട്ടൊ…..
വീഴാതെ നോക്കണം ! “
സ്നേഹച്ചിരിപ്പല്ല്
മുന്നിലേയുള്ളൂ
ഉള്ളിലണപ്പല്ല്
തകരും നെരിഞ്ഞ്
വെറുപ്പിൻ്റെ കൂട്ടി –
ലകപ്പെട്ടു പോകുമീ
അവശ വാർദ്ധക്യം.
നേരം മയങ്ങി
ഇനിയൊന്നു ചായാം
അടുക്കളയിൽ പണി
ഇനിബാക്കിയില്ല.
ഉണ്ട്
മഴക്കോള്
ആകാശമാകെ
അതിനാലെയാണ്
എന്നുതോന്നുന്നു
പുഴുക്കമുണ്ടേറെ