രചന : സബീർ കെ വി ✍
പ്രായപൂർത്തിയാവാത്ത കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് അവരുടെ മാതാപിതാക്കളെക്കൂടി പ്രതിയാക്കി കേസെടുക്കണമെന്നും, കുട്ടികളെ അടികൊടുത്ത് വളർത്തണമെന്നും, അദ്ധ്യാപകർക്ക് അവരുടെ ചൂരൽ തിരിച്ചു കൊടുക്കണം എന്നൊക്കെയാണല്ലോ ഇപ്പോഴത്തെ ചൂടേറിയ ചർച്ച.
മാതാപിതാക്കളെ പ്രതിച്ചേർക്കുന്ന കാര്യം ബാലിശമാണ്. എല്ലാ കുട്ടികളുടെയും പ്രശ്നങ്ങൾ മാതാപിതാക്കളെ മാത്രം ആശ്രയിച്ചല്ല ഉണ്ടാവുന്നത്. അവർ വളരുന്ന സമൂഹത്തിനും വ്യവസ്ഥിതിക്കും നിയമ സംവിധാനത്തിനും തുടങ്ങി പലതിനും അതിൽ പങ്കുണ്ട്. അല്ലാതെ കുട്ടികൾ ചെയ്യുന്ന കുറ്റങ്ങൾക്ക് കുടുംബത്തെ മൊത്തം തുറുങ്കിലടക്കുകയോ തൂക്കികൊല്ലുകയോ ചെയ്യണമെന്ന് പറയുന്നത് ആവേശത്തിന്റെ പുറത്ത് എഴുന്നള്ളിക്കുന്ന മണ്ടത്തരം മാത്രമാണ്.
കുട്ടികളെ അടിച്ചു വളർത്തണമെന്ന അഭിപ്രായത്തോടും തീർത്തും യോജിപ്പില്ല. പ്രതികരിക്കാൻ അവകാശമില്ലാതെ തല്ലും വഴക്കും ഏൽക്കേണ്ടിവരുന്നവരുടെ രോഷപ്രകടനം എങ്ങിനെയൊക്കെയാവുമെന്നത് പ്രവചനാതീതമാണ്. അതിപ്പോൾ മാതാപിതാക്കൾ ആയാലും അദ്ധ്യാപകരായാലും കുട്ടികളിൽ അക്രമവാസന ഉണ്ടാക്കാനാണ് സഹായിക്കുക. അല്ലെങ്കിൽ അവരിൽ എന്തെങ്കിലും തരത്തിലുള്ള റിവഞ്ച് രൂപപ്പെടും. എല്ലാ റിവഞ്ചുകളും എപ്പോഴും പോസിറ്റീവ് ആവണമെന്നില്ല.
നിസ്സഹായനായി പ്രതികരിക്കാൻ അവസരമില്ലാതെ തല്ലുകൊള്ളുമ്പോൾ അനുഭവിക്കുന്ന വേദനയും നിസ്സഹായാവസ്ഥയുമൊക്കെ അനുഭവിച്ചവർ അതൊക്കെ തിരികെക്കൊണ്ടുവന്നാൽ എല്ലാം ശരിയാവുമെന്ന് പറയുമെന്ന് തോന്നുന്നില്ല. അനുഭവത്തെക്കാൾ വലിയ പാഠമൊന്നും എവിടെയും കിട്ടുകയുമില്ല.
മാറേണ്ടത് നമ്മുടെ ചിന്താഗതികളാണ്. ലഹരിവസ്തുകളുടെ ലഭ്യതയും വിൽപ്പനയും തടയാനും, അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ നേരിടുന്ന കർശനമായ നിയമ സംവിധാനം ഉണ്ടാവണം. പിടിക്കപ്പെടുന്നവർക്ക് മാതൃകാപരമായി ആജീവനാന്തം ശിക്ഷ ഉറപ്പാക്കണം. വിൽക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും ടാർഗറ്റ് ചെയ്യണം, അല്ലാതെ അവരുടെ കെണിയിൽ വീഴുന്ന കുട്ടികളെ മാത്രം ടാർഗറ്റ് ചെയ്യരുത്.
അതിനെല്ലാം ഉപരി, നമ്മുടെ കുട്ടികളോട് മനസ്സ് തുറന്ന് നമ്മൾ സംസാരിക്കണം. അവരെ മനസ്സിലാക്കണം. കാലം മാറുന്നതിനനുസരിച്ച് അവരോടുള്ള സമീപനത്തിലും മാറ്റം വരുത്താൻ ശ്രമിക്കണം.
ജനറേഷൻ ഗ്യാപ്പ് ഒരു സത്യമാണ്, നമ്മുടെ ജനറേഷൻ കാര്യങ്ങളെ സമീപിച്ചിരുന്ന അതേ രീതിയിൽ ഇപ്പോഴത്തെ കുട്ടികളും കാര്യങ്ങൾ ചെയ്യണമെന്ന് വാശിപിടിക്കുന്നത് തെറ്റാണ്.
മക്കളോടെന്നല്ല, ആരോടായാലും, അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചുവേണം അഭിപ്രായങ്ങളും പ്രതികരണങ്ങളും നടത്താൻ. മക്കളെ മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ നമ്മളാണ് ആദ്യത്തെ പരാജയം, അല്ലാതെ അവരല്ല.
നമ്മൾ മക്കളോട് അങ്ങോട്ട് പറയാൻ മാത്രമല്ല, അവരെ കേൾക്കാനും സമയം കണ്ടെത്തണം. ഒരുമിച്ച് ഒരുപാട് ക്വാളിറ്റി സമയം ചിലവഴിക്കണം.
അവരുടെ എല്ലാ ആവശ്യങ്ങളും കേൾക്കണം, എന്നിട്ടാവണം ഉചിതമായ തീരുമാനം അവരെക്കൂടി വിശ്വാസത്തിലെടുത്ത് നടപ്പിലാക്കാൻ. നമ്മുടെ ഇഷ്ടങ്ങൾ അവരിൽ അടിച്ചേൽപ്പിക്കരുത്. നമ്മുടെ ഇഷ്ടങ്ങൾ നടപ്പിലാക്കാനുള്ള യന്ത്രങ്ങളല്ല കുട്ടികൾ.
ചാക്കോ മാഷ് നല്ലതാണെന്ന് ചാക്കോ മാഷിന് മാത്രമേ അഭിപ്രായമുണ്ടാവൂ, നമുക്കെല്ലാം സ്ഫടികം സിനിമയിലെ ആ കഥാപാത്രം എന്നും വില്ലനാണ്.
കഴിഞ്ഞദിവസം അടികൊണ്ട് വീട്ടിൽ വന്നുകിടക്കുന്ന മോന് ആരെങ്കിലും മയക്കുമരുന്ന് കൊടുത്തതാവുമെന്നാണ് വീട്ടുകാർ ആദ്യം കരുതിയതെന്നാണ് കേൾക്കുന്നത്. പിന്നീട് ആശുപത്രിയിൽ മരിച്ചുപോയ കുട്ടിയെ കുടുംബത്തിന് അറിയില്ല എന്നല്ലേ അതിന്റെ അർത്ഥം? മാത്രമല്ല, എന്തെങ്കിലും പ്രശ്നമുണ്ടായാൽ വീട്ടിൽ പറയാനുള്ള സ്വാതന്ത്ര്യം അവനില്ല എന്നും വേണ്ടേ വിലയിരുത്താൻ? ഇതിലൊന്നും നമുക്ക് ഒരു പാരന്റിംഗ് പ്രശ്നം തോന്നുന്നില്ലേ?
അവസാനമായി, കാര്യങ്ങളോട് വെറുതെ വൈകാരികമായി പ്രതികരിക്കാതെ, അനുയോജ്യമായ തിരുത്തലുകൾ അടിവേരുമുതൽ തുടങ്ങണമെന്നാണ് പറയാനുള്ളത്. അല്ലാതെ കാലഹരണപ്പെട്ട വ്യവസ്ഥിതികൾ തിരിച്ചുകൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്യുന്ന, പുതിയ പിള്ളാര് കളിയാക്കുന്ന, അമ്മാവൻ ചിന്താഗതിയല്ല നമുക്ക് ഉണ്ടാവേണ്ടത്.
അതിപ്രധാനമായി പറയാനുള്ളത്, അന്നും ഇന്നും എന്നും ക്രിമിനൽ സ്വഭാവമുള്ള ഒരു വിഭാഗം പ്രായഭേദമന്യേ സമൂഹത്തിലുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയും മാധ്യമങ്ങളും സജീവമായതുകൊണ്ട് എല്ലാം വളരെ വേഗത്തിൽ പുറത്തേക്ക് വരുന്നുണ്ടെന്ന് മാത്രമേയുള്ളൂ.
പുതിയ തലമുറയിൽ മാതൃകയാക്കാൻ പറ്റുന്ന ഒരുപാട് അടിപൊളി കുട്ടികളുമായി ഇടപെട്ടിട്ടുണ്ട്. ഞാൻ കണ്ടതിൽ അവരാണ് ഭൂരിപക്ഷവും. ഒരു ചെറിയ വിഭാഗം ചെയ്യുന്ന തോന്ന്യാസങ്ങളുടെ അടിസ്ഥാനത്തിൽ ഒരു തലമുറയെത്തന്നെ ഇകഴ്ത്തിക്കാണിക്കുന്നത് നീതികേടാണ്. അതൊക്കെ സത്യത്തിൽ നിന്നുള്ള തികഞ്ഞ ഒളിച്ചോട്ടമാണ്.
ലവ് യു ഓൾ 🥰 Life is beautiful 😍❤️
