രചന : യൂസഫ് ഇരിങ്ങൽ✍
ചിലപ്പോഴൊക്കെ അയാൾ
ഭാര്യയായ എന്നിൽ നിന്ന്
എന്തോ മറക്കുന്നുണ്ടെന്ന്
എനിക്ക് തോന്നാറുണ്ട്
ഏതോ ഒരു നമ്പറിൽ
വെറുതെ
ഒരു മെസ്സേജ് അയച്ചു
കാത്തിരിക്കുന്നപോലെ
തോന്നും
അസ്വസ്ഥമായ ഏതോ
ഓർമ്മകളിൽ
അയാൾ ഇടയ്ക്കിടെ
മഹാ മൗനിയാകും
ചിലപ്പോൾ ഏറെ ആഹ്ലാദം നിറഞ്ഞ
നിമിഷങ്ങളിൽ നിന്ന്
പെട്ടെന്ന് ഉൾ വലിയുന്നതായി തോന്നും
എന്തെങ്കിലും പരിഭവം പറഞ്ഞു
കലഹിക്കണമെന്ന് തോന്നുമ്പോഴൊക്കെ
അയാൾ ഏറെ നിർവികാരനായി
നിന്നു കളയും
എനിക്കപ്പോൾ സങ്കടം വരും
പിന്നിൽ പോയി നിന്ന്
അയാളെ ഇറുകേ പുണരും
മുൻപ് ഞാൻ
അയാളുടെ ഫോണിൽ
വെറുതെ എന്തെങ്കിലും
തിരയാറുണ്ടായിരുന്നു
ഇപ്പൊ നോക്കാറേയില്ല
പഴയ ഏതോ ഒരു
പ്രിയ മുഖം അയാളുടെ മനസ്സിൽ ഇപ്പോഴും
തെളിഞ്ഞു കത്തുന്നെണ്ടെന്ന് എനിക്കറിയാം.
അയാളുടെ എല്ലാ കഥകളിലും
സുന്ദരിയായ ഒരു ഏകാകിനി
ഉണ്ടാവാറുണ്ട്
പുതുതായിഎഴുതുന്ന കഥയിലും നായിക ജീവിതത്തിൽ
ഒറ്റപ്പെട്ടു പോയൊരുവളാണെന്ന്
എനിക്ക് മനസിലായി.
അവളെ പ്രണയം കൊണ്ട്
മുറിവേല്പിച്ചവൻ
എത്ര ദുഷ്ടനാണെന്ന്
ഞാനയാളുടെ നെഞ്ചിൽ
കിടന്നു കൊണ്ട് പറഞ്ഞു
തികച്ചും അവിചാരിതമായി
അയാൾ എന്നെ കെട്ടിപിടിച്ചു
തുരു തരാ ഉമ്മവെച്ചു
നനഞ്ഞു കുതിർന്ന കണ്ണുകളിൽ
ഞാൻ ഒരു വട്ടം നോക്കി
പിന്നെ അയാളെ ചേർത്ത് പിടിച്ചു
അമ്പേറ്റു പിടയുന്നൊരു
പക്ഷിയെപ്പോലെ
അയാളെന്റെ
നെഞ്ചിൽ ചേർന്ന് കിടന്നു
അയാൾ പിന്നെയും പിന്നെയും കഥകൾ എഴുതി
എല്ലാ കഥകളിലേയും
നായികയ്ക്ക് ഒരേ
മുഖമായിരുന്നു.
ഓരോ കഥ എഴുതിക്കഴിയുമ്പോഴും
വാക്കുകൾ നഷ്ടപ്പെട്ട്
വിതുമ്പുന്നൊരു
പിഞ്ചു കുഞ്ഞിനെ പോലെ
അയാളെന്റെ മടിയിൽ കിടക്കും
ഞാൻ അവളെക്കുറിച്ച്
ഒന്നും ചോദിക്കാതെ
അയാളെ ചേർത്ത് പിടിക്കും.
അയാൾ വീണ്ടും വീണ്ടും
ഒരു പാട് കഥകൾ പറയും
എന്നെ ഉമ്മകൾ കൊണ്ട് പൊതിയും
എങ്കിലും അയാളുടെ
ഹൃദയ രക്തം പുരണ്ട അക്ഷരങ്ങളിൽ
ഇപ്പോഴും സുന്ദരിയായി
മിന്നി മറയുന്നവളോട്
എനിക്ക് ഇടയ്ക്കിടെ
അസൂയ തോന്നാറുണ്ട്.