എന്തൊരു കഷ്ടം!അധികാരികൾ, ഹ!
പന്താടുന്നു ജീവിതമിവിടെ
മർത്യന്നൊരുവനു ജീവിക്കാനായ്
കർത്തവ്യങ്ങൾ ചെയ്യാനാവാ!

ഓർക്കാമവരുടെ ജീവിത ഭാരം
കർക്കിടകത്തിൻ പട്ടിണി നൽകും
ചാക്രിക ദുഃഖം നക്രം പോലെ
മർക്കടമുഷ്ടിക്കാരറിയില്ല.

റാഗിങ്ങെന്നൊരു പുതിയൊരു രൂപം
നാഗംപോലെ പത്തി വിടർത്തി
യുവതയെ,യവരുടെ ആർജ്ജവമൊക്കെ
യുദ്ധസമാനമതില്ലാതാക്കി.

അവികലമിവിടെ കൊണ്ടാടുന്നു
അവിവേകത്തിൻ ഉത്സവമേളം
കൊലചെയ്തീടാൻ കുട്ടികളവരെ
കൂട്ടിവിടുന്നു താതന്മാരും.

“കുഞ്ഞുങ്ങൾക്ക് കേസിവിടില്ല
കൂട്ടംകൂടി തല്ലിക്കൊന്നാൽ
കേസുണ്ടാവി”ല്ലെന്നു ധരിച്ചും
കുട്ടികളിവിടെ വെല്ലുവിളിക്കും
കുട്ടിക്കൊലയാളികളായ് മാറും.

ലഹരി പദാർത്ഥം വിൽക്കും മുലം
ലഹളകളേറെ ചുറ്റും കാണാം
ഇഹലോകത്തെ ചൊൽപ്പടി നിർത്താൻ
പണമുണ്ടാക്കാൻ വഴി തേടുന്നു.

അവരുടെ,യിഷ്ട രാഷ്ട്രീയക്കാർ
ലഹരിക്കടിമകളായവരുല കിൽ
കാണുന്നതിനെ ലാഘവമോടെ
കുരുന്നുകളെയും കൊന്നു മലർത്തും.

അക്രമസിനിമ വളരും നാട്ടിൽ
അക്രമമിവിടെ ദിനവും സുലഭം
അതുകണ്ടല്ലോ പുതുതലമുറകൾ
പതിവില്ലാതെ ഹിംസിക്കുന്നു.

രാഷ്ട്രീയത്തിൽ ചെയ്തൊരു ക്രിയകൾ
ഇഷ്ടംപോലെ വെട്ടും കുത്തും
ഇന്നിവരവരുടെ കലാലയത്തിൽ
ചെന്നു പകർത്തി രസിച്ചീടുന്നു.

അച്ഛനു,മമ്മയു, മാണെന്നാലും
ഇച്ഛയ്ക്കവരൊരു തടസ്സമതെങ്കിൽ
കൊച്ചൊരു പണിയാൽതട്ടിക്കളയും
മിച്ചം ഭൂമിയിൽ വച്ചേക്കില്ല.

ആനചവുട്ടി കൊന്നവരെത്ര?
ആരാണതിനിന്നുത്തരവാദി?
പാവപ്പെട്ടൊരു കർഷക ജനത
പാർക്കുന്നിവിടെ ഭയമോടിന്നും.

പന്നിയുമവയുടെ വർഗ്ഗമതൊക്കെ
ഇന്നും മർത്യനു കെണിയാകുന്നു.
കൊന്നാലവയുടെ ജീവനു പകരം
കൊണ്ടേപോകും നമ്മുടെ ജീവൻ.

ആരുടെകുറ്റം മൃഗാധിപത്യം
ആരാണിതിനിന്നുത്തരവാദി?
അന്യോന്യം നാം കുറ്റം ചൊല്ലി
അന്യനുമേലെ വന്നി കൊളുത്തും.

തോമസ് കാവാലം

By ivayana

Leave a Reply

Your email address will not be published. Required fields are marked *