രചന : കാവല്ലൂർ മുരളീധരൻ✍
മുന്നിൽ നടന്നുപോകുന്നത് ഞാൻ തന്നെയാണോ എന്ന് ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിരുന്നു.
അടുത്തിടെയായി അത് ഞാൻത്തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു.
അയാൾ ഒരിക്കലും തിരിഞ്ഞുനോക്കാറില്ല എന്നതാണ് അത്ഭുതം.
ഒരുപക്ഷെ അയാളുടെ ശ്രദ്ധ മുഴുവൻ ലക്ഷ്യത്തിലേക്കായിരിക്കാം.
തനിക്കാണെങ്കിൽ ഒരു ലക്ഷ്യവുമില്ല, എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചുപോകണമെന്നു മാത്രം.
എന്നിട്ടും വളരെ ലക്ഷ്യബോധമുള്ള ഒരാൾ മുന്നിൽ നടന്നുപോകുന്നു എന്ന് തോന്നാൻ എന്താണ് കാരണം? ഒരുപക്ഷെ താൻ അങ്ങനെ ആയിത്തീരാനുള്ള തയ്യാറെടുപ്പിലാണോ?
എത്രയോ തവണ താൻ ശ്രമിച്ചു പരാജയപ്പെട്ട ലോകമാണിത്. എന്തുകൊണ്ട് ശ്രമങ്ങൾ തുടരാൻ തനിക്ക് കഴിഞ്ഞു എന്നത് വല്ലപ്പോഴും അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചിരുന്നു.
നിങ്ങൾ അങ്ങനെയാണോ എന്നെനിക്കറിയില്ല. വല്ലപ്പോഴുമെങ്കിലും സ്വസ്ഥമായിരുന്നു, എന്തെങ്കിലും നല്ലത് വിചാരിച്ചു, അറിയാതെ ചുണ്ടുകൾ ഒരു ചെറിയ ചിരിയിലേക്ക് നീങ്ങുന്ന നിമിഷങ്ങൾ, നിങ്ങൾ അത് അനുഭവിക്കാറുണ്ടോ? ഉണ്ടായിരിക്കാം, പക്ഷെ നമ്മൾ ശ്രദ്ധിക്കാറില്ല. അല്ലെങ്കിലും നമ്മിൽ സംഭവിക്കുന്ന നല്ലതൊന്നും നാം തിരിച്ചറിയുകയോ, അനുഭവിക്കുകയോ ചെയ്യാറില്ല. നമുക്ക് വേദനകളിൽ ഉഴറാൻ, നിരാശകളിൽ നീന്താൻ, നഷ്ടങ്ങളിൽ അരിശപ്പെടാൻ, ഇതൊക്കെയാണ് കൂടുതൽ ഇഷ്ടം.
അടുത്ത കാലത്ത് ലോകത്തിലെ ഏറ്റവും വലിയൊരു ബിസിനസ്സ് ഗ്രൂപ്പിന്റെ തലപ്പുത്തുള്ള എക്സിക്യൂട്ടീവുകളുടെ ബയോഡാറ്റ വായിക്കാനിടയായി.
ലോകത്തിലെതന്നെ ഏറ്റവും വലിയൊരു സാങ്കേതികസ്ഥാപനത്തിലെ മുൻനിര എക്സിക്യൂട്ടീവുകളുടെ വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക വിദ്യയിൽ ആയിരുന്നില്ല. ഓരോന്ന് വായിക്കുംതോറും താൻ അത്ഭുതപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ ഇവരെല്ലാം സംസാരിക്കുമ്പോൾ ആ സ്ഥാപനത്തിന്റെ വളർച്ചയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട്, പ്രതിബദ്ധത,
സമർപ്പണം ഇതെല്ലം തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
മനുഷ്യന് വേണ്ടത് ആത്മവിശ്വാസം മാത്രമാണ്. താനിത് ചെയ്യും, നേടിയെടുക്കും എന്ന ആത്മവിശ്വാസം. ഒപ്പം തന്റെ ഉള്ളിലെ അറിവുകൾ മറ്റുള്ളവരിലേക്ക് പ്രകാശിപ്പിക്കാനുള്ള കഴിവും. മറ്റുള്ളവർ തനിക്കുവേണ്ടി കാതുകൾ കൂർപ്പിക്കുന്ന നാവ്, വാക്ധോരണി. യോഗ്യതയും, അനുഭവജ്ഞാനവുമൊക്കെ ഇന്നത്തെക്കാലത്ത് ഒരു മുൻനിര വിഷയമല്ല.
ഒരാളുടെ കൈപിടിച്ചു കുലുക്കുമ്പോൾ അവരിലെ യോഗ്യത ഞാൻ തിരിച്ചറിഞ്ഞിരിക്കും, പിന്നെ വലിയ ചർച്ചകളുടെ ആവശ്യമൊന്നുമില്ല, എന്ന് ഒരു വലിയ ബിസിനസ്സുകാരൻ പറഞ്ഞിട്ടുണ്ട്.
അത്രയും മതി ഒരാളെ തിരിച്ചറിയാൻ, അവരുടെ ആത്മവിശ്വാസം തലച്ചോറിൽനിന്ന് രക്തധമനികളിലൂടെ ഒഴുകി, ഉള്ളംകൈയ്യിലും, വിരലുകളിലും ത്രസിച്ചു നിൽക്കും. ആ കൈകൾ തേടുന്നത് തന്നെക്കാൾ ഉയർന്ന വിശ്വാസമുള്ള മറ്റൊരു കൈത്തലമായിരിക്കും. തന്നെ ഉയരങ്ങളിലേക്ക് നയിക്കുന്ന ഒരു കൈത്തലം.
അല്ലെങ്കിലും താൻ സ്‌കൂളിലോ, കോളേജിൽ പഠിച്ചതൊന്നുമല്ലല്ലോ ജോലിയിൽ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രായോഗിക പരിശീലനങ്ങളിൽ നാം എത്രയോ പിറകിൽ ആണ്. ഒരാൾ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ അല്ലെങ്കിൽ അവൾ തീർച്ചയായും പോകുന്നതിനു മുമ്പ് ആ രാജ്യത്തിൻറെ ഭാഷ പഠിക്കാൻ ശ്രമിച്ചിരിക്കണം, ഒപ്പം അവരുടെ സംസ്കാരവും നിയമങ്ങളും കുറച്ചെങ്കിലും അറിയണം. കാരണം ആ രാജ്യത്ത് എത്തിച്ചേരുമ്പോൾ നിങ്ങൾ ഒരിക്കലും ഒരു അപരിചിതനായി നിങ്ങൾക്കും അവർക്കും തോന്നരുത്.
അമിത സ്വാതന്ത്ര്യം എന്നത് നമ്മുടെ നാട്ടിൽ മാത്രം നടപ്പുള്ള ഒരുകാര്യമാണ്. ആരെയും തെറി വിളിക്കാം, എന്തുംപയാം. എന്നാൽ മറ്റു രാജ്യങ്ങൾ അങ്ങനെയല്ല. ഞാൻ ജോലിയെടുക്കാനും ശംബളം കിട്ടാനുമാണ് വിദേശത്തേക്ക് വന്നത് എന്ന ബോധ്യം എപ്പോഴും, എന്തിന് ഉറക്കത്തിൽപോലും വേണം. സ്വയം സംരക്ഷിക്കുക, സുരക്ഷിതനായിരിക്കാൻ സ്വയം ശ്രമിക്കുക, നിയമങ്ങൾ ശരിയായി പാലിച്ചു ജീവിക്കുക. അവരുടെ സംസ്കാരങ്ങളെ ബഹുമാനിക്കുക.
അജ്നബി, അഥവാ ഒരു വിദേശിയായിരിക്കാനാണ് തന്റെ വിധി.
നാട്ടിലും വീട്ടിലും പോലും താനിപ്പോൾ അജ്നബിയായിക്കഴിഞ്ഞിരിക്കുന്നു.
ജോലി തേടി പുറപ്പെട്ടുപോയവരെല്ലാം ജോലിക്കായി അവർ ജീവിക്കുന്ന നാട്ടിൽ അജ്നബിയാണ്, അവൻ അവധിക്കായി നാട്ടിൽ വരുമ്പോഴും നാട്ടിലും വീട്ടിലും അജ്നബിയാണ്, ഇനി നാട്ടിലേക്ക് തിരിച്ചുവന്നാലും അജ്നബി തന്നെയായിരിക്കും.
സ്വന്തം സ്വത്വം എവിടെയെന്ന് തിരിച്ചറിയാനാവാത്ത ഒരു വലിയ ഒട്ടകക്കൂട്ടമാണവർ. എങ്കിലും ഏത് മരുഭൂമി വേണമെങ്കിലും അവർ താണ്ടും. മുന്നിൽ നീണ്ട മരുഭൂമി ആയിക്കോട്ടെ, അല്ലെങ്കിൽ നീണ്ട മലനിരകൾ ആയിക്കോട്ടെ, അവർ മറി കടന്നിരിക്കും.
അവർ അവരെ അങ്ങനെയാണ് പരിശീലിപ്പിച്ചെടുത്തിരിക്കുന്നത്. ജീവിതത്തിലെ എന്ത് വെല്ലുവിളികളും അവർ നേരിടും. ശാരീരിക ക്ഷീണമോ, രോഗങ്ങളോ, മറ്റുബുദ്ധിമുട്ടുകളോ ഒന്നും അവർ ആരോടും പറയില്ല. കാരണം, അത് മാത്രമാണ് അവരുടെത് എന്ന് അവർക്കുറപ്പുള്ള അവരുടെ സ്വത്തുക്കൾ.
അവർക്ക് മനസ്സ്, ഹൃദയം, ആത്‌മാവ്, ഇതൊന്നുമില്ലേ എന്ന് ചോദിക്കരുത്. അതെല്ലാം അവർ അടക്കിയൊതുക്കി കെട്ടിയിട്ട് വർഷങ്ങൾ ആയിരിക്കുന്നു.
ജീവിതത്തിൽ ജോലിയിലെ എല്ലാ വെല്ലുവിളികളെയും, ഒപ്പം നാട്ടിലെയും വീട്ടിലെയും വെല്ലുവിളികളെയും അതിജീവിക്കാൻ അവർ നടത്തുന്ന പെടാപ്പാടുകൾ കണ്ടില്ല എന്ന് നടിക്കാനാണ് മറ്റെല്ലാവർക്കും ഇഷ്ടം.
എന്നെ എന്നെങ്കിലും ഒന്ന് തിരിച്ചറിയണം എന്ന് അവർ താണ് കേണു അപേക്ഷിക്കില്ല. അത് അഹങ്കാരം കൊണ്ടല്ല. അതിനു താൻ യോഗ്യനല്ല എന്ന് തിരിച്ചറിയുന്നതിനാൽ ആണ്.
എങ്കിലും അവർ ജീവിതത്തിൽ തലയുയർത്തിത്തന്നെ നടക്കാൻ ശ്രമിക്കും, കാരണം അവർ വെല്ലുവിളികൾ നേരിടാൻ മാത്രം ജനിച്ച അജ്നബികൾ ആണ്.
