ഐ വായനയുടെ എല്ലാ വനിതകൾക്കും വനിതാ ദിന ആശംസകൾ!

ന്യൂയോർക്ക്: 2025 മാർച്ച് ഒന്നാം തീയതി ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻറെ ചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ട മുഹൂർത്തങ്ങളായി മാറി. വൈവിധ്യമാർന്ന പരിപാടികളാലും നേതൃ നിരകളുടെ മഹനീയ സാന്നിദ്ധ്യത്താലും വിഭവ സമൃദ്ധമായ സ്നേഹവിരുന്നിനാലും തിങ്ങി നിറഞ്ഞ സദസ്സിനാലും പങ്കെടുത്ത ഏവർക്കും ഓർമ്മകളിൽ തങ്ങി നിൽക്കുന്ന അസുലഭ മുഹൂർത്തങ്ങളായി മാറി പ്രവർത്തനോദ്ഘാടനം. എൽമോണ്ടിലുള്ള സെന്റ് വിൻസെന്റ് ഡീപോൾ മലങ്കര കാത്തലിക്ക് കത്തീഡ്രലിന്റെ വിശാലമായ ഓഡിറ്റോറിയം ആ സുന്ദര നിമിഷങ്ങൾക്ക് മൂകസാക്ഷിയായി. നൂപുര ഡാൻസ് അക്കാഡമിയുടെ നയനമനോഹര നൃത്തനൃത്യങ്ങളും ന്യൂജേഴ്സിയിലെ ധോ മ്യൂസിക് ട്രൂപ്പിൻറെ അടിപൊളി സംഗീത വിരുന്നും കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഹാസ്യാവതരണവും, അംഗ സംഘടനകളിലെ കലാകാരികളുടെ മറ്റ് കലാപരിപാടികളും പങ്കെടുത്ത ഏവരെയും ആനന്ദത്തിമിർപ്പിലാക്കി.

ഫോമാ നാഷണൽ പ്രസിഡൻറ് ബേബി മണക്കുന്നേൽ, മുഖ്യാതിഥി നാസ്സോ കൗണ്ടി ലജിസ്ലേറ്റർ തോമസ് മക്കെവിറ്റ്, മറ്റൊരു അതിഥിയായ ന്യൂയോർക്ക് പോലീസ് ഇൻസ്‌പെക്ടർ ഷിബു മധു, ഫോമാ നാഷണൽ നേതാക്കളായ സെക്രട്ടറി ബൈജു വർഗ്ഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ, നാഷണൽ കമ്മറ്റി അംഗങ്ങളായ ജോസ് വർഗ്ഗീസ്, എബ്രഹാം ഫിലിപ്പ്, ഫോമാ മുൻ പ്രസിഡൻറ് ഡോ. ജേക്കബ് തോമസ്, ആർ.വി.പി. മാത്യു ജോഷ്വ, റീജിയണൽ സെക്രട്ടറി ബോബി, റീജിയണൽ ട്രഷറർ ബിഞ്ചു ജോൺ, വിവിധ കമ്മറ്റി അംഗങ്ങൾ, അസ്സോസ്സിയേഷൻ പ്രസിഡന്റുമാർ, ഫോമയുടെ മുൻകാല ചുമതലക്കാർ തുടങ്ങി വൻ നിര നേതാക്കൾ എല്ലാവരും ചേർന്ന് വേദി നിറഞ്ഞ് നിന്ന് “തമസ്സോമാ ജ്യോതിർഗ്ഗമയാ…” ഗാനത്തിന്റെ അകമ്പടിയോടെ നിലവിളക്ക് കൊളുത്തി പ്രവർത്തനോദ്ഘാടനം നടത്തിയപ്പോൾ ചടങ്ങിൽ പങ്കെടുത്ത നൂറുകണക്കിന് സംഘടനാ അംഗങ്ങൾ ഹർഷാരവത്തോടെ ഉദ്ഘാടനത്തിന് ദൃക്സാക്ഷികളായി.

റീജിയണൽ സെക്രട്ടറി മാത്യു കെ ജോഷ്വ (ബോബി) ചടങ്ങിൽ പങ്കെടുത്ത ഏവരെയും ഹൃദയത്തിൻറെ ഭാഷയിൽ സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷൻ റീജിയണൽ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വ മെട്രോ റീജിയൺ അടുത്ത പതിനഞ്ചു മാസക്കാലം നടപ്പിലാക്കുവാൻ ആഗ്രഹിക്കുന്ന പദ്ധതികളെപ്പറ്റി വിശദീകരിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ സഹായിക്കണമെന്ന ആഗ്രഹത്തോടെ “മെട്രോ ചാരിറ്റി ബഡ്ഡീസ്” എന്ന പേരിൽ ഒരു പ്രൊജക്റ്റ് ആരംഭിക്കുന്നതായി ആർ.വി.പി. പ്രസ്താവിച്ചു. പദ്ധതിയിൽ പങ്കുചേരുവാൻ താല്പര്യമുള്ള ഒരു വ്യക്തിയിൽ നിന്നും മാസം പത്തു ഡോളർ വീതം ശേഖരിച്ച് പതിനഞ്ചു മാസം കൊണ്ട് ഒരാളിൽ നിന്നും 150 ഡോളർ എന്ന കണക്കിൽ ചുരുങ്ങിയത് 50 പേരിൽ നിന്നെങ്കിലും തുക സമാഹരിച്ച് അർഹതപ്പെട്ടവരെ സഹായിക്കണമെന്നതാണ് പദ്ധതിയുടെ ഉദ്ദേശമെന്നും മാത്യു ജോഷ്വ പ്രസ്താവിച്ചു. അതിന്റെ ഭാഗമായി പ്രസ്താവന നടത്തി അര മണിക്കൂറിനുള്ളിൽ സദസ്സിലുണ്ടായിരുന്ന ഒരു വ്യക്തി 200 ഡോളർ പ്രസ്തുത പദ്ധതിയിലേക്ക് സംഭാവന നൽകി.

നാഷണൽ പ്രസിഡൻറ് ബേബി മണക്കുന്നേലും, സെക്രട്ടറി ബൈജു വർഗ്ഗീസും ട്രഷറർ സിജിൽ പാലക്കലോടിയും ഫോമായുടെ അടുത്ത വർഷത്തേക്കുള്ള പരിപാടികൾ വിശദീകരിച്ചു. ഏകദേശം രണ്ടര മില്യൺ ഡോളറിൻറെ വിവിധ പദ്ധതികളാണ് വിഭാവന ചെയ്യുന്നതെന്ന് ട്രഷറർ സിജിൽ പ്രസ്താവിച്ചു. കഴിഞ്ഞ മാസം കേരളത്തിലെ വിവിധ ആശുപത്രികളുടെ സഹകരണത്തോടെ നടപ്പിലാക്കിയ മെഡിക്കൽ കാർഡിന്റെ ഗുണ വിശേഷങ്ങൾ ജോയിന്റ് സെക്രട്ടറി പോൾ പി ജോസ് സദസ്സിൽ അവതരിപ്പിച്ചു. തിരുവല്ലാ പുഷ്പഗിരി ആശുപത്രിയുമായി ഫോമാ ധാരണാ പത്രം ഒപ്പുവച്ച് ലഭിച്ച മെഡിക്കൽ കാർഡുകൾ പ്രസിഡൻറ് ബേബി ആർ. വി. പി. മാത്യുവിന് നൽകി.

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പുതുതായി രൂപകൽപ്പന ചെയ്ത വെബ്സൈറ്റ് പ്രകാശനം മുഖ്യ അതിഥി നസ്സോ കൗണ്ടി ലജിസ്ലേറ്റർ തോമസ് മക്കെവിറ്റ് നിർവ്വഹിച്ചു. ഫോമായുടെ പ്രവർത്തനങ്ങളും പ്രൊജെക്ടുകളും കേട്ട് മനസ്സിലാക്കിയ ലജിസ്ലേറ്റർ മക്കെവിറ്റ് സംഘടനയുടെ പ്രവർത്തനം നസ്സോ കൗണ്ടിയിലേക്ക് കേന്ദ്രീകരിക്കുവാൻ അഭ്യർഥിച്ചു. വെബ്സൈറ്റ് ഡെവലപ്പ് ചെയ്യുന്നതിന് സഹായിച്ച ഫോമാ മെട്രോ റീജിയൺ പി.ആർ.ഓ-യും മാധ്യമ പ്രവർത്തകനുമായ മാത്യുക്കുട്ടി ഈശോയെയും വെബ്‌സൈറ്റിന് സ്പോൺസർ ചെയ്ത് സഹായിച്ച രാജ് ഓട്ടോ സെന്റർ ഉടമ രാജേഷ് പുഷ്പരാജനെയും പ്രത്യേകം അഭിനന്ദിച്ചു. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്റിൽ ഉന്നത പദവിയായ ഇൻസ്‌പെക്ടർ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായ മലയാളി ഷിബു മധുവിനെ റീജിയണൽ ചെയർമാൻ ഫിലിപ്പോസ് കെ ജോസഫ് പൊന്നാട അണിയിച്ചും പ്രശംസാ ഫലകം നൽകിയും ചടങ്ങിൽ ആദരിച്ചു.

മെട്രോ റീജിയൺ വിമൻസ് ഫോറം ഉദ്ഘാടനം വനിതയും നോർത്ത് ഹെംപ്സ്റ്റഡ് ടൌൺ സൂപ്പർവൈസറുമായ ജെന്നിഫർ ഡിസേന നിർവ്വഹിച്ചു. ചടങ്ങിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കുവാൻ ആഗ്രഹിച്ചിട്ടും ഔദ്യോഗിക തിരക്കിനാൽ സാധിക്കാതെ പോയ യു.എസ്. കോൺഗ്രെസ്സ്മാൻ ടോം സ്വാസ്സി നാഷണൽ പ്രസിഡൻറ് ബേബി മണക്കുന്നേലിനും, ആർ.വി.പി. മാത്യു ജോഷ്വയ്ക്കും സൈറ്റേഷൻ നൽകി ആദരവ് പ്രകടിപ്പിച്ചു. ഡെമോക്രറ്റിക് പാർട്ടി പ്രവർത്തകനായ വർഗ്ഗീസ് കളത്തിലാണ് ടോം സ്വാസിയിൽ നിന്നും സൈറ്റേഷൻ ക്രമീകരിച്ചത്. മറ്റ് നാഷണൽ നേതാക്കൾക്ക് ടൌൺ സൂപ്പർവൈസർ ജെന്നിഫർ ഡിസേന സൈറ്റേഷൻ നൽകി ആദരിച്ചു.

ഫോമായുടെ കഴിഞ്ഞ വർഷത്തെ നാഷണൽ പ്രസിഡൻറ് ഡോ. ജേക്കബ് തോമസ്, ഫോമാ സ്ഥാപക നേതാക്കളിൽ ഒരാളും കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പ്രസിഡൻറുമായ സജി എബ്രഹാം, മലങ്കര കാത്തലിക്ക് പള്ളി വികാരി ഫാദർ നോബി അയ്യനേത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ന്യൂയോർക്ക് മെട്രോ റീജിയണിലെ പതിനൊന്ന് അംഗ സംഘടനകളിലെ ഈ വർഷത്തെ ഔദ്യോഗിക ഭാരവാഹികളെ ചടങ്ങിൽ പരിചയപ്പെടുത്തി. ഉദ്ഘാടന പരിപാടിയുടെ ചിലവിലേക്ക് വെളിയിൽ ആരിൽ നിന്നും സ്‌പോൺസർഷിപ്പ് സ്വീകരിക്കാതെ റീജിയണിലെ കമ്മറ്റി അംഗങ്ങൾ തന്നെ സാമ്പത്തിക സഹായം ചെയ്താണ് ഈ ചടങ്ങു ക്രമീകരിച്ചത്. അതിന് എല്ലാ കമ്മറ്റി അംഗങ്ങളെയും ആർ. വി. പി. മാത്യു ജോഷ്വ അഭിനന്ദിച്ചു.

റീജിയണൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി നടത്തിയ റാഫിൾ ടിക്കറ്റ് സമ്മാനാർഹരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. റാഫിൾ സമ്മാന തുകയായ ഒന്നാം സമ്മാനം 250 ഡോളർ, രണ്ടാം സമ്മാനമായ 150 ഡോളർ, മൂന്നാം സമ്മനമായ 100 ഡോളർ എന്നിവ സ്പോൺസർ ചെയ്ത സി. പി. എ. പിങ്കി തോമസ്, കുട്ടനാടൻ സന്തൂർ റസ്റ്റോറന്റ് ഉടമകളായ ജൂബി ജോസ്, ഫെബിൻ സൈമൺ തുടങ്ങിയവർ നറുക്കെടുപ്പിനും സമ്മാന ദാനത്തിനും നേതൃത്വം നൽകി.

നാഷണൽ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ്, ജൂലി ബിനോയ്, കംപ്ലെയ്ൻസ് കൌൺസിൽ അംഗങ്ങളായ വർഗ്ഗീസ് കെ ജോസഫ്, ജോമോൻ കുളപ്പുരക്കൽ, ജുഡീഷ്യറി കൌൺസിൽ അംഗം ലാലി കളപ്പുരക്കൽ, ബൈലോ കമ്മറ്റി അംഗം സജി എബ്രഹാം, ക്രെഡൻഷ്യൽ കമ്മറ്റി ചെയർമാൻ വിജി എബ്രഹാം, റീജിയണൽ ചെയർമാൻ ഫിലിപ്പോസ് കെ ജോസഫ്, വൈസ് ചെയർമാൻ ജെസ്വിൻ ശാമുവേൽ, ജോയിന്റ് ട്രഷറർ റിനോജ്‌ കോരുത്, കൾച്ചറൽ പ്രോഗ്രാംസ് ചെയർ തോമസ് ഉമ്മൻ യൂത്ത് ഫോറം ചെയർ അലക്സ് സിബി ചാരിറ്റി ചെയർ രാജേഷ് പുഷ്പരാജൻ റിക്രിയേഷൻ ചെയർ ബേബികുട്ടി തോമസ്, വിമൻസ് ഫോറം ചെയർ നൂപാ കുര്യൻ ഉപദേശക സമിതി അംഗങ്ങൾ കുഞ്ഞു മാലിയിൽ, ചാക്കോ കോയിക്കലേത്ത് തോമസ് ടി ഉമ്മൻ, പി.ആർ. ഓ. മാത്യുക്കുട്ടി ഈശോ, കമ്മറ്റി അംഗങ്ങളായ ജയചന്ദ്രൻ രാമകൃഷ്ണൻ, ഷാജി വർഗ്ഗീസ്, ഷാജി മാത്യു, മാമ്മൻ എബ്രഹാം, തോമസ് ജെ പൈക്കാട്ട്, തോമസ് പ്രകാശ്, ജോസി സ്കറിയ, ചാക്കോ എബ്രഹാം അംഗ സംഘടനകളിലെ പ്രസിഡന്റുമാർ എന്നിവരുടെ നിസ്സീമമായ സഹകരണത്തിലാണ് പരിപാടി വിജയിപ്പിച്ചത്. ഫോമാ ഹെൽപ്പിംഗ് ഹാൻഡ്‌സ് ചെയർമാൻ ബിജു ചാക്കോ, റീജിയണൽ ജോയിൻറ് സെക്രട്ടറി ഡോ. ബിന്ദു തോമസ് എന്നിവർ മാസ്റ്റർ ഓഫ് സെറിമോണിയായി യോഗത്തെ നിയന്ത്രിച്ചു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *