രചന : ജിഷ കെ ✍
സൂര്യകാന്തി പ്പൂക്കൾ
രാജി വെക്കുമോ
വേനൽക്കാല ക്കൊയ്ത്തുകളുടെ
ആസ്ഥാന വിളവെടുപ്പുകാർ
എന്ന പദവി…
അപ്പോഴും സൂര്യനോട് പിണങ്ങിപ്പോയതി ന്റെ
കടുത്ത ഇച്ഛാ ഭംഗം കാണുമോ
അവരുടെ കയ്യൊപ്പുകളിൽ…
ആരുടെ പരാതിയാണ്
പൂക്കൾ
എന്നും വിരിയുന്ന ഇടങ്ങളിൽ
സമർപ്പിക്കുന്നത്…
കൊഴിഞ്ഞു പോക്കുകളിൽ നിന്നും
കണ്ടെടുക്കുന്ന
വിരലടയാളങ്ങളിൽ
നിന്നും
അസ്തമയം മറച്ചു പിടിക്കുന്ന
ആ രഹസ്യമെന്തായിരിക്കും..
കടൽ കാണും മുൻപേ മായ്ച്ചു കളയാവുന്ന
ഏതെങ്കിലും രേഖ കൾ
സൂര്യന്റെ ഉള്ളം കയ്യിൽ കാണുമോ
അഥവാ
അതിൽ സൂര്യകാന്തി എന്ന് എഴുതിയാൽ
തെളിയുന്ന
വേനലുകൾ കാണുമോ….
സൂര്യകാന്തികൾ
കോലം വരക്കും അഗ്രഹാ ര മുറ്റങ്ങളിലെ
പ്രഭാതമായെങ്കിലും
തുടരേണ്ടതുണ്ട്
സൂര്യന്…
മൂക്കുത്തി കല്ലുകളിൽ
മഞ്ഞ പതിഞ്ഞ
അവരുടെ പ്രഭാതങ്ങളെ
ഒരു തമിഴ് പെൺ കൊടി
എടുത്ത് വെയ്ക്കും
വർത്തമാനങ്ങളാവുന്നു…
അവൾ സൂര്യന്റെ കാമുകി യെന്ന്
സ്വയം ഏവരെയും പരിചയപ്പെടുത്തുന്നു…
കഴുത്തിൽ മഞ്ഞ ചരടിൽ
അവൾ ഒരു സൂര്യകാന്തിയുടൽ
അണി ഞ്ഞിരിക്കുന്നുവെന്ന്
പറഞ്ഞാൽ
ഭ്രാന്തുകൾ തൂക്കിയിട്ട അവളുടെ മേൽക്കൂര യാണ്
കവിത എന്ന് നിങ്ങൾ വിശ്വസിക്കുമോ?
……………………..
1..ഇരുട്ട് വില പേശി വിൽക്കും
രാത്രിയുടെ മലഞ്ചെരിവുകൾ….
ഒരു താഴ്‌വരയാണ്
അതിലെ നിശാ ഗന്ധികൾ
എന്നെനിക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്…
ഗന്ധം നിലനിർത്തും രാത്രിയോട്
വില പേശി മടുത്ത്
നിശാഗന്ധികൾ
വിടരും എന്ന വാക്കിൽ നിന്നും
പതിയെ ഇറങ്ങി നടക്കുന്നു.
കൂടെ നടക്കാൻ ഞാൻ എന്റെ ഉറക്കത്തെയും
ഇറക്കി വിടുന്നു.
അത് മനപ്പൂർവം എന്ന
ഒരു ആത്മഗത ത്തോട്
ചെറുതല്ലാത്ത വില പേശൽ
നടത്തുന്നുണ്ട്…
അപ്പ്രതീ ക്ഷിതമായ വളവുകൾ
ഒളിപ്പിച്ചു വെയ്ക്കും ഇരുട്ട്
എന്ന്
രാത്രി നിശാ ഗാന്ധികളുടെ കാതിൽ
രഹസ്യം പോലെ
മറ്റെന്തോ പറയുന്നു..
എന്റെ കാതുകൾ അത് വിശ്വസിക്കാതെ
ധാരാളം വളവുകളും ചെരികളുമു ള്ള
ഒരിടത്ത് ചെവികൾ തൂക്കിയിടുന്നു…
2.
സുഗന്ധദ്രവ്യങ്ങൾ പോലെ
ഉറക്കവും
അതീവ ഗന്ധമുള്ള
ഒന്നാണെന്ന്
ഞാൻ എന്നും എന്റെ ഉടലിനോട് ആണയിട്ട് പറയുന്നു….
സർവ്വ കോശങ്ങളും അത് കേൾക്കുമെന്ന് കരുതി
ഞാൻ ഉടൽ വളവുകളിൽ
വിളക്കുകൾ തൂക്കി വെയ്ക്കുന്നു…
വിളക്കുകൾ വെളിച്ചത്തിന്റെ സുഗന്ധവാഹികൾ എന്ന്
ഉടൽ വിശ്വസിക്കുമായിരിക്കും…
വിശ്വസിക്കുമ്പോൾ ഏതൊരാളും കണ്ണടയ്ക്കും പോലെ
എന്റെ ഉടലും കണ്ണടച്ചിരുന്നുവെങ്കിൽ
ആരോടെന്നില്ലാതെ
എനിക്കത് സ്വയമേവ പറയേണ്ടി വരുന്നു….
പുലരുമ്പോൾ എന്റെ ഉടൽഗന്ധമില്ലാത്ത ദേഹം നോക്കി
ഇപ്രകാരം ഇരുട്ട് പറയുമായിരിക്കും..
ഉറക്കവും
മറ്റെല്ലാം പോലെ ഒരു വിശ്വാസം മാത്രമെന്ന്…
3 രാത്രി
നിശാ വസ്ത്രങ്ങൾ ഊരിയെറിഞ്ഞ്
നിശബ്ദം
ഉറക്ക മുറിയിലേക്ക് ചുവടുകൾ വെയ്ക്കുന്നു..
സൂഫിയുടൽ ചെരിവുകളിൽ
വിരലുകൾ മുക്കി
ഇരുട്ട് അലക്ഷ്യമായി
നിഴൽ ചിത്രങ്ങൾ ഓരോന്നായി വരച്ചിടുന്നു…
ഒരു നൃത്തം പൂർത്തിയാക്കും വിധം ഉറക്കത്തിന്റെ ഇതളുകൾ
രാത്രി പതിയെ പതിയെ
ചുവടുകൾ ഉറപ്പിക്കുന്നു…
ചടുലമായ
ഉടൽ
അപായ വളവുകൾ കടന്ന് നൃത്തവേഗങ്ങൾക്കിടയിലെ
ചുവന്ന ചെമ്പരത്തിപ്പൂവാകുന്നു..
പുലരി സൂഫി ഇതളുകളുള്ള
ഒരു പൂവായി വിരിഞ്ഞേക്കും…
രാത്രി
എനിക്കായുള്ള അതിന്റെ അവസാന രഹസ്യവും പങ്ക് വെച്ച് കഴിയുന്നു..💜🌹
