രചന : ഷിബിത എടയൂർ✍
അവളാകാശം
കൈനീട്ടിപ്പിടിച്ച്
ഉടലിൽ ചുറ്റി
അളന്നെടുക്കുന്നു.
വെളുത്തനീലിമയിൽ
മേഘനൂലു നെയ്ത
നനുത്ത കുപ്പായത്തുണി
അളവുകൾക്കു
പാകമാകുവാൻ
മലർന്നും ചെരിഞ്ഞും
ഒത്തുനോക്കുന്നു.
കൃത്യമെന്നു
തോന്നുന്നിടത്തുവെച്ച്
ജീവിതം
വളച്ചുവെട്ടുന്നു
കൈകളും
കഴുത്തും
ഉണ്ടെന്നുറപ്പിക്കുന്നു.
കൂട്ടിത്തുന്നലിലാണ്
അതൊരുടുപ്പാകുന്നതെന്ന്
വഴക്കമില്ലാത്ത
സൂചിക്കുഴയിലൂടെ
മെരുങ്ങാത്ത
സ്നേഹം
സസൂക്ഷ്മം
കടത്തിവിടുന്നു,
തുന്നിത്തുടങ്ങുന്നു.
നല്ലൊരുടുപ്പിലേക്ക്
താരകക്കല്ലുകൾ
കൊഴിഞ്ഞു വീഴുകയും
തിരയതിന്റെ
അറ്റങ്ങളിൽ
വെളുത്ത ലേസായി
പറ്റിനിൽക്കുകയും
ചെയ്തു.
മറിച്ചുകുടഞ്ഞ
ഉടുപ്പിലേക്കവൾ
കയറി നിന്നു,
മുറിഞ്ഞുപോയതിൽ
ബാക്കിയാകാശം
സംഗീതമയക്കുകയും
പ്രകൃതിവിരൽകോർക്കുകയും
ഉടുപ്പണിഞ്ഞവൾ
തിരപോലെ
നൃത്തമാവുകയാണുണ്ടായത് പിന്നെ.
ഒരുവൾക്കു കേവലം
ഉടുപ്പുത്തുന്നലാണ്
ജീവിതം ,
അതെങ്ങനെയെന്നതാണ്
തെരഞ്ഞെടുപ്പ്.