രചന : പൂജ ഹരി (കാട്ടകാമ്പാൽ )✍
സൈറ അടുക്കളയിൽ ചപ്പാത്തി പരത്തുമ്പോളാണ് Tv യിൽ സിങ്കപെണ്ണെ പാട്ട് തകർക്കുന്നത്. മാർച്ച് 8 ആയി. ഇന്നു tv യും fb യും ഇൻസ്റ്റയും വാട്സ്ആപ്പും തുറക്കാതിരിക്കുന്നതാ ബുദ്ധി.മുഴുവൻ സ്ത്രീകളെ പുകഴ്ത്തിയുള്ള പോസ്റ്റും അമ്മയെ കുറിച്ചുള്ള കവിതയും കഥയുമൊക്കെ ആയിരിക്കും.
ആ ഓർമ്മയിൽ ശ്രീലങ്കൻ മേപ്പ് പോലെ ആയ ചപ്പാത്തിയെ അവൾ പിന്നെയും ചുരുട്ടി കൂട്ടി. സെൽഫി എടുക്കാൻ വന്ന മോളെ നോക്കി പറഞ്ഞു
“ഇതൊന്നു ചുട്ടേ, എനിക്ക് കറിഉണ്ടാക്കണം “
‘അയ്യോ അമ്മേ ഇന്ന് വിമൻസ് ഡേ അല്ലെ നല്ലൊരു status ഇടണം.”
ലോകത്തിലെ ഏറ്റവും വലിയ പോരാളി എന്റെ അമ്മ ഇതാണ് ക്യാപ്ഷൻ..
സൈറക്ക് ചിരി വന്നു. കറി ഉണ്ടാക്കുന്നതിനിടയിൽ അവളോർത്തു.നല്ല ബെസ്റ്റ് പോരാളി.എന്തിനോടൊക്കെ പോരടിച്ചു വേണം ഇന്നൊരു സ്ത്രീക്ക് ജീവിക്കാൻ..
അപ്പോളേക്കും പുറകെ എത്തിയ മോൻ ചോദിച്ചു ഇതുപോലെ ആണുങ്ങൾക്ക് ദിവസം ഒന്നും ഇല്ലേ?ചരിത്രത്തിലും ചരിത്ര പുസ്തകങ്ങളിലും എന്നു വേണ്ട ലോകത്തിലെ ഒരുവിധം കണ്ടു പിടിത്തങ്ങൾ ഒക്കെ നടത്തിയത് ആണുങ്ങൾ അല്ലെ അമ്മേ?ആണുങ്ങളുടെ ദിവസം ഉണ്ടെങ്കിലും ഇതുപോലെ തീയും പുകയുമൊന്നുല്ലല്ലോ.. പാവങ്ങൾ
സൈറ ചിന്തിച്ചു ശരിയാണല്ലോ..
“എടാ മോനെ അതെന്താന്നു അറിയോ?ഒരു ഉദാഹരണം പറയാം. ഐസക്ക് ന്യൂട്ടൻ പെണ്ണായിരുന്നെങ്കിൽ ഇതു പോലെ ആപ്പിൾ മരത്തിന്റെ ചോട്ടിൽ ഇരുന്നു ചിന്തിക്കാനും ചലനനിയമമുണ്ടാക്കാനും ഒന്നും ടൈം കിട്ടില്ല.5മിനിറ്റ് ഇരിക്കുമ്പോളേക്ക്..
ചോറ് വെന്തോ ആവോ??
കുക്കറിന്റെ വിസിൽ കേട്ടല്ലോ..
കോഴിക്കൂട് തുറന്നിട്ടോ
ഇതൊക്കെ ഓർത്ത് അടുക്കളയിലേക്ക് ഓടും.തലക്ക് ആപ്പിൾ വീണാൽ അതെടുത്തു കടിച്ചു ശരിക്കും പഴുത്തോ എന്ന് ഓർക്കാനുള്ള മാനസിക അവസ്ഥയെ കാണു.അല്ലാതെ ചലന നിയമം ഉണ്ടാക്കാനുള്ള മൂഡൊന്നും ഉണ്ടാവില്ല..
ഇനി ചരിത്രത്തിൽ പിടിക്കാം.
ഗാന്ധിജി ഒരു സ്ത്രീ ആയിരുന്നെങ്കിൽ അതും കല്യാണം കഴിഞ്ഞത്..
സ്വാതന്ത്ര്യസമരത്തിന് എങ്ങനെ പോകും?പുറകിൽ നിന്നു കെട്ടിയവന്റെ വിളി വരും. സമരത്തിന് പോയാൽ ഈ വീട് ആര് നോക്കും?
ആര് മക്കൾക്കു ഭക്ഷണം ഉണ്ടാക്കും?
രാത്രി എനിക്ക് ചപ്പാത്തി മതി…
പിന്നെ എനിക്ക് ജോലിക്ക് പോണ്ടേ? വയ്യാതെ കിടക്കുന്ന അമ്മയെ ആര് നോക്കും? നൂറു നൂറു ചോദ്യം വരില്ലേ?ഇനി ഇതൊക്കെ ചെയ്ത് ഇറങ്ങാൻ നോക്കിയാലോ ഉപദേശങ്ങൾ. വൈകിട്ട് 6 ന് മുമ്പു വീട്ടിൽ കേറണം. ഇനി ദണ്ഡി യാത്രക്കോ മറ്റോ പോകുമ്പോൾ പിള്ളേര് പറയും മമ്മി എന്നെ കൂടെ കൊണ്ടു പോ. ഒറ്റക്കങ്ങനെ പോവണ്ട.പിന്നെങ്ങനെ ചരിത്രത്തിൽ കാര്യമായി പങ്കെടുക്കും?
പിള്ളേര് അടുക്കളയിൽ നിന്നു പോയപ്പോൾ സൈറ ഫോൺ നോക്കി. പെറ്റതള്ളയെ തിരിഞ്ഞു നോക്കാത്തവർ പോലും അമ്മയെ സ്തുതിച്ചു സ്റ്റാറ്റസ്.. അമ്മയുടെ പഴയ ഫോട്ടോ ഇട്ട് പുകഴ്ത്തലുകൾ.അമ്മയാണ് ലോകം, സ്ത്രീ തീയാണ്… അതോണ്ട് നിങ്ങൾ പുകയാകുക.. സ്ത്രീ ദേവിയാണ്, സർവ്വം സഹയാണ്.. ഇങ്ങനെ നൂറു നൂറു ലേബലുകൾ.വല്ലാത്ത ലോകം.
ഫോൺ താഴെ വെച്ച് അവൾ പിന്നേം ചിന്തിച്ചു.
പണ്ടത്തെ സ്ത്രീകൾ അടുക്കളയിലും വീടിന്റെ നാലു ചുവരിനുള്ളിൽ ഒതുങ്ങിക്കൂടി. കാലക്രമേണ അതിനൊക്കെ മാറ്റം വന്നു.
ഇപ്പോൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും സ്ത്രീകൾ ഉയർന്നു വന്നു.അവരും ലോകഭരണത്തിൽ പങ്കാളികളായി. എന്നാലും ഇപ്പോഴും മാറാത്ത ചില കീഴ് വഴക്കങ്ങൾ.
സ്ത്രീധനപീഡനങ്ങൾ, ആത്മഹത്യകൾ, കൊലപാതകങ്ങൾ, വർധിച്ചു വരുന്ന സ്ത്രീകുറ്റവാളികൾ പലപ്പോഴും സ്ത്രീകൾക്ക് തന്നെ സ്ത്രീകൾ അപമാനമാവുന്ന തരത്തിലാണ് ഇന്നത്തെ പലസംഭവങ്ങളും.. ഇതിനൊക്കെ കാരണമെന്താണ്?? അവൾക്ക് ഉത്തരം കിട്ടിയില്ല.
ജനലിലൂടെ പുറത്തേക്ക് നോക്കി പണിക്ക് പോകുന്ന ഉഷ ചേച്ചിയും നിർമ്മല ചേച്ചിയും. വീട്ടു ജോലി ഒതുക്കി കൂലി പണിക്ക് പോകുന്നവർ, ഈ പൊരി വെയിലിൽ വീടിന്റെ അകത്തു ഇരിക്കുമ്പോൾ തന്നെ സഹിക്കാൻ വയ്യ. അവരുടെയൊക്കെ സ്ഥിതി എന്തായിരിക്കും?എല്ലാ മേഖലയിലും ജോലി ചെയ്യുന്നതിനോടൊപ്പം വീട്ടുകാര്യങ്ങളും കൈകാര്യം ചെയ്യുന്ന സ്ത്രീകൾ.പ്രവാസികൾ ആരെയും വിട്ടുകളയാൻ വയ്യ.
പിള്ളേരുടെ പൊട്ടിച്ചിരികൾ കേട്ട് സൈറ പോയി നോക്കി. ഇൻസ്റ്റയിലെ പോസ്റ്റുകൾ കണ്ടിട്ടുള്ള ചിരിയാണ്.
ആരോടെങ്കിലും വുമൺസ് ഡേ വിഷ് ചെയ്യാമെന്ന് കരുതി ഫോൺ എടുത്തു അടുത്ത കൂട്ടുകാരി ധന്യയെ വിളിച്ചു. ഫോൺ എടുത്തില്ല. പിന്നെയും വിളിച്ചു. അപ്പുറത്ത് നിന്നു അവളുടെ ശബ്ദം കേട്ടു. നീ എവിടെ? ഞാൻ ജോലിക്ക് പോകാൻ നോക്കുന്നു..
എനിക്ക് വീട്ടിലെ കഴിഞ്ഞു വേണം ഓഫീസിലേക്ക് ഓടാൻ.. ധന്യേ ചായയെവിടെ.. അവളുടെ കെട്ടിയവന്റെ ശബ്ദം. ഫോൺ കട്ട് ചെയ്തു. ഇപ്പോൾ വിഷ് ചെയ്യുന്നത് അപകടമാണ്.വിമൻസ് ഡേ എന്ന ഡേ ഉണ്ടെന്നുപോലും അറിയാത്തവർ..
അമ്മയെ വിളിക്കാം. അമ്മയാണല്ലോ എന്റെ പോരാളി.
അപ്പുറത്ത് നിന്നും അമ്മേടെ ശബ്ദം
“നിന്റെ പണിയൊക്കെ കഴിഞ്ഞാ?
“ഇല്ലമ്മേ..വെറുതെ വിളിച്ചതാ വുമൺസ് ഡേ അല്ലെ..
അപ്പുറത്തു നിന്നു അമ്മ -അങ്ങനെ ഒരു ദിവസം ഉണ്ടോ??? ഞാൻ പിന്നെ വിളിക്കാം അച്ഛനും ചേട്ടനും ലഞ്ച് കൊണ്ടു പോകണം..കട്ട് ആയി.
സൈറ ഫോണും പിടിച്ചു നിന്നു. ഒരു മെസ്സേജിന്റെ ശബ്ദം. തുറന്നു നോക്കി. സ്ത്രീ ഭൂമിയാണ് ശക്തിയാണ്, ദേവിയാണ്. ത്രിശൂലം പിടിച്ചു നിൽക്കുന്ന തന്റെ രൂപം ചിന്തിച്ചപ്പോ ഓൾക്ക് ചിരി വന്നു.
സ്ത്രീകൾക്ക് നീതിപോലുമില്ലാത്ത നാട്.(ആർക്കും ഇല്ല )പെൺകുഞ്ഞുങ്ങൾ മൃഗീയമായി പീഡിപ്പിക്കപ്പെടുന്നവരുടെ നാട്, സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ കൊല്ലപ്പെടുകയും ആത്മഹത്യചെയ്യുകയും ചെയ്യുന്ന നാട്. വീട്ടിൽ പോലും അക്രമങ്ങൾ, അടിച്ചമർത്തലുകൾ.. സ്നേഹം, കടമ ഉത്തരവാദിത്തങ്ങൾ 🤔ഇതിനിടയിൽ ഒരു പെൺദിനത്തിന് എന്ത് പ്രസക്തി?
മോൾ ഓടിവന്നു “ഇത് കണ്ടോ അമ്മേ “കുറെ ധീര വനിതകളുടെ ഫോട്ടോകൾ കല്പന ചൗള, ഇന്ദിര ഗാന്ധി, ആനിബസന്റ്, തുടങ്ങി ഒരു വിധം എല്ലാവരും ഉണ്ട്.(പേര് എഴുതി തുടങ്ങിയാൽ തീരില്ല.)പെൺസിംഹങ്ങൾ. സ്ത്രീ ലോകത്തിനു മാതൃകകാട്ടിയവർ.നമിക്കുന്നു. ഇതൊക്കെ ഇടക്ക് ഓർക്കാൻ ഉള്ള ഓർമപ്പെടുത്തൽ ദിനമാണിന്ന്.മറന്നു പോയ കഴിവുകൾ, എത്തിപ്പിടിക്കാൻ പറ്റുമായിരുന്ന ഉയരങ്ങൾ….ഇനിയും സമയമുണ്ട്.
അടുപ്പിൽ തിളയ്ക്കുന്ന ചോറ് വെന്തു ചീഞ്ഞോ എന്ന ഓർമ്മയിൽ സൈറ ഞെട്ടി.
അടുക്കളയിൽ നിന്ന അവൾ ഒരു കഥക്ക് സ്കോപ്പ് ഉണ്ടോ എന്ന ചിന്തയിൽ നിന്നു. വുമൺസ് ഡേ ആണല്ലോ.പെണ്ണിന്റെ വേദനകൾക്ക് ഇന്ന് ലൈക്കും കമന്റുമൊക്കെ കിട്ടും . ചോറ് വാർത്തു വെച്ച് അവൾ ക്യാപ്ഷൻ എഴുതി.
❤️ഹാപ്പി വുമൺസ് ഡേ ❤️അഥവാ സന്തോഷമുള്ള പെണ്ണുങ്ങളുടെ ദിവസം.
