ഐ വായനയുടെ എല്ലാ വനിതകൾക്കും വനിതാ ദിന ആശംസകൾ!

പെണ്ണിനെ വായിക്കുന്ന
അത്ര എളുപ്പമല്ല
ചില ആണിനെ വായിക്കാൻ
അവർ എത്ര വിദഗ്ധമായാണ്
മനുഷ്യരുടെ മനസ്സിൽ
കയറിക്കൂടുന്നതും ഇറങ്ങിപ്പോകുന്നതും
ഇത്തിരി നേരം തലചായ്ക്കാനാണോ
താമസമുറപ്പിക്കാനാണോ
എന്നറിയാത്ത വിധം
ഹൃദയത്തിന്റെ
ചില്ലകളിൽ ചേക്കേറും
പിന്നീട് ചില്ല പോലുമറിയാതെ
ഇലയനങ്ങാതെ
ഒരു പൂ കൊഴിയുന്ന പോലെ
നമ്മളറിയാതെ അവിടന്നൂർന്ന് വീഴും..
ഒടുവിലൊരു വസന്തകാലത്തെ
പടിയിറക്കി വിട്ടപോലെ
ഇല കൊഴിഞ്ഞമരം
കൂടൊഴിഞ്ഞ കിളിയെ തേടി
വേനൽ കൊള്ളുമ്പോൾ
ആണൊരു ചാറ്റൽ മഴയായി
വീണ്ടും വെറുതെ പെയ്യും
ഇടവപ്പാതി സ്വപ്നം കണ്ട്
അവളൊന്ന് ചില്ലകളനക്കി
നനഞ്ഞു കുതിരും മുമ്പ്
അവനൊരു തീ കാറ്റൂതി
തിരികെപോവും
ചുറ്റും പൊള്ളി വിയർക്കുമ്പോഴും
പെണ്ണൊരു വേഴാമ്പലാവും
ഒടുവിൽ അവൻ
നീണ്ട വേനൽ സമ്മാനിക്കും
കാത്തിരിക്കുന്നത്
ഒരു പെരുമഴക്കാലമോ
പ്രളയമോ എന്ന്
തിരിച്ചറിയാനാവാത്ത വിധം
ആണകം ഭാഷയറിയാത്ത
ഒരു പുസ്തകമായി
അവൾക്കു മുമ്പിലങ്ങിനെ
അടഞ്ഞുകിടക്കും..
ഒടുവിൽ……
വായിച്ചെടുക്കാനത്ര എളുപ്പമല്ല
എന്ന തോന്നലിൽ
പല തവണ തർജ്ജമ ചെയ്തും
പകരപദങ്ങൾ കണ്ടെത്തിയും
ആണകമൊളിപ്പിച്ച പുസ്തകത്തിൻ്റെ
പുറംചട്ടയിൽ കണ്ണോടിച്ച്
മറുഭാഷയറിയാവുന്ന
പലരോടും അർത്ഥമാരായും..
അപ്പോൾ അവർ പറയും…
അല്ലെങ്കിലും… ചിലനേരം
പെണ്ണിനെ വായിക്കുന്ന
അത്ര എളുപ്പമല്ല
ചില ആണിനെ വായിക്കാനെന്ന്
✍🏻🌧️
……………………
പെണ്ണ് – പെണ്ണായപ്പൊ
🤗🤗🤗
അന്നവള് വെളിച്ചത്ത് വന്നിരുന്നില്ല
ഇപ്പൊ ഇരുട്ടത്തും നടക്കണുണ്ട്
അടുക്കളേന്ന് പോന്നിരുന്നില്ല
ഇപ്പോൾ കയറാൻ നേരല്യ
ആരോടും കയർത്തു പറഞ്ഞിരുന്നില്ല
ഇപ്പൊ അവര് അവളോടും
അണിഞ്ഞൊരുങ്ങീരുന്നില്ല
ഇപ്പൊ ഒരുങ്ങാതെ പറ്റില്ലെന്നായി
അരങ്ങത്തും കണ്ടിരുന്നില്ല
ഇപ്പൊ അവിടുന്നിറങ്ങാണ്ടായി
പണ്ട് അവൾക്കുള്ളതെല്ലാം
മറച്ചുവച്ചിരുന്നു പുതച്ച് പിടിച്ചിരുന്നു
കാൽ നഖം കൊണ്ട് കളംവരച്ചിരുന്നു
ഇന്ന് അവളതെല്ലാം
മൂടിവക്കാതെ തുറന്നിട്ടിരിക്കയാണ്
എല്ലാം കാൽച്ചുവട്ടിലാക്കിയിരിക്കയാണ്
പഴയപോലെ ആണിനെ പേടിച്ച്
പിറകേ നടക്കുകയല്ല
ഒപ്പം നടക്കുകയാണ്
ആണും പെണ്ണും രണ്ടല്ല ഒന്നാണെന്ന്
ഇപ്പൊ മനുഷ്യര് തിരിച്ചറിഞ്ഞിട്ടുണ്ട്
എന്നിട്ടും…..
പെണ്ണ് പെണ്ണാവണംന്ന്
അന്നും ഇന്നും ചിലോര് പറയണണ്ട് !!
പക്ഷെ
പെണ്ണ് പെണ്ണാവണ കാലം
ആണ് ആണായിത്തന്നെ
ഇരിക്കോന്ന് ആർക്കറിയാം…
പലടത്തും..പെണ്ണാത്രെ
ഇപ്പൊ വീടും കുടുംബോം നോക്കണത് !
എന്നാലും….പണ്ട്
അവളെ വിരട്ടി വിറപ്പിച്ച
കണ്ണീര് കണ്ട് ചിരിച്ച
അവൻ്റെ
കൊമ്പൻ മീശേം’ മസില് പിടുത്തോം
ചായ കുടീം… പത്രം വായനേം
ഇനി കാണാൻ പറ്റില്ലല്ലോന്നോർത്ത്
അവള് എപ്പഴേ ചിരി തുടങ്ങീട്ടുണ്ട്..
നിങ്ങൾക്കും ചിരിക്കണ്ടെ പെണ്ണുങ്ങളേ…
ഹഹ…എന്താലേ…
കളി പെണ്ണിനോടാ…
അവളാരാ മോള് ….!!
✍️
മാർച്ച് 8 😍വനിതാദിനാശംസകൾ🩷

സിന്ധുഭദ്ര

By ivayana

Leave a Reply

Your email address will not be published. Required fields are marked *