രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍
വാശി പിടിയ്ക്കരുത്
ഇന്നു വാശികാട്ടി നേടിയെടുക്കുന്ന പലതും
നാളെ വച്ചൊഴിയാനാകാത്ത
ശീലങ്ങളായേക്കാം
അതു നല്ലതായാലും
കെട്ടതായാലും……..
ഒരു പരിധി വെച്ചേ
വിശ്വാസം വിളമ്പാവൂ
പരിധി കവിഞ്ഞ വിശ്വാസങ്ങളെ
വിശ്വാസവഞ്ചന
എളുപ്പം അക്രമിച്ചു കീഴ്പ്പെടുത്തിയേക്കാം……..
രാത്രിയിൽ
ഇതൾ വിടർത്തുന്ന
പൂവുകളെ
അതിരു വിട്ട്
ലാളിക്കരുത്
നിശാചരത്വം
ദംഷ്ട്രകൾ നീട്ടുന്നത്
രാവിൻ്റെ ഇരുൾ കോടരങ്ങളിൽ
മറഞ്ഞിരുന്നാണല്ലോ…..
നിൻ്റെ സ്നേഹം പകുക്കപ്പെടുന്നത്
തെറ്റായ പാത്രങ്ങളിലാകരുത്
ചില പാത്രങ്ങളിൽ
വിളമ്പപ്പെടുന്നവ
തിരിച്ചു കിട്ടാൻ
പ്രയാസമാണ്…
പെറ്റമയ്ക്കും
താനാക്കിയ
അച്ഛനുമപ്പുറം
വഴികാട്ടുന്ന ഒരു പ്രകാശധാമവും
ഭൂമിയിലില്ലെന്നറിയുക
അവർ നിന്നിൽ
നിന്നെ ഉരുവാക്കി
ഇവിടുത്തിൽ
സമർപ്പിച്ചവരാണ്…….
ഒരു ലഹരിയും
ജീവിത ലഹരിയ്ക്കു
മുകളിലല്ലെന്നറിയുക
നാം വിതച്ചു
കൊയ്യുന്നതെല്ലാം
നാളെ : നമ്മൾ തന്നെ അനുഭവിക്കേണ്ടതത്രേ
പാനങ്ങളായാലും
പേയങ്ങളായാലും
കൃത്രിമ ലഹരികൾ
ജീവിതയാനത്തിൻ്റെ
വഴി മറയ്ക്കുമെന്നറിയുക
വഴി കുഴയാതിരിക്കാൻ
ഉൾക്കണ്ണു തുറന്നു വയ്ക്കുക.
