ചൂരൽ ആദ്യം കൈപ്പായിരുന്നു,
കണ്ണുനീരും, വേദനയുമായിരുന്നു.
തുടയിലും കൈവണ്ണകളിലും
കരിവാളിച്ച പാടുകളായിരുന്നു …
ഗുരുവിനോടുള്ള വെറുപ്പും
പകയുമായിരുന്നു…..!
പരീക്ഷ കഴിഞ്ഞ്
വിജയമാർക്കുകൾ
പരീക്ഷ ക്കടലാസിൻ്റെ
തലപ്പത്ത് നക്ഷത്രത്തിലകമായപ്പോൾ
ചൂരൽപ്പഴമധുരം
നുണച്ചിലായ്,
ഹരമായ്,
ഹാരമായ്…..!
അഭിമാനവും
ആഹ്ലാദവുമായി …!
ചൂരൽ
ഒരു പേടിയും പൊല്ലാപ്പുമായിരുന്ന കാലം
ചൂരൽ മാഷ് ശത്രുവും
ക്രൂരനുമായിരുന്നു !
ചൂരൽ തിരുത്ത്
വിമുകതയും വിമ്മിഷ്ടവുമായിരുന്നു.
ചൂരലില്ലാതെ
കൈവീശി…
വികൃതികൾക്ക് തിരുത്ത് പറയാതെ,
പതച്ചും പതപ്പിച്ചും സുഖിപ്പിച്ചും
വിദ്യാലയത്തിലലഞ്ഞ മാഷന്ന് നല്ലവനും
മാതൃകാ യോഗ്യനുവായിരുന്നു…..!
പൊടി മീശ
കരി മീശയായി,
ഊശ്ശാൻ താടി രോമങ്ങൾ
കരിന്താടിയായി.
പഠനപരീക്ഷാ വിജയങ്ങളും
ജോലിയും വ്യാപാരവും
സമ്പുഷ്ടമാക്കിയ ജീവിതത്തിലെ
തിരിഞ്ഞ് നോട്ടത്തിലിപ്പോൾ
നായകനും
മാതൃകയും
ചൂരലും ചൂരൽ മാഷുമായി …
പതയും പതപ്പിക്കലുമായി
ചിരിക്കളികൾ നടത്തി പാഠാലയം നിറഞ്ഞ
അന്നത്തെ മാതൃകാ മാഷിന്ന്
നിർഗുണനും ദ്രോഹിയുമായി …….!
കാലപരിണാമത്തിൻ്റെ നൈതികത …
കടലാമ കരകയറും കാലത്തും സത്യം കൃത്യമാണ്….!
🌼🌼🌼

By ivayana

Leave a Reply

Your email address will not be published. Required fields are marked *