രചന : രാജു വിജയൻ ✍
ഞങ്ങൾക്കുമുണ്ടായിരുന്നെടാ മക്കളേ
ഞാറ്റുപൂ പോലത്തൊരക്കാലം…
നാട്ടുമാഞ്ചോട്ടിലെ പൂത്തൊരാ കൊമ്പിന്മേൽ
ഞാണ്ടു കളിയ്ക്കണൊരക്കാലം…
ഫ്രീക്കന്മാർ നിങ്ങളെ വെല്ലുന്ന മോഡലിൽ
അപ്പാച്ചെ സ്റ്റൈലുള്ളോരക്കാലം..
ബാഗി ജീൻസുമിട്ട് ഹൻഡ്രഡ് സി സി ബൈക്കിൽ
കേറി പറക്കണൊരക്കാലം….
കൊട്ടകക്കുള്ളിലായ് കടലേം കൊറിച്ചും
കൊണ്ടിഷ്ട്ട പടം കണ്ടൊരക്കാലം…
കഷ്ടപ്പാടുണ്ടേലും നാട്ടു കവലയിൽ
കൂട്ടരോടൊത്തിരുന്നക്കാലം…
ചെമ്പകപ്പൂമൊട്ട് കൈയ്യിൽ കരുതി –
കൊണ്ടാരെയോ കാത്തിരുന്നക്കാലം…
ആരെയോ കാത്തിരുന്നക്കാലം…
പട്ടിണിയുണ്ടേലും, പാവങ്ങളാണേലും
പാശം നശിക്കാത്തോരക്കാലം.. ഉള്ളിൽ
സ്നേഹകുളിരാർന്നൊരക്കാലം….
സ്നേഹകുളിരാർന്നൊരാക്കാലം…..
ഞങ്ങൾക്കുമുണ്ടായിരുന്നെടോ കൂട്ടരേ
നേരും, നെറിയുള്ളോരക്കാലം….
നാലണ തുട്ടുമായ് ഐസ് ഫ്രൂട്ട് കാരന്റെ
പെട്ടിയിൽ തൂങ്ങണോരക്കാലം…ഉള്ളിൽ
ഉത്സവം തീർക്കണൊരക്കാലം….. ഉള്ളിൽ
ഉത്സവം തീർക്കണൊരക്കാലം…… 🥰
