രചന : റസാഖ് വഴിയോരം ✍
മൂന്നുദിവസം നീണ്ടുനിന്ന വിവാഹാഘോഷമായിരുന്നു അവരുടേത്. മംഗളകർമ്മത്തിന് സാക്ഷികളാവാൻ ആയിരങ്ങൾ ഒത്തുകൂടി. ആഘോഷപരിപാടികൾ കഴിഞ്ഞ് ആളുകൾ സന്തോഷത്തോടെ പിരിഞ്ഞുപോയി. പക്ഷെ മൂന്നു മാസം പോലും അവരുടെ ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ടുപോയില്ല. സങ്കൽപത്തിലെ പങ്കാളിയല്ല ജീവിതത്തിലേക്ക് കടന്നുവന്നതെന്നറിയാൻ അവർക്ക് അത്രയും ദിവസങ്ങൾ മതിയായിരുന്നു.
പണവും സൗന്ദര്യവും കുടുംബമഹിമയും പരിഗണിച്ചായിരുന്നു വീട്ടുകാർ അവരുടെ വിവാഹം നടത്തിക്കൊടുത്തത്. അതുകൊണ്ടുതന്നെ രണ്ടു കുടുംബങ്ങളുടേയും അഭിമാനം തകർന്നു പോവാതിരിക്കാൻ മനസ്സിലുള്ളതൊന്നും പുറത്തറിയിക്കാതെ അവർ ദിവസങ്ങൾ തള്ളിനീക്കി.
വീട്ടുകാരുടെ മുമ്പിൽ അവർ നല്ല ദമ്പതികളായി അഭിനയിച്ചു. പലപ്പോഴും ഒരേ വീട്ടിൽ അവർ അന്യരെപ്പോലെ പെരുമാറി. ഒരേ കട്ടിലിൽ അവർ പരസ്പരമറിയാതെ കിടന്നുറങ്ങി.
ഒന്നും സംസാരിക്കാതെ, തമ്മിൽ മുഖത്തുപോലും നോക്കാതെ ഭർത്താവിന്റെ കൂടെ അധികനാൾ കഴിയാൻ അവൾക്കായില്ല. ഒരു ദിവസം അവിടെനിന്നും സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങിയ അവൾ പിന്നീടവിടേക്ക് തിരിച്ചുവന്നില്ല.
ആദ്യമൊക്കെ സ്വന്തം വീട്ടുകാർ സഹതാപത്തോടെ അവൾക്കനുകൂലമായി സംസാരിച്ചുവെങ്കിലും പിന്നീട് അവരിൽനിന്നുപോലും ഒരുതരം അകൽച്ച അവൾ അനുഭവിച്ചുതുടങ്ങി. അതോടെ ആരോടുമധികം സംസാരിക്കാതെ, വീട്ടുകാര്യങ്ങളിലൊന്നുമിടപെടാതെ ഒരു വിഷാദരോഗിയെപ്പോലെ അവൾ സ്വന്തം മുറിയിൽ ഒതുങ്ങിക്കൂടി.
അയാളും മാനസികമായി എറെ തളർന്നിരുന്നു. ജോലിക്ക് പോകാനോ ആളുകളോട് സംസാരിക്കാനോ കഴിയാതെ അയാളും വീട്ടിനുള്ളിൽ തന്നെ ദിവസങ്ങൾ കഴിച്ചുകൂട്ടി. മാനസിക സംഘർഷങ്ങൾ ഇരുവരുടെയും ശരീരത്തേയും ക്രമേണ ബാധിച്ചുതുടങ്ങിയിരുന്നു. ഉള്ളുരുകി, നീറിപ്പുകഞ്ഞ് രണ്ടു ഹൃദയങ്ങൾ രണ്ടു ധൃവങ്ങളിലായി ദിവസങ്ങളും മാസങ്ങളും കഴിച്ചുകൂട്ടി.
ഒരു ദിവസം അവളുടെ വാട്സാപ്പിലേക്ക് അയാളുടെ ഫോണിൽനിന്നും ഒരു സന്ദേശം വന്നു.
അവളുടെ പേരിന്റെ ആദ്യാക്ഷരങ്ങളും പിന്നെ ഒരു സ്മൈലിയും..
അവൾ ഒന്നും പ്രതികരിച്ചില്ല. തന്റെ ജീവിതം തകർത്ത ആ മനുഷ്യനെ അവൾ മറക്കാൻ ശ്രമിക്കുകയായിരുന്നു.
പിറ്റേദിവസവും അതേ ഫോണിൽ നിന്ന് മറ്റൊരു സന്ദേശം അവളെത്തേടിയെത്തി. തുടിക്കുന്ന ഹൃദയാകൃതിയിലുള്ള ഒരു സ്റ്റിക്കർ. പതുക്കെ വികസിക്കുകയും ചെറുതാവുകയും ചെയ്തുകൊണ്ടിരിക്കുന്ന ആ ഹൃദയചിത്രത്തിന്റെ താളത്തിൽ അപ്പോഴവളുടെ ഹൃദയവും അറിയാതെയൊന്ന് തുടിച്ചുപോയി.
തുടർന്നുള്ള ദിവസങ്ങളിൽ വാക്കുകളായും ശബ്ദങ്ങളായും അനേകം സന്ദേശങ്ങൾ രണ്ടു ഫോണുകളിൽ നിന്നും രണ്ടു ഹൃദയങ്ങളിലേക്കുമൊഴുകി. അവർ പരസ്പരം ഉള്ളുതുറന്ന് സംസാരിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി സ്വയം അനുഭവിച്ചുതീർത്ത ഏകാന്തതയിൽ നിന്നും അവർ ജീവിതത്തെക്കുറിച്ച് ഏറെ പഠിച്ചുകഴിഞ്ഞിരുന്നു. എല്ലാം തുറന്ന് പറയാനും ശാന്തരായി കേൾക്കാനും അവർ സന്നദ്ധരായപ്പോൾ ആ മനസ്സുകൾ കൂടുതലടുത്തു.
മനോനിർമ്മിതമായ സാങ്കല്പിക ലോകത്തുനിന്നും ജീവിതയാഥർത്ഥ്യങ്ങളിലേക്കിറങ്ങിവരാൻ ഒരിക്കലവർ തയ്യാറാവാത്തതിനാലായിരുന്നു അത്രയും കാലം തമ്മിലകലാനും മാനസികസംഘർഷങ്ങളനുഭവിക്കാനും ഇടയായതെന്ന് ഇന്നവർ മനസ്സിലാക്കി. എല്ലാ മുൻവിധികളും മാറ്റിവെച്ച് ഒരു ദിവസം അയാൾ അവളെത്തേടിയെത്തി. നല്ല കൂട്ടുകാരായി, നല്ല സഹയാത്രികരായി അവർ പുതിയൊരു ജീവിതത്തിലേക്ക് യാത്ര തുടങ്ങി.
ഇന്നവർ പുറംമോടിയിൽ മാത്രം അഭിരമിക്കുന്ന രണ്ട് ശരീരങ്ങളല്ല, ഒന്നായ് ചേർന്ന രണ്ടു ഹൃദയങ്ങളാണ്.
കാലം കനിഞ്ഞുനൽകിയ കുഞ്ഞുമക്കളും അവരുടെ കുസൃതിച്ചിരികളും നിറയുന്ന ഭൂമിയിലെ സ്വർഗ്ഗമാണ് ഇന്നവരുടെ വീട്. കുറ്റവും കുറവുമില്ലാത്തവരും, പിഴവുപറ്റാത്തവരും ഈ ഭൂമിയിലില്ലെന്ന് തിരിച്ചറിഞ്ഞ് ജീവിതം വീണ്ടെടുക്കാൻ തയ്യാറായതിന് ദൈവം അവർക്ക് കൊടുത്ത സമ്മാനം.
ഒരു സിനിമാ പാട്ടില്ലേ ?
ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ
അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ
അക്ഷരത്തെറ്റു വരുത്താതിരുന്നാൽ,
മഹാകാവ്യം.. ദാമ്പത്യം ഒരു മഹാകാവ്യം..
അതെ, ദാമ്പത്യം ഒരു മഹാകാവ്യമാണ്.
സമ്പത്താണ് അതിന്റെ അടിസ്ഥാനമെങ്കിൽ വിവാഹമോചിതരാവുന്ന കോടീശ്വരന്മാരെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ കേൾക്കേണ്ടിവരില്ലായിരുന്നു. സൗന്ദര്യമാണ് അതിന്റെ ആകർഷണമെങ്കിൽ വിവാഹമോചനം തേടി കോടതികൾ കയറിയിറങ്ങുന്ന സെലിബ്രിറ്റികളേയും നാം കാണേണ്ടിവരില്ലായിരുന്നു.
ദാമ്പത്യം: ദൈവം ഭൂമിയിലെഴുതിയ മനോഹരമായ കവിതയാണ്. സ്നേഹവും സഹനവും കൊണ്ട് മനസ്സുകൾ ഒന്നായിത്തീരുന്ന സൗന്ദര്യമാണ്. അതാസ്വദിക്കണമെങ്കിൽ ഹൃദയം കൊണ്ട് അത് വായിച്ചുതുടങ്ങണം..