രചന : ലത അനിൽ ✍
നാലുമണിക്കനവുകളെ വാട്ടിവെച്ചേ…
നോവാൽ പത്തായം നിറച്ചുവെച്ചേ…
നിരാശ പാഥേയമായെടുത്തു വെച്ചേ…
വികാരകാളിന്ദിയ്ക്കണ കെട്ടിവെച്ചേ….
സ്മൃതിഗോക്കളെയെല്ലാം തഴുകിനിർത്തീ,
കായാമ്പൂസങ്കല്പങ്ങൾ കോർത്തുകെട്ടീ…
നിന്നെ പിണക്കിയതോർത്തു വിങ്ങി
നിൽക്കുന്നീ ഗോപിക ശ്യാമവർണാ….
നീയെന്റെ ചാരത്തു ചേർന്നുനിന്നാൽ…
നീളെ പ്രതീക്ഷകൾ പൂത്തുനിൽക്കും.
ആ മണിവേണു സ്വരമുതിർത്താൽ
ആനന്ദമധുരം കിനിഞ്ഞിറങ്ങും.
നിന്നോടൊത്തിറങ്ങുന്ന നേരം..
അഴലങ്ങു ദൂരെ പോയൊളിക്കും.
നീയെന്നെയെന്നേ കവർന്നതല്ലേ…
നശ്വരശരീരമേ ബാക്കിയുള്ളൂ?…
അനുവാദമാരോടിനി വാങ്ങുവാൻ ?
നിന്റെ കള്ളച്ചിരിയല്ലോ കണിമധുരം.
പരിഭവം കാട്ടിയകന്നിടേണ്ട
നിന്റെയരികിൽനിന്നിനിയെങ്ങും പോകില്ല ഞാൻ.
നിന്നിൽ ലയിക്കുമീ ജന്മപർവ്വം.
നിന്നിലലിയുമീ കർമ്മകാണ്ഡം.
