രചന : കെ.ആർ.സുരേന്ദ്രൻ✍
അനുധാവനം
ഒരു കലയാണ്.
അനുധാവനം
ഒരു വിനോദകലയാണ്.
സ്റ്റേഷനിലിറങ്ങിയ
ചെറുപ്പക്കാരന്
സ്റ്റേഷൻ
പുറത്തേക്കുള്ള വാതിൽ
ചൂണ്ടി.
സമീപത്തെ
സൽക്കാർ ഹോട്ടൽ
അയാൾക്കൊരു
ചായ നൽകി സൽക്കരിച്ചു.
തെരുവോരത്ത്
നിരനിരയായി
മയിൽവാഹനങ്ങൾ
അയാൾക്ക്
സ്വാഗതമോതി.
ഒന്നാമന്റെ
വാഹനത്തിലേക്കയാൾ
കുനിഞ്ഞ് കയറി.
മയിൽവാഹനം
മുന്നോട്ടെടുത്തു.
തൊട്ടുപിന്നിലെ
വാഹനത്തിലേക്ക്
ഞാൻ നൂണ്ട് കയറി.
ലക്ഷ്യം മുന്നിലെ
ചെറുപ്പക്കാരനായത്
കൊണ്ട്,
എരിയുന്ന സൂര്യനും,
തിളക്കുന്ന നഗരവും,
ഉരുകുന്ന മനുഷ്യരും,
വണ്ടികളും
എനിക്ക് വിഷയമായില്ല.
ചെറുപ്പക്കാരന്റെ
വാഹനം
ഓരോരോ വഴിയിലൂടെ
നീന്തി.
പിന്നാലെ
എന്റെ മയിൽവാഹനവും
നീന്തി.
പലവഴി,
പെരുവഴിയോടി
അയാളുടെ വാഹനം
സപ്ളെൻഡർ
ഗാർഡൻസിൽ നിന്ന്
കിതച്ചു.
അയാളിറങ്ങി.
തൊട്ടുപിന്നിൽ
ഞാനുമിറങ്ങി.
അനുധാവനം
തുടർക്കഥയായി.
അതിന്റെ ത്രിൽ
ഒന്ന് വേറെയാണ്.
അയാളുടെ മുമ്പിൽ
ലക്ഷ്യം മാത്രമായത്
നന്നായി.
തിരിഞ്ഞുനോട്ടം
ഉണ്ടായില്ല.
സപ്ളെൻഡർ
ഫ്ലാറ്റ് സമുച്ചയത്തിലേക്കയാൾ
സ്റ്റെയർ
കേസുകളോടിക്കയറിയപ്പോൾ,
പിന്നാലെ ഞാനും.
മൂന്നാമത്തെ നിലയിൽ,
വലത് വശത്ത്,
മൂന്നാമത്തെ
ഫ്ളാറ്റിന് മുന്നിലെത്തി
നിന്നു അയാൾ.
ഒരു യുവതി
ഒറ്റയ്ക്ക് പൊറുക്കുന്ന
ഫ്ളാറ്റ്.
കോളിംഗ് ബെൽ
പേര് ചൊല്ലി
വിളിച്ചിരിക്കണം.
അവളത് കേട്ടു.
വാതിൽ അയാൾക്ക്
മുന്നിൽ തുറന്നു.
ബാൽക്കണിയിൽ
മാറി നിന്ന് ഞാൻ
ഇടം കണ്ണിട്ട്
കൗതുകം പൂണ്ടു.
പരസ്പരം
കണ്ണുകൾ
കഥകൾ പങ്കിട്ടിരിക്കണം.
പോയ കാലം
പുനർജ്ജനിച്ചിരിക്കണം.
നിമിഷാർദ്ധത്തിൽ പൂത്ത്,
തളിർത്ത്,
ഒരു വസന്തം തീർത്ത്,
കൊഴിഞ്ഞിരിക്കണം.
കേൾക്കാതെ
കേൾക്കുന്നവൻ
നിഗമനങ്ങൾ കൊണ്ട്
തൃപ്തനാകണം.
ഔപചാരിമായ
ക്ഷേമാന്വേഷണങ്ങൾ
പരസ്പരമുണ്ടായില്ല.
ഭാവങ്ങൾ മാറിയില്ല.
സ്ഥായിയായ
ഗൗരവത്തെ
ചേർത്ത് പിടിച്ചയാൾ
തിരികെ നടന്നു.
വാതിൽ സ്വിച്ചിട്ടപോൽ
പിന്നിലടഞ്ഞു.
പുറംകാഴ്ച
കാണാനെന്ന
ഭാവേന നിന്ന
എന്റെ ജിജ്ഞാസ
ആവിയായി.
ഞാൻ അന്തിച്ച് നിന്നു.
താഴേക്കിറങ്ങുന്നതിന്
മുമ്പ്
തിരിഞ്ഞ് നോക്കാതെ
”അനുധാവനം തുടരാം”
എന്നയാൾ
ചോരാത്ത
ഗൗരവത്തോടെ പറഞ്ഞ്
സ്റ്റെയർ
കേസുകളിലേക്കിറങ്ങി.
ഞാൻ ചൂളി, പരുങ്ങി.
അയാൾക്ക് പിന്നിലും
കണ്ണുകളുണ്ടോ എന്ന്
ഞാൻ
എന്നോട് വിസ്മയിച്ചു….
അനുധാവനം
ചിലപ്പോഴെങ്കിലും
പ്രഹേളികകൂടിയെന്ന്
ഞാനറിയുന്നു……
