രചന : അജിത്ത് റാന്നി✍
പേറ്റുനോവിൻ കനൽക്കാടടുക്കും മുമ്പേ
ആറ്റുനോറ്റുണ്ടായൊരുണ്ണിതൻ രൂപത്തിൻ
മാറ്റളന്ന് മനപ്പായസമുണ്ട്
നീറ്റലകന്ന മനമോടിരിപ്പവൾ.
ആറ്റക്കുരുവിതൻ കൂജനത്തെയവൾ
പാറ്റിപ്പെറുക്കിനെഞ്ചോട് ചേർത്തും
കാറ്റിൻ തലോടൽ മൃദു സ്പർശ്ശമെന്നോർത്ത്
ഒറ്റയ്ക്കിരുന്ന് നിർവൃതി പൂകും.
മുറ്റത്ത് പിച്ചവയ്ക്കാനൊരുങ്ങുന്ന പാദത്തെ
തെറ്റാതെ കൈവിരലേകുന്ന രൂപത്തെ
തറ്റുടുത്ത ചേകവർ പോലയാക്കിയാ
ചിത്തത്തിൻ നെറ്റിയിൽ പ്രതിഷ്ഠിച്ചിരിപ്പവൾ.
ആറ്റിളക്കത്തിൻ കളകളം പെരുക്കുന്ന
ചാറ്റൽ മഴയിൽ മനം പൂത്തുലഞ്ഞും
ഒറ്റക്കണ്ണാലല്ലകകണ്ണിലെ പൂവിൻ
കുറ്റമില്ലാത്തരുമയോടവൾ കൊഞ്ചുന്നു.
വറ്റാത്തുറവയാം മാതൃ സ്നേഹത്തെ
മറ്റാർക്കുമേകാതെ ഒന്നായ് കരുതി
ചുറ്റിനിൽക്കും മനോവേദനാ പർവ്വത്തി
ന്നറ്റവും അന്ത്യവും പേറി നടപ്പവൾ.
ഉറ്റവർക്കറിയില്ല അവൾ നെയ്ത സ്വപ്നത്തിൽ
ആറ്റിക്കുറുക്കി ചേർത്ത വർണ്ണങ്ങളെ
മാറ്റൊലി പോലാ കരച്ചിലെത്താൻ നോമ്പും
നോറ്റിരിക്കുന്നു അനുദിനവും.