രചന : ശ്രീകുമാർ പെരിങ്ങാല.✍
രണ്ടുമാസംമുമ്പ് അനന്തരവൻ ഗൾഫിൽനിന്ന് വിളിച്ചു
“മാമാ ഞാൻ ലീവിന് വരുന്നുണ്ട്. മാമന് എന്താണു കൊണ്ടുവരേണ്ടത്”.
ഞാനൊരു ഫോർമാലിറ്റിക്ക് പറഞ്ഞു
“എയ് ഒന്നും വേണ്ടാടേ, നീ ഇങ്ങ് വന്നാമതി”.
അവൻ വിടാനുള്ള ഭാവമില്ല
“അതുപറ്റില്ല മാമാ ഇത് എൻ്റെയൊരു സന്തോഷത്തിനാണ്. എന്താണ് വേണ്ടതെന്നു പറയൂ പ്ലീസ്” അവൻ കെഞ്ചി.
പിന്നെ ഞാൻ കൂടുതൽ മസിലുപിടിച്ചു ബോറാക്കിയില്ല. വളരെ നാളായുള്ള ഒരാഗ്രഹമാണ് ഒരു സ്മാർട്ട് വാച്ച് വേണമെന്നുള്ളത്, എന്നാൽ പിന്നെ അതുതന്നെ ചോദിച്ചേക്കാമെന്നു കരുതി.
അവൻ ലീവിനു വന്നപ്പോൾ, റഡ്മിയുടെ നല്ലൊരു സ്മാർട്ട് വാച്ച് കൊണ്ടുത്തന്നു. കുറച്ചു കഴിഞ്ഞ് അത് മൊബൈലുമായി കണക്ട് ചെയ്യിക്കുവാനുള്ള ശ്രമമാരംഭിച്ചു. ഒരു രക്ഷയുമില്ല, ശരിയാകുന്നതേയില്ല. അങ്ങനെ പല ദിവസങ്ങൾ മാറിയും കേറിയും നോക്കി, പലരേയും കാണിച്ചു. നിരാശയായിരുന്നു ഫലം. അവസാനം ഇന്ന് ഷോറൂമിൽത്തന്നെ കാണിക്കാമെന്ന് കരുതി.
റഡ്മിയുടെ ഷോറൂം കൊല്ലത്തുണ്ടെന്ന് ഗൂഗിളുമാമി പറഞ്ഞുതന്നതുംപ്രകാരം. ഓഫീസിൽനിന്ന് ഹാഫ് ഡേ ലീവെടുത്ത് റൂട്ടുമാപ്പിട്ട് കൊല്ലത്തുള്ള ഷോറൂമിലേക്ക് വെച്ചുപിടിച്ചു.
അവിടെ കൗണ്ടറിലിരിക്കുന്ന വെളുത്തു മെലിഞ്ഞ സുന്ദരിക്ക് ഒരു നല്ല ചിരി പാസാക്കി, ബാഗിൽനിന്ന് വാച്ചെടുത്ത് കൊടുക്കാൻ നോക്കുമ്പോളാണറിയുന്നത്
അതെടുക്കാതാണ് ഇത്രയും ദൂരം ഈ പൊരിവെയിലത്ത് ബൈക്കോടിച്ച് വന്നതെന്ന്. ഇതിനെയായിരിക്കാം “കോന്തൻ കൊല്ലത്തു പോയതുപോലെ” എന്നു പറയുന്നത്.
പക്ഷേ, അതല്ല കാര്യം. ഇന്ന് വിഡ്ഢിദിനമല്ലേ, അപ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. അല്ലാതെ എൻ്റെ മറവിയല്ല കാരണം ഞാൻ സ്വയം സമാധാനിച്ചു.
