രചന : അച്ചു ഹെലൻ .✍
വീട് എന്ന കടമ തോളിൽ ഏറ്റിയ വണ്ടിക്കാളകൾ ആയ പുരുഷന്മാരെപ്പറ്റി ഓർക്കുമ്പോൾ സത്യത്തിൽ വല്ലാതെ സഹതാപം തോന്നും.
കൂടിക്കൂടി വരുന്ന ദൈന്യം ദിന ചിലവുകൾക്കനുസരിച്ചു വരുമാനം വർധിപ്പിക്കാൻ വേണ്ടി പരക്കം പായുന്ന, നാടും വീടും സൗഹൃദങ്ങളും ഉപേക്ഷിച്ചു ഈ വീട്ടു കടമകൾ നിർവഹിക്കാൻ പാടുപെടുന്ന പ്രവാസികളെ പോലുള്ളവർ…
സത്യത്തിൽ നല്ല ആഹാരമോ, വിശ്രമമോ, എന്തിനു കിടക്കുന്നത് പോലും സ്വകാര്യതകൾ ഇല്ലാത്ത ഇക്കൂട്ടർ ഇതൊന്നും പരാതികൾ ആയി എവിടെയും പറയാതെ എല്ലാം എന്റെ ഉത്തരവാദിത്തമെന്നു സ്വയമേ തലയിലേറ്റും, അല്ലെങ്കിൽ അമ്മയോ മറ്റൊ നിർബന്ധിച്ചു അങ്ങനെ പഠിപ്പിച്ചു വെക്കും. വിവാഹം മുതൽ എല്ലാം, അത് കുഞ്ഞുങ്ങൾ ഉണ്ടായാൽ പറയുകയും വേണ്ട…
കുഞ്ഞുങ്ങൾ എന്നാൽ രണ്ടുപേരുടെയും ഉത്തരവാദിത്തം ആണ് എന്ന് ആരും ചിന്തിക്കുന്നില്ല.
വീട്ടു ചിലവുകൾ രണ്ടുപേരും തുല്യമായി പങ്കിടണം. വീട്ടു ജോലി എന്ന മഹാ ജോലി മാത്രം ചെയ്തു ഭർത്താവ് കൊണ്ടു വരുന്നതിൽ കുറ്റവും കുറവും കണ്ടെത്തി ജീവിക്കാനായി കുറെ അവതാരങ്ങൾ ഇപ്പോഴും ഉണ്ട്.
എന്തൊക്കെ ചെയ്തു കൊടുത്താലും ചെയ്തു കൊടുക്കാത്ത, കിട്ടാത്ത ഒന്നിനെ ചൊല്ലി നിരന്തരം അവന്റെ സമാധാനം കെടുത്തുന്നവർ.
ഇവരെങ്ങനെയാണ് അവരുടെ മക്കൾക്ക് മാതൃകയാകുന്നത് എന്നെനിക്ക് ഇപ്പോഴും മനസ്സിലാക്കാൻ പറ്റുന്നില്ല.
വീടുണ്ടാക്കാൻ, വാഹനം വാങ്ങാൻ, മക്കളെ പഠിപ്പിക്കാൻ, അവർക്ക് വേണ്ട വസ്ത്രങ്ങൾ വാങ്ങാൻ,ആഘോഷ ചടങ്ങുകളിൽ സമ്മാനം വാങ്ങാൻ എല്ലാം പുരുഷൻ മാത്രം എന്ന അവസ്ഥ എത്ര ശോചനീയം ആണ്.
എന്നിട്ടോ അവനൊരു യാത്ര പോയാൽ, അല്പം മദ്യപിച്ചാൽ, മറ്റൊരു സ്ത്രീ സൗഹൃദം പങ്കിട്ടൽ, സമയത്തിന് കുടുംബത്തിലേക്ക് വരാതിരുന്നാൽ എല്ലാം അവന്റെ സ്വഭാവ ദൂഷ്യമായി കണ്ട് അവനോളം മോശക്കാരൻ മറ്റൊന്നില്ലെന്നു ഇവരെല്ലാം കൂടി വിധിക്കുന്നു.
പുരുഷന്മാരെ നിങ്ങൾ ഇനിയെങ്കിലും ബുദ്ധി ഉണർന്നു ചിന്തിക്കു..
ഉത്തരവാദിത്തങ്ങളും കുടുംബ ഭാരവും അവർക്ക് കൂടി പങ്കിട്ടു കൊടുക്കു.
ഇല്ലാത്ത പണം കടം വാങ്ങി ആവശ്യങ്ങൾ നിവർത്തീകരിക്കാതെ കയ്യിൽ ഇല്ലെങ്കിൽ ഇല്ലെന്നു വ്യക്തമായി പറഞ്ഞു മനസ്സിലാക്കാൻ പഠിക്കു.
കൗമാരവും യൗവനവും നശിച്ചു ജോലിക്കു പോകാനാവാതെ ഒരു മൂലയ്ക്കു ആകുമ്പോൾ ഈ നെഞ്ചോട് ചേർത്തു നിങ്ങൾ കൊണ്ടു നടന്ന ആരും കൂടെ കാണില്ല എന്ന് ഇനിയെങ്കിലും മനസിലാക്കുക.
പ്രായപൂർത്തി ആയ എല്ലാവരും കുടുംബ ഭാരം ഒന്നിച്ചു വലിക്കുക. അപ്പോൾ അതൊരു ഭാരമല്ലാതെയാകും.
പണത്തിന്റെ അധ്വാനത്തിന്റെ വില എല്ലാവർക്കും മനസ്സിലാക്കാനും പറ്റും.NB:ഇത് എല്ലാവരെയും ഉദ്ദേശിച്ചല്ല എന്ന് ഇനി പ്രേത്യേകം പറയണ്ടല്ലോ.