രചന : എൻ.കെ.അജിത്ത് ആനാരി✍
അനപത്യതാദു:ഖമുള്ളിൽവിലാപമായ്
അറിയാതെ പാടുന്ന താരാട്ടിലായ്
ദിനവും അലിഞ്ഞലിഞ്ഞില്ലാതെയാകുന്നു
സഫലമാകാത്തതാം സ്ത്രൈണ ദു:ഖം
ഇനിയും സ്ഫുരിക്കാത്തജീവൽത്തുടി-
പ്പിനായുദരംകൊതിക്കുന്ന ജീവവഴിയിൽ
വെറുതേ ത്രസിക്കുന്നു സ്തന്യം ചുരത്താത്ത
നിറമാറവൾക്കോ കിനാവീഥിയിൽ!
വെറുതേകൊതിപ്പൂ മടിത്തട്ടു നിത്യവും
അവിടെയൊരു കുഞ്ഞിൻ്റെ പുഞ്ചിരിക്കായ്
കരിവളകൾ കാത്തളകൾ പുതുകുഞ്ഞുടുപ്പുകൾ
കരിമഷി മൃദുഗന്ധമിയലുംപകൽ!
ഒരു കുഞ്ഞുപാളയും ഒരുതുണിത്തൊട്ടിലും
ഒഴിയാത്ത സ്വപ്നമായ് മാറിയോൾക്ക്
കനവിലുണ്ടായിരം താരാട്ടുപാട്ടുകൾ
കരളിൻ്റെ നൊമ്പരംചാലിച്ചപോൽ!
അറിയാതെ രാവിലവയൊഴുകുന്നു മിഴി –
യിലൂടവയാർക്കുമറിയാത്തയരുവികൾ പോൽ
ഹരമാണതെങ്കിലും ഒരുമാത്രയെങ്കിലും
സഫലമാക്കുന്നവൾക്കമ്മബോധം!