രചന : ഉണ്ണി കെ ടി ✍
എട്ടുംപൊട്ടും തിരിയുംമുമ്പേ അമ്മയില്ലാതായി ദേവുവിന്. തന്മൂലം കൂടപ്പിറപ്പുകളായുള്ള ഒരനിയത്തിയെയും അനിയനെയും നോക്കേണ്ട ചുമതല ആ ചെറിയ പ്രായത്തിലെ അവൾക്ക് ഏറ്റെടുക്കേണ്ടിവന്നു!
അച്ഛന് വിറകുവെട്ടായിരുന്നു തൊഴിൽ. അദ്ധ്വാനിയായ അയാൾ മക്കൾക്കും തനിക്കും വയറുനിറയ്ക്കാൻ എല്ലുമുറിയെ പണിതു. ജോലി ഭക്ഷണം ഉറക്കം. ഇതായിരുന്നു അയാളുടെ ദിനചര്യ.
കുട്ടികളെ നോക്കിയും സമയനീക്കമില്ലാതെ തനിക്കും അച്ഛനും ഇളയത്തുങ്ങൾക്കും വെച്ചുവിളമ്പിയും അലക്കിയും വീടുവൃത്തിയാക്കിയും തന്റെ ബാല്യകൗമാരങ്ങൾ കൊഴിഞ്ഞുപോയതവളറിഞ്ഞില്ല.
താഴെയുള്ളവരെ സ്കൂളിലയച്ചെങ്കിലും പഠിക്കാൻ അവരൊട്ടും ശുഷ്കാന്തിയുള്ളവരായിരുന്നില്ല.
പതിനാല് പതിനഞ്ചു വയസ്സുള്ളപ്പോൾ അവളുടെ തലയ്ക്കുമീതെ നിന്ന് അച്ഛനെന്ന നിഴലും നഷ്ടമായി….
ജീവിതത്തിനുമുന്നിൽ പകച്ചുനിൽക്കാനുള്ള സാവകാശമൊന്നും അവൾക്കില്ലായിരുന്നു! അരയും തലയും മുറുക്കി ജീവിതായോധനത്തിനവൾ ഒരുങ്ങി!
രാവിലെ സഹോദരങ്ങൾക്കുള്ള ഭക്ഷണമൊരുക്കിവച്ച് അയല്പക്കത്തുള്ള പെണ്ണുങ്ങളുടെകൂടെ കിട്ടുന്ന നാടൻപണികൾക്ക് പോകും. താൻ കഴിക്കുന്നതിൽക്കൂടുതൽ താത്പര്യത്തോടെ ജോലികഴിഞ്ഞെത്തിയാൽ അവൾ സഹോദരങ്ങളെ ഊട്ടും!
അനിയനോട് അതിരറ്റ വാത്സല്യമായിരുന്നു അവൾക്ക്. ഏട്ടുവയസ്സിലെ മുറിബീഡി പെറുക്കി വലിച്ചും കാലിപ്പിള്ളേരുമായിച്ചേർന്നു കുരുത്തക്കേടുകളൊപ്പിച്ചും അവൻ അവൾക്കൊരു നിരന്തര തലവേദനയായി. വൈകുന്നേരം ജോലികഴിഞ്ഞു ക്ഷീണിച്ചുവരുമ്പോഴേക്കും പരാതികളും ചീത്തവിളികളുമായി അയൽക്കാർ വീട്ടുപടിക്കലൊരു മേളംതന്നെയായിരിക്കും.
അവൻ കൊച്ചുകുട്ടിയല്ലേ എന്നൊരു ന്യായം നിരത്തി ദേവു അനിയനെ പ്രതിരോധിക്കും. വീണ്ടും കയർക്കുന്നവരോട് എന്തെങ്കിലും അനുനയം പറഞ്ഞു മയപ്പെടുത്തി തിരിച്ചയയ്ക്കും.
പ്രയോജനമില്ലെന്നായപ്പോൾ നാട്ടുകാർ പറയുന്നത് നിർത്തി. ഇടയ്ക്ക് നല്ല വീക്കുകിട്ടി ചുണ്ടും നെറ്റിയും വീങ്ങി വരുന്ന അനിയനെ ശുശ്രൂഷിക്കുന്ന, അവന്റെ ഭാവിയോർത്ത് വേദനയോടെ രാത്രി ഉറക്കമൊഴിയുന്ന സഹോദരിയുടെ സ്നേഹമൊന്നും അവനെ തിരുത്തിയില്ല….
പത്തുപതിനെട്ടു വയസ്സായപ്പോഴേക്കും സാമാന്യം പേരെടുത്ത കുടിയനും തല്ലുകൊള്ളിയുമായി ദേവുവിന്റെ പൊന്നാങ്ങള!
കള്ളുകുടിക്കാൻവേണ്ടിമാത്രം കള്ളുചെത്തുകാരനായ ഗോപി, (അതാണവന്റെ പേര്) ചെത്തിയിറക്കുന്നതിൽ സിംഹഭാഗവും അകത്താക്കി ബോധമറ്റുകിടക്കുന്ന കാഴ്ചയായിരിക്കും ജോലി കഴിഞ്ഞു തിരിച്ചുവരുമ്പോൾ ദേവുവിനെ എതിരേൽക്കുക.
എന്തെങ്കിലും എതിർത്തു പറഞ്ഞാൽ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം ചെയ്‌ത് പെങ്ങളുടെ വായമൂടിക്കെട്ടുമവൻ.
കാലം ആരോഹണക്രമം അനുവർത്തിക്കവേ ഇളയവൾ വളർന്നുമുറ്റുന്നത് വല്ലാത്തൊരങ്കലാപ്പോടെ ദേവു നോക്കി നിന്നു.
അനിയത്തിയെ സുരക്ഷിതമായ കൈകളിലേൽപ്പിക്കക്കണമെന്ന മോഹമുണ്ടെങ്കിലും കള്ളുകുടിയനും തെമ്മാടിയുമായ ഒരുവന്റെ പെങ്ങളെക്കെട്ടാൻ ആരെക്കിട്ടുമെന്ന ആധിയിലായയിരുന്നു പാവം! പക്ഷേ ദൈവാധീനംപോലെ ശാന്തനും അദ്ധ്വാനിയുമായ ഒരു യുവാവ് അനിയത്തിയെ വിവാഹം ചെയ്തത് അവളുടെ ചങ്കിലെ തീയണച്ചു.
ഒരുപക്ഷേ പെണ്ണുകെട്ടിയാൽ അനിയന്റെ വഴിവിട്ട ജീവിതത്തെ തിരിച്ചുപിടിക്കാനായെങ്കിലോ എന്നൊരു ഉപായംതോന്നി അവൾക്ക്. പിന്നെ അതിനുള്ള ശ്രമങ്ങളായി. പക്ഷെ അവന്റെ സ്വഭാവമറിയുന്ന, ഉത്തരവാദിത്വമുള്ള, ഒരു തന്തയും തള്ളയും ഇവന് പെണ്ണുകൊടുക്കില്ലെന്നു വൈകാതെ അവൾക്ക് ബോദ്ധ്യപ്പെട്ടു!
നാട്ടിൽനിന്ന് പെണ്ണുകെട്ടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ദൂരദിക്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത് ഫലംകണ്ടു. ഗോപി കുടുംബസ്ഥനായി!
ചില രഹസ്യങ്ങൾ ദേവുവിന്റെ ജീവിതത്തിലുണ്ടായിരുന്നു!
അയൽപക്കത്തെ ഒരാൾക്ക് മനസ്സും ശരീരവും സമർപ്പിച്ച് തന്റെ ബാധ്യതകളെല്ലാം ഒടുങ്ങുമ്പോൾ ഒന്നിച്ചൊരു ജീവിതം സ്വപ്നംകണ്ടവൾ കാത്തിരുന്നു!
അക്കാലത്ത് അവളുടെ മാനസചോരന് കുറച്ചു നെല്കൃഷിയിൽനിന്നുള്ള വരുമാനവും ഒരു പലചരക്കുകടയുമാണ് ആസ്തിയായി ഉണ്ടായിരുന്നത്.
സമയവും കാലവും നോക്കാതെ കൂലിയുടെ കണക്കെണ്ണാതെ കൈമെയ് മറന്നവൾ അയാൾക്കായി അദ്ധ്വാനിച്ചു.
എന്നാൽഅവളുടെ തലയിൽ ഇടിത്തീവീഴുംപോലെ നാട്ടിലെ അറുപിശുക്കിയും സമ്പന്നയുമായ ചിന്നൂട്ടിയമ്മയുടെ മകളെ അയാൾ വിവാഹംചെയ്തു!
വിവാഹശേഷവും ആ സാമദ്രോഹി ദേവുവുമായുള്ള ഒളിസേവ നിർത്തിയില്ല. അയാളിൽ അത്രയ്ക്കും ഭ്രമിച്ചുപോയിരുന്ന അവൾക്കൊട്ട് അയാളെ വിലക്കാനുമായില്ല…. !
വിവാഹം എന്ന പ്രസ്ഥാനത്തേക്കാൾ വഴിവിട്ട ആ ബന്ധത്തിൽ അവൾ സുരക്ഷിതത്വവും സംതൃപ്തിയും അനുഭവിച്ചു!
ഒരുനാൾ ഈ കള്ളക്കളി ഇയാളുടെ ഭാര്യ കൈയോടെ പിടികൂടി തെറിവിളിയും പതംപറച്ചിലും നിലവിളിയും അകായിലും തെറിവിളിയും ഹേമദണ്ഡങ്ങളും ദേവുവിനോടുമായപ്പോൾ മുൻപ് പതിഞ്ഞ സ്വരത്തിൽ അങ്ങാടിപ്പാട്ടായിരുന്ന അരമനരഹസ്യം ചായക്കടയിലും നാലാൾക്കൂടുന്നിടത്തും ചൂടൻ ചർച്ചാവിഷയമായി! ഇലവന്ന് മുള്ളിൽ വീണാലും മുള്ളുപോയി ഇലയിൽ വീണാലും കേട് ഇലയ്ക്കെന്നപോലെ അവൾ നാട്ടുകാരക്കൊരു അശ്ലീല ഹാസ്യമായി!
യൗവനം വിടപറയുവോളം ദേവുവാകുന്ന മുന്തിരിച്ചാർ മോന്തി മത്തനായ ഒളിസേവക്കാരൻ ഉപയോഗശൂന്യമായ പാനപാത്രംകണക്കെ അവളെ നിഷ്കരുണം അവഗണിച്ചു!
അയാളോളമില്ലെങ്കിലും അയാളെ അസൂയപ്പെടുത്തുംവിധം വളരണമെന്നതായിരുന്നു പിന്നീടവളുടെ ജീവിത വ്രതം. അതിനായുള്ള സ്ഥിരോത്സാഹവും അദ്ധ്വാനവും ഒരളവുവരെ വിജയിച്ചു.
ഉത്തരവാദിത്വബോധമില്ലാത്ത അനിയന്റെ, ആൺമക്കളെ സ്വന്തം അധ്വാനത്താൽ ഒരു കരയ്ക്കടുപ്പിക്കുകയും ഒരു പെണ്ണുള്ളതിനെ നല്ലനിലയ്‌ക്ക് വിവാഹംചെയ്തു കൊടുക്കുകയും ചെയ്ത് തന്റെ താൻപോരിമ അയാൾക്കുമുന്നിൽ തെളിച്ചതിലവൾ ചാരുതാർത്ഥ്യംകൊണ്ടു!
പക്ഷേ, ദൈവം തീർത്തും മുനയില്ലാത്ത നാരായംകൊണ്ട് തലയിൽ കണ്ടപടി കുത്തിവരച്ച ഭാഗ്യമായിരുന്നു അവളുടേത്!
ജീവിതം ജീവിച്ചു ജീവിച്ച് (?) അനിയൻ സഹോദരിയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞപ്പോഴേക്കും കാലം അവന്റെ ആയുസ്സിന്റെ പുസ്തകം അടച്ചുപൂട്ടി!
മരണശയ്യയിൽ വേണ്ടത്ര പരിഗണനയും ശ്രദ്ധയും സഹോദരസന്താനങ്ങളോ നാത്തൂനോ ദേവുവിന് നൽകിയില്ല.
വിശപ്പും ദാഹവും പൊറാതെ വിസർജ്ജ്യങ്ങളിൽക്കിടന്നു ഇഹലോകനരകങ്ങളെല്ലാം അനുഭവിച്ച് ആ ആത്മാവ് കാലയവനികയ്ക്കു പിന്നിലേക്ക് വിടവാങ്ങി!
നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതുമായ അദൃശ്യശക്തിയുടെ തിട്ടൂരങ്ങളെ മുൻവായനയ്ക്കെടുക്കാനായെങ്കിൽ എന്ന് ചില ജന്മങ്ങൾ നമ്മെ ആശിപ്പിക്കുന്നു!!!
