രചന : ജിഷ കെ ✍
ഉടലോടെ സ്വർഗത്തിൽ എത്തിക്കാം
എന്ന വാഗ്ദാനമൊന്നും കവിത ചെയ്യുന്നില്ല
പരമ്പരാ ഗതമായി ചെയ്തു വരുന്ന
തെറ്റ് കുറ്റങ്ങൾ
എണ്ണിയെണ്ണി പറഞ്ഞ്
അത് നിങ്ങളെ
തിളക്കുന്ന എണ്ണയിലൂടെ നടത്തിക്കുക മാത്രമേ
ചെയ്യുന്നുള്ളൂ…
പരലോകം കണ്ടവരാണ്
ഓരോ കവികളും…
തിരിച്ചു വരാൻ കൂട്ടാക്കാതെ ഇപ്പോഴും
ആത്മഹത്യ മുനമ്പുകളെ
ഓർത്ത് ഉറക്കെ ഉറക്കെ
വിലപിക്കുന്നവർ…
കവിത ഒരു നാട്ടു നടപ്പല്ലാതിരുന്ന കാലത്ത്
ഒളിച്ചോടിപ്പോയി
രഹസ്യമായി
എഴുതുന്ന ഒരു കവിയായിരുന്നു
എന്റെ കാമുകനും…
അയാൾ
കവിതയുടെ
അകം പുറം മെഴുകു ന്ന നേരം മുഴുവനും
ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ
ഞാൻ വഴുതി വീണു കൊണ്ടേയിരുന്നു…
എനിക്ക് വശമില്ലാത്ത ഒരു ഭാഷയിൽ
ഒരായുഷ്കാലം മുഴുവനും വായിച്ചു തീർക്കാനുള്ള
രഹസ്യ ഉടമ്പടികൾ
എന്റെ കാമുകൻ എഴുതി വെച്ചിട്ടുണ്ടായിരുന്നു…
ഇപ്പോൾ നിങ്ങൾ കേട്ട് കൊണ്ടിരിക്കുന്ന ആ ഗാനം പോലും
കവിതയെ
തട്ടി ക്കൊണ്ട് പോയി
മറു വില കൊടുത്ത് ഉറപ്പിച്ചാണ്…
കവിത ആരുടേയും മാറ് പിളർന്ന്
സത്യം ബോധിപ്പിക്കണ മെന്ന്
ആവശ്യ പ്പെടില്ല..
അത് നിരന്തരം
നിങ്ങളുടെ ചിന്തകൾക്ക്
തീ യിട്ട് കൊണ്ടേയിരിക്കും…
ഏറ്റവും പ്രമുഖനായ
ഒരു രാഷ്ട്രീയപ്പോരാളി
ഈയടുത്ത്
കവിതയുടെ ബഹുസ്വരത
ഒരു തെരുവ് പ്രസംഗത്തിൽ ഉദ്ധരിച്ചിരുന്നു…
ദഹിക്കാത്ത അന്നമേ യെന്ന്
എത്ര ചിന്തകരാണ്
അയാളെ കളിയാക്കിയത്..
കവിത ആരുടേയും അടിമ വേല ചെയ്യുന്നില്ല
അത് ചങ്ങല ക്കിലുക്കങ്ങളിൽ നിന്നും
വേദനയുടെ മുൾ നാരുകൾ
ഊരിയെടുക്കുന്നു എന്ന് മാത്രം..
കവിത
അകാലത്തിൽ പൊലിഞ്ഞു പോയെന്ന്
സങ്കടപ്പെട്ട് കണ്ണീർ വാർക്കുന്ന
നഷ്ടബോധവുമല്ല…
അത് ആരോ ഉപേക്ഷിച്ചു കളഞ്ഞ
അമ്മ ത്തൊട്ടിലിലേക്കുള്ള
ഊടുവഴികൾ
കണ്ടെത്തുന്ന മാന്ത്രിക മായ
ഒരു ഉപായം മാത്രം…💜
