കമനീയ ജീവിത ചിത്രങ്ങളെഴുതുന്ന
ലോകൈക ചിത്രകാരാ,
കരിമഷിയാലെഴുതുന്നതിന്നെന്തിനീ,
ഊഴിയിലെന്റെ സ്വപനം ?
തോരാത്ത പേമാരിപോലെന്റെ തീരാത്ത
വ്യഥകളറിയുമെങ്കിൽ
കണ്ണീരിൽ ചാലിച്ചതെന്തിനീ സന്ധ്യയും;
ഇന്നെന്റെ ചിന്തകളും ?
തപ്ത നിശ്വാസങ്ങളുയരുന്ന ജീവിത-
മേകുന്ന ശൂന്യ സ്വപ്നം,
അറിയുന്നതില്ലെന്ന പോലിന്നുമെന്തതിൽ
എഴുതാത്തതേഴു വർണ്ണം ?
കാലമെൻ ചാരുചിത്രം രചിച്ചീടുമെ-
ന്നാശിച്ചു ഞാനിരിക്കേ,
സ്നേഹിതയെന്നു കരുതിയ ജാതക-
മിന്നെന്നെ വിസ്മരിച്ചു.
ജീവിതസന്ധ്യ മയങ്ങുന്നതിൻ
നേർത്ത വേദന ഞാനറിഞ്ഞൂ
ചെന്നിണം കൊണ്ടുഞാനെന്റെയീ
യൗവ്വന- മെന്തെന്നെഴുതി വച്ചു.
ആത്മാവിലാനന്ദ,മസ്തമിച്ചിന്നു ഞാ-
നേറെത്തളർന്നിരിക്കേ,
നൊമ്പരപ്പെട്ട ഹൃദന്തമോടകലെനി-
ന്നൊരു കവിതയൊഴുകി വന്നൂ.
കാതര മിഴികളോടെൻ പൊൻ തനൂജയെൻ
ഓർമ്മയിൽ ചേർന്നുനിന്നൂ
കനലുപോലെരിയുമീ സന്ധ്യയിലെൻ മനം
ആർദ്രമായ് വിങ്ങിനിന്നു.
കമനീയ ജീവിത ചിത്രങ്ങളെഴുതുന്ന
ലോകൈക ചിത്രകാരാ,
കരിമഷിയാലെഴുതുന്നതിന്നെന്തിനീ,
ഊഴിയിലെന്റെ സ്വപ്നം ?

By ivayana

Leave a Reply

Your email address will not be published. Required fields are marked *