അലസമായി
തുറന്നു കിടക്കുന്ന
വാതിലിലൂടെ
കടന്നുവരുന്ന
ഏറ്റവും വലിയ
വില്ലനാണ് പ്രണയം…
തന്റെയിടം
അല്ലാത്തിടത്തേക്ക്
കടന്നുവരുന്ന
പ്രണയമൊരു
കൗതുകക്കാരനാണ്..
വെളിച്ചം കെട്ടുകിടക്കുന്ന
തണുത്തുറഞ്ഞ
മുറിയിലേക്ക്
അരിച്ചിറങ്ങും
സൂര്യ കിരണങ്ങൾ
പോലെത്തുന്ന പ്രണയം….
ഇരുളിന്റെ
ഏകാന്തതയിൽ
ശിശിരം കമഴ്ത്തിയ
വസന്ത വർണ്ണങ്ങൾക്ക്
അവസാനമുണ്ടാകല്ലേയെന്ന്
കൊതിച്ചു പോകുന്ന
നാളുകൾ…
ആത്മാവിനെ
തൊട്ടുണർത്തുന്ന
മധുരവാക്കുകളുടെ
പ്രതിധ്വനിയിൽ
ഹൃദയത്തിൽ
ഒരരുവി തന്നെ രൂപപ്പെട്ടു
തുടങ്ങുന്ന ദിനങ്ങൾ..
നമ്മുടെ ജീവിതത്തിലേക്ക്
കടന്നുവന്നവർ
വെറുതെ ഒരു
എത്തിനോട്ടത്തിന്
മാത്രമായിട്ടാവില്ല
വരുന്നത്…
നമ്മുടെ
സങ്കടങ്ങൾക്ക്
പങ്കുകാരാവാനും
ആശ്വാസവാക്കുകൾക്കൊണ്ട്
നമ്മിലേ മുറിവുകളെ
സുഖപ്പെടുത്താനും
അവർ ആവോളം
ശ്രമിക്കുകയും ചെയ്യും..
നമ്മിലേ സന്തോഷത്തിനു
മാറ്റു കൂട്ടുവാൻ
അവർ ആവോളം
ശ്രമിക്കുകയും
ഓരോ നിമിഷവും
നമ്മിൽ ചിരിപ്പൂക്കൾ
വിരിയിക്കാൻ
ശ്രമിക്കുകയും
ചെയ്യുമിവർ…
കാലങ്ങളോളം
ഒന്നായിരിക്കണം
എന്നൊക്കെ
മനസ്സിൽ ഉണ്ടെങ്കിലും
കൂടേ ഉള്ളിടത്തോളം
നാം നമ്മളായി
സ്നേഹിച്ചിരിക്കാം
എന്ന ഉറപ്പിനാൽ
പരസ്പരം ഒന്നും
ഒളിച്ചു വെക്കാതെ
തുറന്നു കാട്ടലുകളുടെ
ദിനങ്ങളാവും പിന്നെ…
പ്രണയത്തിന്റെ
ഏറ്റവും മനോഹരമായ
ലയനങ്ങൾക്ക്
ഒടുവിൽ തിരിച്ചറിയുന്നു
നീയില്ലായ്മ വല്ലാതെ
അസ്വസ്ഥതപെടുത്തുന്നു
എന്ന സത്യം…
നിയന്ത്രണമില്ലാത്ത
പ്രണയം ഒരാളിൽ
അധികരിക്കുമ്പോൾ
മറുപാതിയിൽ
അസ്വസ്ഥതയുടെ
പിശാച്
കൊള്ളി മിന്നലായി
രൂപപ്പെട്ടു തുടങ്ങും..
നീ നീയെന്ന
ചിന്ത ഒരാളെ
ഭ്രാന്ത് പിടിപ്പിക്കുമ്പോൾ
അതിന്റെ സുഖത്തിൽ
മാത്രം ഒതുങ്ങാൻ
കഴിയാത്ത ആ “നീ”
ഒഴിഞ്ഞു മാറലുകളുടെ
മുഖംമൂടി അണിയാൻ
ഉള്ള തിടുക്കത്തിലാവും….
അത്രമേൽ
സ്നേഹിച്ചവർ
മരണമില്ലാത്ത
ഓർമ്മകളുമായി
ഒരിക്കലും പെയ്ത്
തോരാത്ത മഴയുടെ
കൂട്ടിലേക്കും മറയും…

By ivayana

Leave a Reply

Your email address will not be published. Required fields are marked *