രചന : ജിബിൽ പെരേര ✍️.
ഉറ്റവരെല്ലാവരും മരിച്ചിരിക്കുന്നു.
നൂറ്റാണ്ടുകളും പിന്നിട്ടിരിക്കുന്നു..
അത്ഭുതം!
ഞാൻ മാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നു.
ജീവിക്കാൻ വേണ്ടി
ഞാനൊരു കാഴ്ചബംഗ്ലാവ് തുടങ്ങി.
വരൂ… വരൂ…
എല്ലാവർക്കും
ആ കാഴ്ചബംഗ്ലാവിലേക്ക് സ്വാഗതം..
കൊമ്പുകളുള്ള കുതിരയാണ്
ആദ്യത്തെ കാഴ്ച..
തുമ്പിക്കൈ ഇല്ലാത്ത ആനയും
കാലുകളുള്ള മലമ്പാമ്പും
പറക്കുന്ന ഒട്ടകവും
നിങ്ങൾക്കവിടെ കാണാം.
ചിറകുകളില്ലാത്ത പരുന്തിനെയും
മരുഭൂമിയിൽ ജീവിക്കുന്ന അട്ടയേയും
നിങ്ങൾ ‘സെൽഫി’യെടുത്ത് വെറുപ്പിക്കരുത്.
സംസാരിക്കുന്ന മീനുകളാണ്
മറ്റൊരു പ്രത്യേകത.
പുല്ല് തിന്നുന്ന
സിംഹത്തെ കണ്ട് നിങ്ങൾ അതിശയിക്കേണ്ട.
ഇനിയാണ് നമ്മൾ അതിസുരക്ഷിത
മേഖലയിലേക്ക് പ്രവേശിക്കുന്നത്..
ഈ ഭൂമിയിൽ അവസാനം പെയ്ത മഴയുടെയും
ഒടുവിലായ് ഒഴുകിയ പുഴയുടെയും
ചിത്രങ്ങളാണ് ആ ഗാലറിയിലുള്ളത്
സ്വന്തമായി ദേവാലയങ്ങളും
നേർച്ചപ്പെട്ടികളും ഇല്ലാത്ത ദൈവങ്ങളെ
മറുവശത്തെ കൂട്ടിലിട്ടിരിക്കുന്നു.
മുലയൂട്ടുന്ന അമ്മമാരെ കാണണമെങ്കിൽ
നിങ്ങൾക്ക് ഇവിടെത്തന്നെ വരേണ്ടി വരും.
അഴിമതി നടത്താത്ത രാഷ്ട്രീയക്കാരെ
പാർപ്പിച്ച വേലിക്ക് മുമ്പിലാണ്
തോക്കേന്തിയ പട്ടാളക്കാരെ
കാണാൻ കഴിയുക.
സ്ത്രീകൾക്ക്
രണ്ടിലേറെ മുലകളും
പുരുഷന്
ഒന്നിലേറെ ലിംഗങ്ങളുള്ള ഇക്കാലത്ത്
രണ്ട് മുലകളും ഒരു ലിംഗവുമുള്ള
സ്ത്രീപുരുഷൻമാർ ഇവിടെ മാത്രമേയുള്ളൂ.
ഇനിയിപ്പോ,
മതവും ജാതിയും
വർണ്ണവിവേചനവുമില്ലാത്ത
ഒരാളെ കാണാനാണ്
താങ്കൾ വന്നിരിക്കുന്നതെങ്കിൽ
പുറകിലെ കസേരയിൽ ഇരുന്നോളൂ.
വർഷങ്ങളായി വരിയിൽ നിൽക്കുന്ന
ഒരുപാട് പേർ അവിടെയുണ്ട്.
ഓ !
നിങ്ങൾ ഇപ്പോൾ ചോദിക്കുന്നത്
ആ അറ്റത്തുള്ള
ഒറ്റപ്പെട്ട മുറിയെക്കുറിച്ചാണോ?
ക്ഷമിക്കണം..
അവിടേക്ക് ആർക്കും പ്രവേശനം ഇല്ല.
ഈ നൂറ്റാണ്ടിലും
ഹൃദയമുണ്ടെന്ന് കണ്ടെത്തിയ ഒരു മനുഷ്യനെ
ജീവനോടെ താമസിപ്പിച്ചിരിക്കുന്ന
ലോകത്തിലെ തന്നെ ഒരേയൊരു സ്ഥലമാണത്.