രചന : മായ അനൂപ്✍
നീരദമാലകൾ മൂടിയ മാനത്തു
മാരിവിൽവർണ്ണം പകർന്ന പോലെ
എൻ മനോരാജ്യത്തിൻ ശ്രീലകം തന്നിലായ്
എന്നോ വിരുന്നു വന്നെത്തിയില്ലേ
എൻ ഹൃദയത്തെ ഞാൻ നൈവേദ്യമായ് വെച്ചു
അന്ന് തൊട്ടിന്നോളം നിന്റെ മുന്നിൽ
അസുലഭ പുഷ്പങ്ങൾ കൊണ്ടു ഞാൻ പൂജിച്ചു
കാഴ്ച വെച്ചെന്നെ ഞാനെന്നേയ്ക്കുമായ്
പ്രണയത്തിൻ മാസ്മരസൗരഭം ചേർത്തു നീ
എന്നിൽ പകർന്നൊരാ നിർവൃതിയെ
മായ്ക്കുവാനാകില്ല ജീവനെ പുൽകി
പ്പടർന്നലിയുന്നൊരാ ചാരുതയെ
എൻ സ്വപ്നവാടി തൻ ചില്ലയിലെന്നും
വിരിയും നിനക്കായി പൂക്കളേറെ
എൻ പകൽസ്വപ്‌നങ്ങൾ പോലും
കവർന്നു നീ ചോരനായ് വന്നെത്തിയെന്റെ ചാരെ
നിൻ സ്നേഹകുങ്കുമം ചാലിച്ചെഴുതു
മൊരായിരം വർണ്ണമഹേന്ദ്രജാലം
നിൻ രാഗമാല്യമണിയുവാൻ കാത്തു
കാത്തീടും കനവിലുമെൻ മാനസം
എൻ മൗനരാഗമാം കൂരിരുൾ മാഞ്ഞു പോയ്
പൂനിലാതിങ്കളായ് നീയുദിക്കേ
താരകപ്പൂക്കൾ അലങ്കരിച്ചെന്മനമൊരു
സ്വർഗ്ഗവൃന്ദാവനികയായി
എത്രയോ രാവുകൾ എത്ര പകലുകൾ
കാത്തിരിക്കുന്നൊന്ന് കാണുവാനായ്
ഏറെ നാൾ കാത്തൊരു വിരഹത്തിൻ
നോവുകൾക്കൊന്നു പ്രണയസാഫല്യമേകാൻ
ഒന്നായലിഞ്ഞൊഴുകീടാമിനിയെന്നും
ഋതുഭേതമേതുമറിഞ്ഞിടാതെ
എൻ ജീവസ്പന്ദനതാളമാണെന്നും നീ
എന്നനുരാഗത്തിൻ പൂർണ്ണിമയും
ഓരോ നിമിഷവും കൂടെയുണ്ടാവണം
കാലങ്ങളെത്ര കഴിഞ്ഞെന്നാലും
പ്രാണനിൽ പ്രണയാമൃതം പകർന്നീടണം
ജീവന്റെ ജീവനായ് മാറിടേണം.