രചന : ജിൻസ് സ്കറിയ ✍
‘ഗിബ്ലി’യോട് കളിവേണ്ട, ഒരു മണിക്കൂറിൽ 10 ലക്ഷം ഉപയോക്താക്കൾ
ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും ഉൾപ്പെടെ സോഷ്യൽമീഡിയയിൽ തരംഗമായി തുടരുകയാണ് ചാറ്റ്‌ജിപിടിയുടെ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി. ജിപിടി-4o മോഡലിൽ ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് വേണ്ടി നിർമിച്ച ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി ഇന്‍റർനെറ്റ് ലോകം കീഴടക്കിയത് വളരെ പെട്ടന്നായിരുന്നു. ദിനംപ്രതി നിരവധി ചാറ്റ്ജിപിടി ഉപയോക്താക്കളാണ് തങ്ങളുടെ ചിത്രങ്ങൾ ഗിബ്ലി സ്റ്റൈലിലേക്ക് മാറ്റാൻ GPT-4o മോഡലിന്‍റെ സഹായം തേടിയത്.
ഇത് ജീവനക്കാരുടെ ഉറക്കം കെടുത്തുന്നതായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്‌മാൻ വ്യക്തമാക്കിയിരുന്നു. ഗിബ്ലി സ്റ്റൈൽ ഫോട്ടോകൾക്ക് ആവശ്യക്കാരേറുന്നതിനാൽ ജീവനക്കാർ പണിയെടുത്ത് കുഴങ്ങിയെന്നും ചിത്രങ്ങൾ ഉണ്ടാക്കുന്നത് താത്‌ക്കാലികമായെങ്കിലും നിർത്തണമെന്നുമായിരുന്നു അദ്ദേഹം ഉപയോക്താക്കളോടായി അഭ്യർത്ഥിച്ചത്. തങ്ങളുടെ ടീമിന് വിശ്രമം വേണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഗിബ്ലി നമ്മൾ നൽകുന്ന ഫോട്ടോകൾ എഡിറ്റ് ചെയ്‌ത് ആനിമെ സ്റ്റൈലിലാക്കി തരും. മാത്രമല്ല, എഡിറ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഒരു നൊസ്റ്റാൾജിക് ഫീലും നൽകും.
ആളുകൾ സൃഷ്‌ടിക്കുന്ന ചിത്രങ്ങളുടെ എണ്ണം കാരണം ജോലിഭാരം കൂടുന്നതായും കമ്പനിയുടെ ജിപിയുവിന് പണിയായതായും സാം ആൾട്ട്‌മാൻ എക്‌സിലൂടെ നേരത്തെ അറിയിച്ചിരുന്നു. അതിനാൽ തന്നെ ഒരാൾക്ക് നിർമ്മിക്കാവുന്ന ചിത്രങ്ങൾക്ക് താത്‌ക്കാലികമായെങ്കിലും പരിധി നിശ്ചയിക്കാൻ പോവുകയാണെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിദിനം മൂന്ന് ചിത്രങ്ങൾ മാത്രം നിർമ്മിക്കാവുന്ന രീതിയിൽ പരിമിതപ്പെടുത്തിയിരുന്നു.
ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്ന് ഉപയോക്താക്കളുടെ ചിത്രങ്ങൾ ഗിബ്ലി-സ്റ്റൈൽ ആർട്ടിലേക്ക് മാറ്റുകയാണ് ഗിബ്ലി സ്റ്റുഡിയോ വഴി ചെയ്യുന്നത്. ഇത് അപ്രതീക്ഷിതമായി വൈറലായി മാറി. പിന്നീട് സെലിബ്രിറ്റികൾ മുതൽ രാഷ്ട്രീയക്കാരുടെ വരെ വരെ അത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. എന്തിനേറെ പറയുന്നു, ഇഷ്‌ട്ടപ്പെട്ട സിനിമാരംഗങ്ങൾ വരെ ആളുകൾ ഗിബ്ലി സ്റ്റൈലിലേക്ക് മാറ്റാൻ തുടങ്ങി. ഇതോടെയാണ് ഓപ്പൺ എഐ ജീവനക്കാരുടെ ജോലിഭാരം കൂടിയത്. തുടർന്ന് സാം ആൾട്ട്‌മാൻ പ്രതികരണവുമായി എത്തുകയായിരുന്നു.
ഒരു മണിക്കൂറിൽ 10 ലക്ഷംഉപയോക്താക്കൾക്ക് ഫ്രീ ആയി ഉപയോഗിക്കാനും അവസരം നൽകിയതോടെ അടുത്തിടെ വന്ന ഈ പുതിയ ഫീച്ചർ ഇന്റർനെറ്റിൽ വൻ പ്രചാരം നേടി. സ്റ്റുഡിയോ ഗിബ്ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചിത്രങ്ങൾ നിർമ്മിക്കാനും പങ്കിടാനും ദശലക്ഷക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിലേക്ക് ഒഴുകിയെത്തി.
ഇപ്പോൾ തങ്ങൾ മറികടന്ന റെക്കോർഡ് നേട്ടം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് OpenAI സിഇഒ സാം ആൾട്ട്മാൻ. “26 മാസം മുമ്പ് നടന്ന ChatGPT ലോഞ്ച് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൈറൽ നിമിഷങ്ങളിൽ ഒന്നായിരുന്നു, അഞ്ച് ദിവസത്തിനുള്ളിൽ ഞങ്ങൾ ഒരു ദശലക്ഷം ഉപയോക്താക്കളെ ചേർത്തു. എന്നാൽ ഇന്ന്, കഴിഞ്ഞ ഒരു മണിക്കൂറിൽ ഞങ്ങൾ ഒരു ദശലക്ഷം ഉപയോക്താക്കളെ ചേർത്തു,” ആൾട്ട്മാൻ അഭിമാനത്തോടെ X-ൽ പങ്കിട്ടു.
കഴിഞ്ഞ ദിവസം ഗിബ്‌ലി ശൈലിയിൽ സൃഷ്ടിച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു പോസ്റ്റ് സാം ആൾട്ട്മാൻ പങ്കുവെച്ചു . ഇന്ത്യാ ഗവൺമെന്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളായ ‘MyGov ‘ലാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഹസ്തദാനം പങ്കിടുന്നത്, ഇമ്മാനുവൽ മാക്രോണിനൊപ്പം പോസ് ചെയ്യുന്നത്, സിംഹക്കുട്ടികളുമായി കളിക്കുന്നത്, അയോധ്യയിലെ രാം ലല്ല ക്ഷേത്രം സന്ദർശിക്കുന്നത് തുടങ്ങി പ്രധാനമന്ത്രിയുടെ വ്യത്യസ്തങ്ങളായ ഗിബ്‌ലി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
സ്റ്റുഡിയോ ഗിബ്ലി
മാര്‍ച്ച് 26ന് ചാറ്റ് ജിപിടി ഏറ്റവും നൂതന ഇമേജ് ജനറേറ്റര്‍ സംവിധാനം ലഭ്യമാക്കുന്ന അപ്‌ഡേഷന്‍ അവതരിപ്പിക്കുന്നു. ഇതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വ്യാപകമായി സ്റ്റുഡിയോ ഗിബ്ലി ഇമേജുകള്‍ സൃഷ്ടിക്കാവുന്ന ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്തി ചിത്രങ്ങളും മീമുകളും ഒരുക്കുന്ന തിരക്കിലായി. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ അവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്തി ആനിമേറ്റഡ് ഗിബ്ലി-സ്‌റ്റൈല്‍ ചിത്രങ്ങളാക്കുന്നു. ഒപ്പം പ്രശസ്തരുടെ ചിത്രങ്ങള്‍ മീമുകള്‍ക്കായും മറ്റും ഇത്തരത്തില്‍ തയ്യാറാക്കുകയും ചെയ്യുന്നു.
ആനിമേഷൻ കഥകൾക്ക് പേരുകേട്ട കമ്പനിയാണ് സ്റ്റുഡിയോ ഗിബ്ലി. 1985ൽ ഹയാവോ മിയാസാകി, ഇസായോ ടക്കാഹത എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റുഡിയോ ഗിബ്ലി നിർമ്മിച്ചത്. സ്‌പിരിറ്റഡ് എവേ, മൈ നെയ്ബർ ടൊട്ടോറോ, ഹൗൾസ് മൂവിങ് കാസിൽ എന്നിവയടക്കം ആകർഷകമായ ആനിമേഷൻ സിനിമകൾ സ്റ്റുഡിയോ ഗിബ്ലിയിൽ നിർമിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഐക്കണിക് ഗിബ്ലി സ്റ്റൈൽ ചിത്രങ്ങൾ പുനർനിർമ്മിക്കുന്നതിന് ആളുകൾ ചാറ്റ്‌ജിപിടിയുടെ പുതിയ ഫീച്ചർ ഉപയോഗപ്പെടുത്തുകയാണ്.
ഗിബ്ലി സ്റ്റൈലിൽ ഇമേജുകൾ സൃഷ്ടിക്കാം
സ്വന്തം ഫോട്ടോയോ, സുഹൃത്തുകളുടെ ഫോട്ടോയോ, അല്ലെങ്കിൽ ഇഷ്‌ട്ടപ്പെട്ട സിനിമാരംഗമോ ഇത്തരത്തിൽ ആനിമെ സ്റ്റൈലിലേക്ക് മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാകും നിങ്ങളും. ഗിബ്ലി സ്റ്റൈലിൽ എഐ ജനറേറ്റഡ് ഇമേജുകൾ നിങ്ങൾക്ക് എങ്ങനെ സൃഷ്‌ടിക്കാമെന്ന് പരിശോധിക്കാം.
- chatgpt.com സന്ദർശിച്ച് നിങ്ങളുടെ ഓപ്പൺഎഐ അക്കൗണ്ട് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
*മോഡൽ സെലക്ഷൻ ടാബിൽ നിന്ന് GPT-4o മോഡലിലേക്ക് പോവുക
*ചാറ്റ്ബോട്ടുമായി ചാറ്റ് തുടങ്ങി അറ്റാച്ച് ഫയൽ ഐക്കൺ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങൾ എഡിറ്റ് ചെയ്യാനാഗ്രഹിക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്യുക.
*ശേഷം അതിനെ സ്റ്റുഡിയോ ഗിബ്ലി-സ്റ്റൈൽ ആർട്ടിലേക്ക് മാറ്റാൻ ചാറ്റ്‌ജിപിടിക്ക് നിർദ്ദേശം നൽകുക. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് നിർദ്ദേശം നൽകാനാകും. - ജനറേറ്റ് ചെയ്‌ത ചിത്രം അവലോകനം ചെയ്‌ത് ആവശ്യമെങ്കിൽ പരിഷ്‌ക്കരണങ്ങൾ നടത്താം.
ഗിബ്ലിക്ക് പകരക്കാർ
ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി-4ഒയുടെ ഇമേജ് എഡിറ്റര്‍ നൽകുന്ന ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ നൂതനമായ ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറോ ഫോട്ടോഷോപ്പോ ആവശ്യമല്ല. ഇത്തരത്തില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ചില സൗജന്യ ആപ്പുകള്‍ ഏതൊക്കെയെന്നറിയാം.
ഗ്രോക്ക്: എക്‌സ്എഐയുടെ ഗ്രോക്ക്3 യില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടാണിത്. നിര്‍ദേശങ്ങള്‍ അനുസരിച്ചോ, ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തോ ഗിബ്ലി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാം. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട രിതിയില്‍ നിര്‍മ്മിച്ചെടുക്കാന്‍ നിര്‍ദേശിക്കാം. ഈ സേവനം സൗജന്യമാണ്.
ഗൂഗിള്‍ ജെമിനി: ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടിനും ഗിബ്ലി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയും. ആവശ്യമുള്ള നിര്‍ദേശങ്ങള്‍ ടെക്‌സ്റ്റായി നല്‍കുകയോ, ഫോട്ടോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം.
പ്രിസ്മ: ഐഒഎസ്, ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഈ പ്ലാറ്റ്ഫോം മൊബൈല്‍ ആപ്പായി ലഭ്യമാണ്. ഗിബ്ലി ചിത്രങ്ങള്‍ക്ക് സമാനമായി നാച്യൂറല്‍ ടെക്‌സ്ചറുകളും സ്‌ട്രോക്കുകളും ഉപയോഗപ്പെടുത്തി കൈകൊണ്ട് വരച്ച ചിത്രങ്ങളായി ഫോട്ടോകള്‍ പുനഃസൃഷ്ടിക്കാന്‍ ആപ്പിന് കഴിയും. ഇത് സൗജന്യമായി ഉപയോഗിക്കാം.
ഫോട്ടോര്‍: വിവിധ ശൈലികളുള്ള ഗിബ്ലി എഐ ജനറ്റേര്‍ ഫീച്ചര്‍ ലഭ്യമാണ്. സൈന്‍ അപ്പ് ചെയ്യാതെ തന്നെ സൗജന്യമായി ഉപയോഗിക്കം. ഇതില്‍ ഒരു എഐ ആര്‍ട്ട് ജനറേറ്ററും കാര്‍ട്ടൂണ്‍ ഇഫക്റ്റുകളും ഉണ്ട്. ഉപയോക്താക്കള്‍ എഐ ആര്‍ട്ട് ടാബില്‍ ഫോട്ടോ അപ്ലോഡ് ചെയ്യാം
ഫ്ലക്‌സ്: ഈ ആപ്പ് ചിത്രങ്ങളെ ഗിബ്ലി-എസ്‌ക്യൂ സൃഷ്ടികളാക്കി മാറ്റും. ഏകദേശം 30 സെക്കന്‍ഡിനുള്ളില്‍ ഒരു ചിത്രം നിര്‍മ്മിച്ചെടുക്കാം. എഡിറ്റ് ചെയ്യാനും അപ്സ്‌കെയില്‍ ചെയ്യാനും ചിത്രങ്ങള്‍ വിഡിയോകളാക്കി മാറ്റാനും അനുവദിക്കുന്നു. ഫ്ലക്‌സ് ഓണ്‍ലൈന്‍ ടൂളിനെ സ്റ്റുഡിയോ ഗിബ്ലി എഐ സ്‌റ്റൈല്‍ എന്നാണ് പറയുന്നത്. നിരവധി എഡിറ്റിങ് ഓപ്ഷനുകളുണ്ടെങ്കിലും ഉപയോഗിക്കാന്‍ സൈന്‍ അപ്പ് ചെയ്യണം.
ആശങ്കകൾ
സ്റ്റുഡിയോ ഗിബ്ലി ചിത്രങ്ങൾ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിലൂടെ ഉരുത്തിരിയുന്ന പ്രധാന പ്രശ്‌നം പകർപ്പാവകാശ ലംഘനമാണ്. ഓപ്പൺ എഐ പൊലുള്ള കമ്പനികൾ ഇത്തരത്തിലൂടെയുള്ള കണ്ടുപിടിത്തങ്ങളിലൂടെ കലാകാരൻമാരുടെ ജീവിതത്തിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നതായുള്ള അഭിപ്രായവും ‘ഗിബ്ലി’ ട്രെൻഡായതോടെ സജീവമായിട്ടുണ്ട്. ഗിബ്ലി ചിത്രങ്ങൾ ചാറ്റ് ജിപിടിയിലൂടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ‘ജീവിതത്തിന് അപമാനം’ എന്ന് സ്റ്റുഡിയോയുടെ സഹസ്ഥാപകനായ ഹയാവോ മിയാസാക്കി അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
പകർപ്പാവകാശം സംബന്ധിച്ച ചോദ്യങ്ങളോട് ഇതുവരെ പ്രതികരിക്കാൻ ചാറ്റ് ജിപിടി തയ്യാറായിട്ടില്ല. പകർപ്പവാകാശം സംബന്ധിച്ച കേസുകൾ നിലനിൽക്കുന്ന സമയത്തും ചാറ്റ് ജിപിടി സിഇഒ സാം ആൾട്ട്‌മാൻ ‘ഗിബ്ലി’ മാതൃകയിൽ ചിത്രമുണ്ടാക്കി എക്‌സിൽ പോസ്റ്റ് ചെയ്തു. - കടപ്പാട്