രചന : ഷൈലകുമാരി ✍
കറുപ്പിനേഴഴകാണെന്നല്ലോ
പഴമൊഴിയെന്നാലും;
വെളുപ്പിനുള്ളൊരു ചന്തമെന്നുടെ
മേനിക്കില്ലല്ലോ!
നിലാവിനെന്തൊരു ഭംഗി
അവളെ പ്രണയിക്കും ലോകം;
ചന്ദ്രനുമെന്തൊരു ചേല്
അവനെ വാഴ്ത്തുന്നെല്ലാരും!
ഞാനണയുമ്പോൾ രാക്ഷസജന്മം
കൂടെയണഞ്ഞീടും;
നിലാവുപോലുമെന്നെ-
പ്പേടിച്ചോടിയകന്നീടും!
സ്നേഹം തിങ്ങും നല്ലൊരു
മനസ്സെനിക്കുമുണ്ടേലും;
തിരിച്ചറിയുന്നില്ലാരുമീ
കറുത്ത ജന്മത്തെ!
അടുത്തണയാനൊന്നു ചിരിക്കാൻ
മടിക്കുന്നു ലോകം;
ഈ കറുത്തജന്മം വലിച്ചെറിഞ്ഞു
രസിച്ചിടാനായി;
അടുത്തജന്മം നിലാവായൊന്നു
പുനർജ്ജനിക്കേണം;
മനസ്സിലുള്ളോരാഗ്രഹമാണേ
നടക്കുമോയെന്തോ?
