രചന : ജയന്തി അരുൺ ✍
ഒന്നു കണ്ണടച്ചു നോക്കൂ.
ഈ ചിത്രത്തിൽ
കൊച്ചമ്മിണിയുണ്ട്.
കൊച്ചമ്മിണിയുടെ
കയറിന്റെയറ്റത്ത്
അമ്മയുമുണ്ട്.
അമ്മയുടെ സാരിത്തുമ്പിൽ
കൊച്ചമ്മിണിപെറ്റ സുന്ദരി.
കണ്ണൊന്നുകൂടി
ഇറുക്കിയടച്ചു നോക്കിക്കേ.
കൊച്ചമ്മിണിയെ
ആരോ കൈപിടിച്ചു
പച്ചപ്പിൽനിന്നും
ഇറക്കുന്നുണ്ടല്ലോ?
വാലുപോലെ സുന്ദരിയും.
കണ്ണൊന്നു
തിരുമ്മിനോക്കുമ്പോൾ
കീമോ തളർത്തിയ അമ്മ
ചിത്രം നിറഞ്ഞു കിടപ്പുണ്ട്.
പുല്ലു കരിഞ്ഞു
മൊട്ടയായ ചിത്രത്തിൽനിന്നും
കണ്ണുവലിച്ചു തുറക്കുമ്പോൾ
അമ്മ ചിത്രത്തിൽനിന്നിറങ്ങി
ചുമരിലെ
വസന്തത്തിനുള്ളിൽ
ചിരിക്കുന്നു.
സൂക്ഷിച്ചു നോക്കിക്കേ.
കൊച്ചമ്മണിയെ
നുണഞ്ഞു സുന്ദരി
വസന്തത്തിന്റെ
ചോട്ടിലിരിപ്പുണ്ട്.
ചിത്രത്തിലെവിടെയും
എന്നെ കണ്ടില്ലെന്നോ?
എന്റെ ചിത്രമല്ലേയിവിടെ
പച്ചപുതച്ചു കിടക്കുന്നത്.
സൂക്ഷിച്ചു നോക്കൂ
അതിൽനിന്നെത്ര
കടൽഞണ്ടുകളാണ്
പെറ്റുപെരുകി
വസന്തത്തിലേക്ക്
കൈപിടിക്കാൻ
ഇറങ്ങിവരുന്നത്.
വരൂ,ഒരു മൊട്ടക്കുന്ന്
വസന്തത്തിലെ
ചുമർച്ചിത്രമാകുന്നത്
കണ്ണു കെട്ടിയാൽ
ഉറപ്പായും കാണാം.
