ചിലപ്പോഴൊക്കെ…
കാലം കടന്ന് ചെല്ലാത്തിടങ്ങളിൽ
തള്ളികയറി
വെളിച്ചം കുത്തികീറിയ ഇരുട്ടിൽ
തപ്പിത്തടഞ്ഞ്…
എന്റെ ചിന്തകളെന്നെ
കുത്തി നോവിക്കാറുണ്ട്…!
കറുപ്പും വെളുപ്പും ഇഴച്ചേർന്ന്
നിറം മങ്ങിയ തെരുവ് കാഴ്ചകൾ
ഒലിച്ചിറങ്ങുന്ന നഗ്നതയിലേക്ക്…,
പുകച്ചുരുളുകൾക്കിടയിൽ
കുത്തേറ്റു പിടയുന്ന സത്യം
വിരൽചൂണ്ടാറുണ്ട്…!
കടലിരമ്പും തിരമാലകളാൽ
തകർന്നുവീണ് പിടയുന്ന
തീരകാഴ്ച്ചകളിൽ
വഴിമുട്ടും കണ്ണുകൾ…,
കടലാഴങ്ങളിൽ
മുങ്ങിത്താഴാറുണ്ട്…!
ചിലപ്പോഴൊക്കെ,
ഇനിയുമാടിത്തീരാതെ
ബാക്കിയായ കഥകൾ
ഒരുമിച്ചു തലപെരുക്കുമ്പോൾ…,
ക്ലാവുപിടിച്ച ഓർമ്മകളിൽ തട്ടി
തെന്നിവീഴുന്ന വാക്കുകൾകൊണ്ട്
കണ്ണിൽ ചോര പൊടിയാറുണ്ട്…!
വാലാട്ടി കൂടെ നടന്നവനും
ഒന്നു കുരയ്ക്കണമെന്ന്
തോന്നുമാറിന്നു കാഴ്ചകളോരൊന്നും
ദുഷിച്ചു കാണുമ്പോൾ…
ചിലപ്പോഴൊക്കെ….,!!
കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന
കാഴ്ചപ്പാടുകളുടെ ഓടയിൽനിന്ന്
പുതിയ ചിന്തകളുടെ ചാലുകീറി
വിഷമുക്ത തെളിനീരുമൊഴുകാറുണ്ട്…!
✍️

By ivayana

Leave a Reply

Your email address will not be published. Required fields are marked *