രചന : ബിനോ പ്രകാശ്✍
ഇടയനില്ലാതെ,ഇരുൾ വീഥിയിൽ മേയുന്ന കുഞ്ഞാടാണ് ഞാൻ. കണ്ണുനീർ താഴ്വരകളിൽ അന്തിയുറങ്ങി, പറുദീസ നഷ്ടമായ മനുഷ്യപുത്രനായി തീരാശാപങ്ങളുടെ കുരിശുമേന്തി ഭൂതകാലം മനസ്സിൽ കോറിയിട്ട ഉണങ്ങാത്ത മുറിവുകളുമായി ഞാനലയുകയാണ്. ഞാൻ മാത്രമല്ല എന്നെപ്പോലെ കുറെ പേർ. ഇപ്പോൾ എന്നെ വീഥിയിലും, കുറെ കഴിയുമ്പോൾ വിശാലസ്ഥലത്തും കാണാം.
ബ്രാൻഡട് കമ്പനികളുടെ വിലയേറിയ വസ്ത്രങ്ങളും, ഏറെ നേരം സുഗന്ധം നീണ്ടു നിൽക്കുന്ന പെർഫ്യൂമുകളും പൂശി പുത്തൻ ബൈക്കിൽ പാഞ്ഞു വരുമ്പോൾ നിങ്ങൾ വിചാരിക്കും ഏതോ പുതിയ സിനിമതാരമാണെന്ന്. എങ്കിൽ തെറ്റി.
മനസ്സിനെ ബാധിച്ചിരിക്കുന്ന വൃത്തി കെട്ട കുഷ്ഠം പുറം ലോകം കാണാതിരിക്കുവാനാണ് വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നത്. ഹൃദയത്തിന്റെ ഉള്ളിലെ ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാനാണു ഈ പെർഫ്യൂംമുകൾ ഞാൻ ഉപയോഗിക്കുന്നത്. അല്പം കഴിയുമ്പോൾ എന്റെ ബ്ലഡ് ചെക്ക് ചെയ്തതിന്റെ റിസൾട്ട് വരും. അതു വരെ ഞാനെന്റെ കഥ നിങ്ങളോട് പങ്കിടാം.
എന്റെ ജോലിയെന്താണെന്ന് ലജ്ജ കൂടാതെ പറയാം.
“ജിഗോള ” മലയാളഭാഷയിൽ “ആൺവേശ്യ ” യെന്നും ആംഗല ഭാഷയിൽ മെയിൽ പ്രൊസ്റ്റിട്യുട്ടെന്നും വിളിക്കും. രാത്രിയുടെ മറവിൽ പുരുഷനെ കാത്തിരിക്കുന്ന ഗണികയെപ്പോലെ, അസ്തമയം കഴിയുമ്പോൾ കൂട്ടികൊണ്ടു പോകുവാൻ സ്ത്രീകൾ വരുന്നുണ്ടോയെന്ന് കാത്തിരിക്കുന്ന പുരുഷവേശ്യ. അങ്ങനെയൊരു കൂട്ടർ നമ്മുടെ നാട്ടിലുണ്ടെന്ന് പറയുന്നതിൽ ഞാൻ ലജ്ജിക്കുന്നില്ല.
കാരണം എനിക്ക് പണം വേണം,
നിങ്ങൾക്കെന്നോട് വെറുപ്പോ, അറപ്പോ തോന്നിയേക്കാം. പക്ഷേ ഞാനാരെയും വെറുക്കുന്നില്ല. വിയർക്കാതെ ഏ സി റൂമുകളിൽ അന്തിയുറങ്ങാം, സ്ത്രീസുഖമനുഭവിക്കാം. അടിച്ചു പൊളിച്ചു നടക്കുവാൻ കൈ നിറയെ കാശും കിട്ടും.
ഇനി ഞാനെങ്ങനെ ജിഗോളയായെന്ന്കൂടി പറയാം. എന്റെ അമ്മയൊരു മാനസിക രോഗിയായിരുന്നു. അത് മറച്ചുവെച്ചു അമ്മയുടെ ആങ്ങളമാർ ഒരാളെ കൊണ്ട് വിവാഹം ചെയ്യിച്ചു. ഞാൻ വയറ്റിൽ ഉരുവായപ്പോൾ അമ്മയുടെ ഭ്രാന്ത് കൂടി. അച്ഛൻ അന്ന് പോയതാണ് പിന്നെ ഇതുവരെ മടങ്ങി വന്നിട്ടില്ല. കുളിക്കില്ല, നനയ്ക്കില്ല, ഞാനെന്നൊരു മകനുണ്ടെന്ന് പോലും അമ്മ ഓർക്കാറില്ല, തനിയെ സംസാരിച്ചുകൊണ്ടു നടക്കും. ഉറങ്ങാറില്ല.
ആന്റിമാർക്കൊക്കെ ഞങ്ങളോട് വെറുപ്പായിരുന്നു. വഴക്ക് പറയും. ഉപദ്രവിക്കും, എന്തെങ്കിലുമൽപ്പം കഴിക്കാൻ തരും, കരഞ്ഞാൽ കേൾക്കാനാരുമില്ലായിരുന്നു. വിശേഷം ദിവസങ്ങളിൽ ആന്റിമാർ പുതിയ ഉടുപ്പുക മക്കൾക്ക് വാങ്ങി കൊടുക്കും എനിക്ക് അവരുടെ പഴയ ഉടുപ്പുകൾ തരും. വീട്ടിലെ ജോലികൾ ചെയ്യിക്കും, ക്ഷീണിച്ചവാശനായ് ഉറങ്ങാത്ത അമ്മയുടെ അരികിൽ കിടന്നു ഞാനുറങ്ങും.
ഇളയ അങ്കിളെന്നെ ഗവണ്മെന്റ് സ്കൂളിൽ ചേർത്തു. അമ്മ ഭ്രാന്തിയെന്ന് പറഞ്ഞു കുട്ടികൾ കളിയാക്കും. എന്റെ അമ്മ സംസാരിക്കുന്നതുപോലെ സംസാരിച്ചു കുട്ടികൾ ചിരിക്കും. ഉച്ചക്ക് കഞ്ഞി വയറു നിറയെ കിട്ടുന്നത് കൊണ്ടു സ്കൂളിൽ പോകുവാൻ ഇഷ്ടമായിരുന്നു.. എങ്കിലും അവിടെയും ഞാൻ തനിച്ചായിരുന്നു. ചിലപ്പോഴൊക്കെ പള്ളിയിൽ പോകും.തിരുരൂപത്തിനു മുന്നിലിരുന്ന് എങ്ങിക്കരയുമായിരുന്നു
യേശുവേ, എന്റെ അമ്മയുടെ ഭ്രാന്ത് മാറ്റിത്തരണേ, എനിക്കൊരുമ്മ തരാനുള്ള ബോധമെങ്കിലും എന്റെ അമ്മയ്ക്കു നൽകണേ
അതിനപ്പുറമായി പ്രാർത്ഥിക്കുവാൻ എനിക്കറിയില്ലായിരുന്നു.
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണക്ക് മാഷ് എന്നെ ശ്രദ്ധിക്കുമായിരുന്നു. പുറകിലത്തെ ബഞ്ചിലിരിക്കുന്ന എന്റെ അരികിൽ വരും. എന്റെ ശരീരത്തിൽ മൃദുവായി തലോടുകയും തുടകളിൽ നുള്ളുകയും ചെയ്യും. അദ്ദേഹത്തിന്റെ പ്രത്യേക സ്നേഹം എനിക്കിഷ്ടമായി.
നാലുമണി കഴിഞ്ഞു നീ ഇവിടെ ഇരിക്കണം ചിലതൊക്കെ പറഞ്ഞു തരാമെന്ന് പറഞ്ഞു.പലപ്പോഴും അദ്ദേഹമെന്നേ ലൈംഗികമായി ഉപയോഗിച്ചു. ഞാനാരോടും പറഞ്ഞില്ല.ഞാനും അതാസ്വദിക്കാൻ തുടങ്ങിയിരുന്നു..
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. ഭ്രാന്തിയായിരുന്നെങ്കിലും സ്നേഹിക്കാനറിയില്ലായിരുന്നെങ്കിലും അമ്മ മരിച്ചപ്പോൾ ഞാൻ ശരിക്കും ഒറ്റപ്പെട്ടതുപ്പോലെയായി.
വൃത്തിയില്ലാത്ത മുറിയിൽ ഏകനായിരിക്കും, അമ്മയെ ഓർക്കും
മൗനമായി കരയും. കണക്ക് മാഷിനെ ഓർക്കും.
അമ്മയെപ്പോലെ ആ ചെറുക്കനും ഭ്രാന്തായിരിക്കും എപ്പോഴും ആ മുറിയിൽ കയറി ഇരുപ്പാണ്. ആന്റി പറഞ്ഞത് കേട്ട് അങ്കിൾ വന്നു എന്നോട് പറഞ്ഞു
നീ ഇനി പഠിക്കേണ്ട, നിന്നെ ഞാനൊരു സ്ഥലത്ത് പണിക്കു കൊണ്ടാകാം കാശ് കിട്ടും ആഹാരവും കിട്ടും അതൊക്കെ മതി നിന്റെയൊരാളുടെ കാര്യം നോക്കാൻ.
പിറ്റേ ദിവസംതന്നെ ഒരു പഴയ സഞ്ചിയിൽ തുണികൾ വെച്ചു അങ്കിളിനൊപ്പം ഞാൻ പോയി.
പുറം ലോകം അന്നാണ് ശരിക്കും ഞാൻ കണ്ടത്.
പട്ടണത്തിലെ ഒരു ഉന്നതന്റെ വീട്ടിലായിരുന്നു. വീട് തുടക്കണം. തേങ്ങാ പെറുക്കണം, പശുവിനെ കുളിപ്പിക്കണം, അങ്ങനെ കുറെ ജോലികൾ, ഔട്ട് ഹൌസിൽ എനിക്കു കിടക്കാം.
കൊച്ചമ്മ സ്നേഹമുള്ളവളായിരുന്നു. വയറു നിറയെ നല്ല കറികൾ കൂട്ടി ആഹാരം തരും, ഞാൻ കാർ കഴുകുമ്പോൾ എന്നെ അവർ ആർത്തിയോടെ നോക്കുമായിരുന്നു. അടുക്കളയിൽ കഴിക്കാനിരിക്കുമ്പോൾ എന്നോട് എന്റെ കഥകൾ ചോദിച്ചു.
നോവിന്റെ രുചിയുള്ള എന്റെ കഥകൾ കേട്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.
നീ ഇനി എങ്ങും പോകേണ്ട. അവരെന്നോട് പറഞ്ഞു,
അന്ന് വൈകുന്നേരമവർ എന്നെയും കൊണ്ട് കടകളിൽ കയറിയിറങ്ങി.
ഞാൻ കണ്ടിട്ടില്ലാത്ത് നിറമുള്ള വസ്ത്രങ്ങൾ വാങ്ങി തന്നു. വിലയേറിയ ഷൂ മേടിച്ചു തന്നു. മണമുള്ള സോപ്പ്, ഷാംപൂ, പെർഫ്യൂം
ഞാൻ സ്വർഗത്തിൽ ചെന്നത് പോലെയെനിക്ക് തോന്നി.
മുതലാളി വല്ലപ്പോഴും വരും.
വരും ദിവസങ്ങളിൽ അവർ തമ്മിൽ വഴക്ക് ഉണ്ടാക്കുന്നത് കേൾക്കാം.
കൊച്ചമ്മ വാങ്ങി തന്ന വസ്ത്രങ്ങൾ ധരിച്ചു കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ എനിക്ക് തന്നെ എന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
മുഖത്ത് മീശയും വരാൻ തുടങ്ങിയിരുന്നു. അന്ന് രാത്രി ഞാൻ കണക്ക് മാഷിനെ സ്വപ്നം കണ്ടു കിടക്കുമ്പോൾ,
ശരീരത്തിൽ ആരോ ചുംബിക്കുന്നത് പോലെ.
ഞാൻ കണ്ണു തുറന്നു
ഞെട്ടിപ്പോയി.കൊച്ചമ്മ
അവരുടെ കാമത്തിനും ഞാൻ ഇരയായി. എതിർത്തില്ല. കാരണം അവർ എനിക്കു സ്നേഹം മാത്രമല്ല പണം ഇഷ്ടപോലെ തന്നു. കാറും ബൈക്കുമോടിക്കുവാൻ പഠിപ്പിച്ചു.
നിന്റെ മുതലാളി ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ജന്മമാണ് ഒന്നിനും കൊള്ളില്ല. അവർ എന്നോട് പറഞ്ഞു.
നിനക്ക് ഇനിയും പണത്തിനുള്ള വഴി ഞാൻ പറഞ്ഞു തരാം.
അന്ന് അവർ ആർക്കോ ഫോൺ ചെയ്തു. ഒരു യങ്മാനുണ്ട്. എന്റെ സ്വന്തമാണ്. നല്ല തുക കൊടുക്കണം എങ്കിൽ അങ്ങോട്ട് വിടാം.
അവർ എന്നെ അവരുടെ കൂട്ടുകാരിക്ക് കൈമാറി. എന്നിലെ യൗവനം അവർക്കും ഞാൻ പങ്കിടേണ്ടി വന്നു. പിന്നെ പലർക്കുമെന്നെ കൈമാറി.
ഞാൻ എതിർത്തില്ല.. ബാല്യത്തിലെ മനക്ഷതങ്ങൾക്കുള്ള മരുന്നാണ് ഇതൊക്കെയെന്ന് ഞാൻ കരുതി.
പിന്നീട് ഞാനാറിഞ്ഞു ഞാൻ മാത്രമല്ല ഇതേ തൊഴിൽ ചെയ്യുന്ന അനേകർ അവിടങ്ങളിൽ ഉണ്ട്.. ചിലരൊക്കെ ഇപ്പോൾ എന്റെ സ്നേഹിതരാണ്.
എനിക്കിനി സ്വപ്നങ്ങളില്ല. എല്ലാവിധ സുഖങ്ങളും ഞാനനുഭവിച്ചു. ഇന്ന് എന്റെ ബ്ലഡ് ചെക്ക് ചെയ്തതിന്റെ റിസൾട്ട് വന്നു. എച് ഐ വി പോസിറ്റീവ് ആണ്.
ഇനി ഇതാർക്കും പങ്കു വെക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
പണം… ഇഷ്ടം പോലെയുണ്ട്. ഇനി അതെന്തിന് കൊള്ളാം.
മരുന്നില്ലാത്ത രോഗത്തിനു വേണ്ടി അതൊന്നും ചെലവാക്കേണ്ടതില്ല.
ഇനി എല്ലാ സുഖങ്ങളും മറന്നു ഞാൻ മരണത്തെ സ്നേഹിക്കുന്നു. ഇരുൾ വീഥികളിൽ മേയുവാൻ ഈ കുഞ്ഞാടിനിനി കഴിയില്ല.
കൂട്ടം പിരിഞ്ഞ കുഞ്ഞാടായ് മരണമെന്നെ മേയിക്കട്ടെ.