രചന : ജയരാജ് പുതുമഠം. ✍
പൂനിലാവേറ്റ് പുഷ്‌പ്പിച്ച
പൂ മുഖവുമായി
പുലരിയിൽ പുണർന്നെന്നെ
ഉണർത്തുന്ന വിഷുപ്പക്ഷീ,
പാടൂ…
കാലത്തിൻ നിയതമാം നാദങ്ങളിൽ
കുളിരണിയട്ടെ കൈരളീമാനസം
നിൻ ഗാനശകലങ്ങളേറ്റ്
പൂത്തുലയട്ടെ വിഷുസുമങ്ങൾ
അലങ്കാരപുഷ്പ്പങ്ങളണിഞ്ഞ് പാടൂ
ഹൃദയവാതായനങ്ങൾ-
തുറന്നൊരു പ്രണയഗാനം
അഹങ്കാരംവിട്ട് തുറന്നൊഴുകട്ടെ
ആലാപനഗായത്രി തൻ
സ്നേഹവർണ്ണ വൃഷ്ടികൾ
മിഴിവാളുകയാണ് പ്രകൃതി മെല്ലെ
എൻ അകക്കാമ്പിൽ
കൊളുത്തിവെച്ച നിറദീപംപോൽ
കാലിടറിയ ഇടങ്ങൾ
സാന്ത്വനദളങ്ങൾ ചിതറി തളിർക്കട്ടെ
അകത്തളങ്ങളിൽ പൂക്കാവടികൾ
വിരാമമില്ലാതെ ആട്ടം തുടരട്ടെ
മായികമാം നിൻ ഗാനസൗരഭ്യം
വീണലിയുമെൻ പ്രാണവീണയിൽ
ഊർവ്വരമായ രാഗ-ശ്രുതികൾക്ക്
മനസ്സിൻ താഴ്‌വരയിൽ
നിലാവിൻ വിസ്മയമണം
വീശിയൊഴുകാനാകട്ടെ
ഈ മേടമാസരാവുകളിൽ.
