രചന : എം പി ശ്രീകുമാർ✍
അമ്പലപ്പുഴയമ്പലത്തിലെ
ഇമ്പമാർന്ന ഗോപാലക
ചെമ്പകശ്ശേരി മന്നവൻ തനി-
ക്കിമ്പമേകിയ കേശവ
ചന്തമോടെന്നും ചിന്തയിൽ വന്നു
ചന്ദനഗന്ധമേകണെ.
നൊന്തുനീറുന്ന ബന്ധനങ്ങളിൽ
ബന്ധുവാകിയ മാധവ
നിറഞ്ഞ പീലികൾ നൃത്തമാടി
കാർമുടിക്കെട്ടിലങ്ങനെ
ചെഞ്ചൊടികളിൽ വേണുവും പിന്നെ
ചാരുചന്ദനഗോപിയും
ചെമ്മാനകാന്തി പോലവെ കവിൾ
കുങ്കുമശോഭ തൂകിയും
ഇന്ദ്രഗർവ്വ മുടച്ചകറ്റിയ
ഇന്ദ്രപുത്രന്റെ സാരഥേ
ഇന്ദ്രചാപം പോലെ മാറിലായ്
അഞ്ചിതവനമാലയും
അഞ്ജനവർണ്ണകാന്തിയങ്ങനെ
നെഞ്ചിലെന്നും വിളങ്ങണെ .
അമ്പലപ്പുഴയമ്പലത്തിലെ
ഇമ്പമാർന്ന ഗോപാലക
ചെമ്പകശ്ശേരി മന്നവൻ തനി-
ക്കിമ്പമേകിയ കേശവ .
