രചന : ബിന്ദു വിജയൻ, കടവല്ലൂർ✍
മഴയിപ്പോൾ ശരിക്കും ഒരു അനുരാഗിണിയാണ്❤️❤️,ഈ വേനൽചൂടിൽ, മഴക്കുളിരിനായി കാത്തിരിക്കുന്നു ധരിത്രി. മഴയൊരു ഭ്രാന്തിയാകും മുൻപ്, അവളെ ശാപവാക്കുകളാൽ പൊതിയും മുൻപ് ,കവിത എഴുതാം ലെ. എന്റെ മഴയോർമകളിൽ നിന്നും… 🥰🥰🥰
മുകിൽ നൂൽക്കും
മഴനൂലിൽ
കോർത്തതാം മുത്തുകൾ
അവനിക്കു ചാർത്തുന്നു വാനം.
കുളിർകോരിനിന്നവൾ
മിഴി കൂമ്പി നിന്നവൾ
പ്രണയത്തിൻ നിർവൃതി യോടെ..
കരിമുകിൽ കുഞ്ഞുങ്ങളോടിക്കളിക്കുന്ന
വാനത്തിലാഘോഷനാദം മുഴങ്ങുന്നു..
ചെറുകാറ്റ് തഴുകുമ്പോൾ
തരുശാഖിയിളകുന്നു
ഇലകളിൽനിന്നിറ്റുവീഴുന്നു നീർകണം.
വഴിയോര ചാലുകൾ പുഴകളായൊഴുകുന്നു.
വേലിക്കൽ ചെമ്പരത്തിപ്പൂ ചിരിക്കുന്നു.
പുൽനാമ്പുകൾ പുഞ്ചിരിക്കുന്ന വയലോരം
പച്ച പുതച്ചു നിൽക്കുന്നു.
ഇറയത്തു കടലാസ് തോണികൾ ഒഴുകുന്നു
ബാല്യങ്ങൾ കൈകൊട്ടി ആർപ്പു വിളിക്കുന്നു!
ഒഴുകിയകന്നന്നു കടലാസ് തോണികൾ..
ഒപ്പമെൻ ബാല്യവും പോയ് മറഞ്ഞു…
മഴയിന്നും പെയ്യുന്നു..
ഞാൻ നോക്കി നിൽക്കുന്നു
ബാല്യത്തിലെ മഴച്ചന്തമില്ല..
എന്റെബാല്യത്തിലെ മഴച്ചന്തമില്ല..