രചന : കലാകൃഷ്ണൻ പൂഞ്ഞാർ
.
പലവട്ടം ചോദിക്കെ എല്ലാവരും
ഇരിക്കയാണോ വെറുതേ വെറുതേ
പലവട്ടം ചോദിച്ചുപോയി ഞാനും
ഇരിക്കാനാമോ വെറുതേയെനിക്കീ
നിരന്തരസഞ്ചാര കല്പനകൾ
ചിന്തിച്ചെറിയുന്ന സ്വപ്നശകലം
പെറുക്കിയെടുക്കാൻ ചിലതടുക്കാൻ
പകൽക്കിനാവെൻ്റെ ജീവിതയാനം
ഇരുൾക്കിനാവിലും രാവുടനീളം
വൈശാഖചൈത്രങ്ങളെൻ്റെമനസ്സിൽ
സൂനസുഗന്ധങ്ങൾ പ്രാണകോശത്തിൽ
ആത്മഹർഷത്തിൻ ചുഴിമലരിയിൽ
ചുഴലുന്നുതാഴുന്നു പൊങ്ങുന്നു ഞാൻ
ഓരോനിമിഷവും ഞാനറിയാതെ
ഉഛ്വാസ നിശ്വാസ പ്രാണസംഗീതം
പറയൂ വെറുതേയിരിക്കയാണോ
വെറുതേയിരിക്കുവാനാമോയിനീം
ചൈത്രവൈശാഖമാനസമാമകം !!
